കോഴിക്കോട് : കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ രൂപകല്പനയിൽത്തന്നെയാണ് ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നതെന്ന് ഐ.ഐ.ടി. റിപ്പോർട്ട്. 18 കമ്പി വേണ്ടിടത്ത് പന്ത്രണ്ടും പതിനഞ്ചും കമ്പികൾ ഉപയോഗിക്കാനാണ് രൂപകല്പനയിൽ നിർദേശിച്ചത്. ചതുപ്പുനിലത്ത് കെട്ടിടം പണിയുന്നതിന്റെ മുൻകരുതലുകൾ എടുക്കുന്നതിലും വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് ഗതാഗതവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. ഐ.ഐ.ടി. റിപ്പോർട്ട് ഉടൻതന്നെ വിജിലൻസ് അന്വേഷണസംഘത്തിന് കൈമാറുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. “കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തുതന്നെ നിർമാണത്തിലെ അപാകത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നു. ഐ.ഐ.ടി. റിപ്പോർട്ട് കൂടെയുള്ളതുകൊണ്ട് അന്വേഷണത്തിന് കൂടുതൽ ഗൗരവമുണ്ടാവും. ഇതോടൊപ്പം ബസ് ടെർമിനലുകളുടെ നിർമാണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ധനകാര്യ ഇൻസ്പെക്‌ഷൻ വിഭാഗത്തിന്റെ റിപ്പോർട്ട് കൂടി ലഭിച്ചാൽ ഉത്തരവാദികൾക്കെതിരേ നടപടിയുണ്ടാവും. റിപ്പോർട്ട് അവർ ഗതാഗതവകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. പരിശോധനാവിഭാഗം നടപടിക്ക് ശുപാർശ ചെയ്ത കെ.എസ്.ആർ.ടി.സി. ചീഫ് എൻജിനിയറായിരുന്ന ആർ. ഇന്ദുവിന്റെ കാലത്താണ് കോഴിക്കോട്ടെ ടെർമിനലിന്റെ നിർമാണം നടന്നത്” -മന്ത്രി പറഞ്ഞു. കെട്ടിടം നിലവിൽ അപകടകരമായ അവസ്ഥയിലൊന്നുമല്ല. ബലപ്പെടുത്തണം എന്നുമാത്രമാണ് മദ്രാസ് ഐ.ഐ.ടി. സംഘം നിർദേശിച്ചത്. അവർ നിർദേശിക്കുന്ന പാനലിൽ നിന്നുള്ള കമ്പനികളെ മാത്രമേ ബലപ്പെടുത്തൽ ജോലിയേൽപ്പിക്കുകയുള്ളു. 2009-ലാണ് മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പൊളിച്ച് ടെർമിനൽ നിർമാണം ആരംഭിക്കുന്നത്. ഈ ബസ് സ്റ്റാൻഡ് നിർമാണം മുഴുവൻ നടന്നത് യു.ഡി.എഫ്. കാലത്താണ്. 2009 മാർച്ച് മുതൽ 2011 സെപ്‌റ്റംബർവരെ കെ.ടി.ഡി.എഫ്.സി. ചെയർമാൻ സെൻകുമാർ ആയിരുന്നു. 104 ബസുകൾ നിർത്തിയിട്ടിരുന്ന സ്ഥലം 40 ബസുകൾക്ക് മാത്രമായി ചുരുങ്ങിയെന്ന് കെ.എസ്.ആർ.ടി.സി.യുടെ കോഴിക്കോട്ടെ ഉദ്യോസ്ഥർ തന്നെ പരാതിപ്പെട്ടപ്പോൾ അന്നത്തെ ഗതാഗതമന്ത്രി വി.എസ്. ശിവകുമാർ പരിശോധന നടത്തിയെങ്കിലും തുടർനടപടിയൊന്നും ഉണ്ടായില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3BuVwrF
via
IFTTT
No comments:
Post a Comment