‘മെല്ലെപ്പോക്കി’ന് ശിക്ഷവിധിച്ച് സി.പി.എം. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 6, 2021

‘മെല്ലെപ്പോക്കി’ന് ശിക്ഷവിധിച്ച് സി.പി.എം.

തിരുവനന്തപുരം: വിഭാഗീയതയുടെ കനലെരിയുന്ന രാഷ്ട്രീയമാണ് ആലപ്പുഴയിലെ സി.പി.എമ്മിന്റേത്. അതിൽ ചിറകറ്റുപോയവരിൽ സി.ബി.സി. വാര്യരോളം വരുന്ന പ്രമുഖ നേതാക്കളുണ്ട്. മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദന് സംഭവിച്ച അത്രയും വലിയ കുതികാൽവെട്ടുകളുണ്ട്. പഴയ വിഭാഗീയതയ്ക്ക് രൂപമാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും പടലപ്പിണക്കത്തിൽ ‘പണി’ വാങ്ങിയവരുടെ പട്ടികയിലാണ് ഇപ്പോൾ ജി. സുധാകരനും.അമ്പലപ്പുഴയിലെ ജനസമ്മതി നിറഞ്ഞ ജനപ്രതിനിധിയായിരുന്നു ജി. സുധാകരൻ. അഴിമതി തൊട്ടുതീണ്ടാത്ത പൊതുപ്രവർത്തകനെന്ന് പേരെടുത്തപ്പോഴും പാർട്ടിക്കുള്ളിൽ ‘മാടമ്പി പരിവേഷം’ അദ്ദേഹത്തിനു ലഭിച്ചു. കൂസാത്ത പെരുമാറ്റവും കലഹപ്രിയനായ സഖാവായതുമാണ് കാരണം. അപ്പോഴും ഏറെക്കാലമായി ആലപ്പുഴയിലെ പാർട്ടിയിലെ വാക്കായിരുന്നു സുധാകരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി മാനദണ്ഡം പുതുക്കി രണ്ടുതവണ തുടർച്ചയായി ജയിച്ചവർക്ക് സീറ്റ് നൽകേണ്ടെന്നു തീരുമാനിച്ചതോടെയാണ് പുതിയ തർക്കങ്ങളുണ്ടായത്. അമ്പലപ്പുഴയിൽ തനിക്ക് പിൻഗാമിയായി വന്ന എച്ച്. സലാമിനെ വേണ്ടരീതിയിൽ സുധാകരൻ പിന്തുണച്ചില്ലെന്നതാണ് അദ്ദേഹത്തിനെതിരേ പാർട്ടി കണ്ടെത്തിയ കുറ്റം. തിരഞ്ഞെടുപ്പിൽ ഒരുഘട്ടത്തിലും നിഷ്‌ക്രിയനായിരുന്നില്ല അദ്ദേഹം. പക്ഷേ, ചട്ടപ്പടി പ്രവർത്തന രീതിയാണ് സ്വീകരിച്ചത്. ആത്മാർഥമായ പ്രവർത്തനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നില്ലാതിരുന്നത്, എതിർപക്ഷം ആയുധമാക്കിയെന്നതാണ് പാർട്ടി കമ്മിഷന്റെ കണ്ടെത്തൽ. തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന തോന്നലാണ് സുധാകരനെ അസ്വസ്ഥനാക്കിയത്. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ മാത്രം കമ്മിഷൻ അംഗങ്ങളായി നിശ്ചയിച്ചപ്പോഴേ സുധാകരനാണ് ഉന്നമെന്ന് വ്യക്തമായിരുന്നു. തിരഞ്ഞെടുപ്പിനുശേഷവും തന്റെ കലഹരീതി മാറ്റാൻ അദ്ദേഹം ശ്രമിക്കാതിരുന്നതും നടപടിക്ക് ആക്കംകൂട്ടി. രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ അദ്ദേഹം എത്തിയില്ല. ആയുർവേദ ചികിത്സയിലാണെന്നാണ് പറഞ്ഞുകേട്ടത്. തിരഞ്ഞെടുപ്പ് അവലോകനത്തിനു ചേർന്ന സംസ്ഥാന കമ്മിറ്റിയിലും പങ്കെടുത്തില്ല. അന്നും ചികിത്സയായിരുന്നു കാരണം. ഈ കമ്മിറ്റിയിലാണ് അന്വേഷണ കമ്മിഷനെ സി.