തിരുവനന്തപുരം: പാലക്കാട് പട്ടാമ്പിയിലെ പഴയ തറവാട്ടിൽനിന്നു കിട്ടിയ ഊന്നുവടി മോശയുടെ അംശവടിയായി മാറിയതുൾപ്പെടെയുള്ള ‘അദ്ഭുത പ്രവൃർത്തി’കളുടെ കഥകേട്ട് അമ്പരന്ന് മോൻസൺ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം. മോൻസണെതിരേ പുതിയ പരാതിയുമായി രംഗത്തെത്തിയ തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് സ്വദേശി സന്തോഷാണ് താൻ കൈമാറിയ പലവസ്തുക്കളും മോൻസൺ ചരിത്രാതീതകാലത്തെ അപൂർവ ശേഖരമാക്കി മാറ്റിയ തട്ടിപ്പ് വെളിപ്പെടുത്തിയത്.പുരാവസ്തു വ്യാപാരിയായ സന്തോഷ് സിനിമാ ചിത്രീകരണത്തിന് വാടകയ്ക്കു നൽകാൻ ശേഖരിച്ച വസ്തുക്കളിൽ പലതുമാണ് മോൻസൺ തട്ടിപ്പിന് ഉപയോഗിച്ചത്. തന്റെ പക്കൽനിന്ന് ശില്പങ്ങളടക്കം വാങ്ങിയ ശേഷം മോൻസൺ മൂന്നുകോടി രൂപ നൽകാതെ വഞ്ചിച്ചെന്ന സന്തോഷിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ചിൻറെ അന്വേഷണം.മോശയുടെ അംശവടിയായി മാറിയ തടിയിൽ തീർത്ത ശില്പഭംഗിയുള്ള ഊന്നുവടിക്ക് 50 വർഷംമാത്രമാണ് പഴക്കം. തൃശ്ശൂരിലെ എയ്യാൽ, വള്ളുവള്ളി എന്നീ സ്ഥലങ്ങളിൽനിന്ന് ഖനനത്തിലൂടെ 1940-കളിൽ കണ്ടെടുത്ത റോമൻ നാണയങ്ങളിൽ ചിലതാണ് മോൻസന്റെ വാക്ചാതുരിയിൽ യൂദാസിന്റെ വെള്ളിനാണയമായി മാറിയത്. ഇവയും സന്തോഷിന്റെ ശേഖരത്തിൽനിന്ന് മോൻസൺ വാങ്ങിയതാണ്.പാലക്കാട്ടെ പഴയ വീട്ടിൽനിന്ന് ലഭിച്ച മരത്തിൽ തീർത്ത ഉറിയാണ് ശ്രീകൃഷ്ണന്റെ വെണ്ണക്കുടമാക്കി മോൻസൺ മാറ്റിയത്. റസൂലിന്റെ ഒലീവെണ്ണ വിളക്കായി അവതരിപ്പിച്ച് പലരെയും കബളിപ്പിച്ചത് ജൂതത്തെരുവിൽനിന്ന് ലഭിച്ച 50 വർഷത്തിനു താഴെ മാത്രം പഴക്കമുള്ള എണ്ണവിളക്കായിരുന്നു. പഴയ ചെമ്പോല തൃശ്ശൂർ കൊക്കാലെ സ്വദേശിയായ ഗോപാൽ എന്നയാളിൽനിന്ന് 2017-ൽ പണംകൊടുത്തു വാങ്ങിയതാണെന്നും സന്തോഷ് അവകാശപ്പെട്ടു. പഴയ മലയാളം ലിപിയിൽ എഴുത്തുള്ള ഈ ചെമ്പോലയാണ് ശബരിമല ആചാരം സംബന്ധിച്ച പന്തളം രാജാവിന്റെ തിട്ടൂരമായി തെറ്റിദ്ധരിപ്പിച്ചത്.‘എന്ന് നിന്റെ മൊയ്തീൻ’, ‘കായംകുളം കൊച്ചുണ്ണി’ തുടങ്ങി പല സനിമകളിലും ഉപയോഗിച്ച ‘പുരാവസ്തു’ക്കളാണ് സന്തോഷിൽനിന്ന് മോൻസൺ വാങ്ങിയത്. നാണയ, കറൻസി ശേഖരണം നടത്തുന്ന തന്നെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ കണ്ട് യു.എ.ഇ. കേന്ദ്രമായുള്ള സ്വകാര്യ മ്യൂസിയം അധികൃതർ ബന്ധപ്പെട്ടതോടെയാണ് ഈ മേഖലയുടെ സാധ്യതകൾ തിരിച്ചറിഞ്ഞതെന്ന് സന്തോഷ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരം വസ്തുക്കൾ ശേഖരിച്ചു. ഇതിനായി കടംവാങ്ങിയ പണം തിരികെ കൊടുക്കാനാകാതെ ഒളിവിൽപ്പോവേണ്ടിവന്നു. ഈ ഘട്ടത്തിൽ സഹായിക്കാമെന്ന് ഉറപ്പുതന്നാണ് മോൻസൺ ഇവയെല്ലാം കൈക്കലാക്കിയതെന്നും സന്തോഷ് പറഞ്ഞു. 30 ലക്ഷം രൂപയും മൂന്നുകോടിയുടെ പുരാശേഖരവും വാങ്ങിയശേഷം കബളിപ്പിച്ചതായാണ് സന്തോഷിന്റെ പരാതി.
from mathrubhumi.latestnews.rssfeed https://ift.tt/3lbZK1z
via
IFTTT
No comments:
Post a Comment