സുൽത്താൻബത്തേരി: ഗവ. താലൂക്ക് ആശുപത്രിയിലെ കോവിഡ് വാർഡിൽ വനിതാജീവനക്കാരോട് മോശമായി പെരുമാറിയ താത്കാലിക ജീവനക്കാരനെ ജോലിയിൽനിന്ന് മാറ്റിനിർത്തി. കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്ത്, ആശുപത്രിയിൽ താത്കാലികമായി നഴ്സിങ് അസിസ്റ്റന്റായി ജോലിചെയ്തുവരികയായിരുന്ന കല്ലുവയൽ അമ്മൻകുളം നൗഷാദിനെയാണ് വനിതാജീവനക്കാരുടെ പരാതിയിൽ ആശുപത്രി സൂപ്രണ്ട് ജോലിയിൽനിന്ന് മാറ്റിനിർത്തിയത്. ആദ്യം ഒരു ജീവനക്കാരിയാണ് പരാതിയുമായി വന്നത്. ഇതിന് പിന്നാലെയാണ് സമാനമായ ദുരനുഭവം തങ്ങൾക്കും നേരിടേണ്ടിവന്നതായി കാണിച്ച്, വനിതാ ജീവനക്കാർ കൂട്ടത്തോടെ പരാതിനൽകിയത്. നൗഷാദ് വനിതാ ജീവനക്കാരോട് മോശമായി സംസാരിക്കുകയും സ്പർശിക്കുകയും ചെയ്യുകയാണെന്നാണ് പരാതിയുടെ ഉള്ളടക്കം. കഴിഞ്ഞ ആഴ്ചയാണ് ഇതുസംബന്ധിച്ച് സൂപ്രണ്ടിന് പരാതി ലഭിച്ചത്. ഇതിന് പിന്നാലെ നൗഷാദിനെ ജോലിയിൽനിന്ന് താത്കാലികമായി മാറ്റിനിർത്തുകയായിരുന്നു. ഭരണകക്ഷിയിലെ ഒരു യുവജനസംഘടനയുടെ പ്രവർത്തകനായ നൗഷാദിന്റെ പേരിലുള്ളപരാതി ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. പരാതി പോലീസിന് കൈമാറാൻ താത്പര്യമില്ലെന്നാണ് പരാതിക്കാർ താത്പര്യമറിയിച്ചതെന്നും എത്രയുംപെട്ടന്ന് ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി ചേർന്ന് പരാതിക്കാരുടെ മൊഴിയെടുത്ത് തുടർനടപടി സ്വീകരിക്കുമെന്നും ആശുപത്രിസൂപ്രണ്ട് ഡോ. എസ്. സേതുലക്ഷ്മി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3aexVQ1
via
IFTTT
No comments:
Post a Comment