പി.എം. നിയോഗിച്ചത്. കമ്മിഷനുമുമ്പിൽ കാര്യങ്ങൾ വിശദീകരിക്കാൻ സുധാകരൻ ശ്രമിച്ചിരുന്നു. അമ്പലപ്പുഴയിൽ മാത്രമായി വോട്ടുചോർന്നിട്ടില്ലെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷേ, എതിർപാളയത്തിൽ ആളുകളും ആരോപണങ്ങളും ഏറെയായിരുന്നു. ചിലതിനെല്ലാം കഴമ്പുണ്ടെന്ന് കമ്മിഷനും ബോധ്യമായി. കലഹം മതിയാക്കി പാർട്ടി സമ്മേളനങ്ങളിൽ സജീവമായി ഇടപെട്ടു തുടങ്ങിയപ്പോഴാണ് പാർട്ടി നടപടി വരുന്നത്. കമ്മിഷൻ പരിഗണിച്ച പരാതികൾ * എച്ച്. സലാമിനെതിരേ നടന്ന പോസ്റ്റർ പ്രചാരണമടക്കം വേണ്ടത്ര രീതിയിൽ പ്രതിരോധിക്കാൻ ജി. സുധാകരൻ തയ്യാറായില്ല. * തിരഞ്ഞെടുപ്പ് ചെലവിലേക്ക് പണം കണ്ടെത്താൻ സുധാകരൻ സഹായിച്ചില്ല. മന്ത്രിയും എം.എൽ.എ.യുമൊക്കെയായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ ജനബന്ധം രാഷ്ട്രീയമായി ഉപയോഗിക്കാൻ തയ്യാറായില്ല. * തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സക്രിയമാവുകയോ അദ്ദേഹത്തിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ വോട്ടുറപ്പാക്കാൻ മുന്നിട്ടിറങ്ങുകയോ ചെയ്തില്ല. * തിരഞ്ഞെടുപ്പ് കമ്മിറ്റിയുമായി സഹകരിച്ചുള്ള പ്രവർത്തനമായിരുന്നില്ല സുധാകരന്റേത്. സുധാകരൻ വിശദീകരിച്ചത് * തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബോധപൂർവം സക്രിയമാവാതിരുന്നിട്ടില്ല. പാർട്ടി ഏൽപ്പിച്ച കാര്യങ്ങളെല്ലാം നിർവഹിച്ചു. * അമ്പലപ്പുഴയിൽ മാത്രമായി വോട്ടുചോർന്നിട്ടില്ല. ആലപ്പുഴയിലെ അഞ്ച് മണ്ഡലങ്ങളിൽ 2016-നെക്കാൾ എൽ.ഡി.എഫിന് വോട്ടുകുറഞ്ഞു. അതിൽ കുറഞ്ഞ വോട്ടുകുറവുണ്ടായത് അമ്പലപ്പുഴയിലാണ്. * കൂടുതൽ വോട്ടുചോർച്ചയുണ്ടായത് മുമ്പ് തോമസ് ഐസക് മത്സരിച്ചിരുന്ന ആലപ്പുഴ മണ്ഡലത്തിലാണ്. ഇവിടെ 9799 വോട്ടുകുറഞ്ഞു. അമ്പലപ്പുഴയിൽ 2659 വോട്ടിന്റെ കുറവാണുണ്ടായത്. * തന്നെ മോശക്കാരനായി ചിത്രീകരിക്കാൻ ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. തനിക്കെതിരേ പോലീസിൽ നൽകിയ പരാതിപോലും ഇതിന്റെ ഭാഗമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3mQfiJm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages