കുഞ്ഞിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന അനുപമയും ഭർത്താവ് അജിത്തും | ഫോട്ടോ: ബിജു വർഗീസ് തിരുവനന്തപുരം: പിറന്ന് മൂന്നാംനാൾ അമ്മയിൽനിന്ന് കുഞ്ഞിനെ മാറ്റി നാടുകടത്തിയ സംഭവത്തിൽ മുഖംരക്ഷിക്കാൻ 'പിന്തുണ പ്രഖ്യാപിക്കൽ' നടത്തി സി.പി.എം. തലയൂരുന്നു. ഇതിൽ രാഷ്ട്രീയമില്ലെന്നും പാർട്ടിക്ക് ബന്ധമില്ലെന്നും അനുപമയ്ക്കൊപ്പമാണ് പാർട്ടിയെന്നുമാണ് സംസ്ഥാനസെക്രട്ടറി എ. വിജയരാഘവൻ പ്രഖ്യാപിച്ചത്. കുഞ്ഞിനെ അമ്മയിൽനിന്ന് കൊണ്ടുപോകുന്നത് സി.പി.എം. ഏരിയാ കമ്മിറ്റി അംഗമാണ്. സ്വീകരിച്ച ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ പാർട്ടി ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. കുഞ്ഞിനെ കേരളത്തിന് പുറത്തുള്ളവർക്ക് ദത്തുനൽകാൻ അനുമതിനൽകിയ ചൈൽഡ് വെൽഫയർ കമ്മിറ്റി അധ്യക്ഷ എൻ. സുനന്ദ 2010-ൽ തിരുവനന്തപുരം കോർപ്പറേഷനിൽ സി.പി.എമ്മിന്റെ സ്ഥാനാർഥിയായിരുന്നു. കുഞ്ഞിനെ തേടിനടന്ന അനുപമ ആദ്യം സംസാരിക്കുന്നത് സുന്ദയുമായാണ്. പാർട്ടി സഹായംതേടി അനുപമ ആദ്യം സമീപിക്കുന്നത് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെയാണ്. പരാതിനൽകിയവരിൽ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ടും കോടിയേരി ബാലകൃഷ്ണനുമുണ്ട്. മറ്റൊരു പി.ബി. അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് സർക്കാരിന്റെ സഹായം തേടി പരാതിനൽകി. അനുപമയെ സഹായിക്കാൻ ഇടപെട്ട് 'എനിക്ക് അതിന് കഴിഞ്ഞില്ലെന്ന' കുറ്റസമ്മതത്തോടെ പരാജയപ്പെട്ട് പിന്മാറിയത് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമായ പി.കെ. ശ്രീമതിയാണ്. എന്നാൽ, ആറുമാസമായിട്ടും കുഞ്ഞിനെ കിട്ടിയില്ല. അനുപമയും ഭർത്താവും പാർട്ടിയോടുപോലും കലഹിച്ച് പൊതുനിരത്തിലിറങ്ങിയതും മാധ്യമങ്ങളിൽ വലിയ വാർത്തയായതുമാണ് സി.പി.എം. പ്രത്യക്ഷനിലപാട് പ്രഖ്യാപിക്കാൻ ഇടയാക്കിയത്. ഇതിൽ മറുപക്ഷത്തായാലുള്ള ആഘാതം ഏറെ അറിയാവുന്നതുകൊണ്ടാണ് പി.കെ. ശ്രീമതിയും വൃന്ദ കാരാട്ടും അനുപമയ്ക്കൊപ്പമാണെന്ന് പരസ്യപ്രഖ്യാപനം നടത്തിയത്. വൈകിയാണെങ്കിലും മന്ത്രി വീണാ ജോർജിന് ഇടപെടേണ്ടിവന്നതും ഇതുകൊണ്ടാണ്. ഈ പ്രശ്നം രാഷ്ട്രീയമായി സി.പി.എമ്മിലേക്ക് എത്താതിരിക്കാനുള്ള കരുതലാണ് നേതാക്കൾ ഇപ്പോൾ നടത്തുന്നത്. നിയമപരമായി പരിഹരിക്കേണ്ട പ്രശ്നമാണിതെന്ന് എ. വിജയരാഘവൻ പറഞ്ഞതിന്റെ അർഥവും അതാണ്. ഇത് നിയമലംഘനത്തിന്റെ നാൾവഴി തിരുവനന്തപുരം: എസ്.എഫ്.ഐ. മുൻ നേതാവ് അനുപമ പ്രസവിക്കുന്നതിന് മുമ്പുതന്നെ കുഞ്ഞിനെ ഉപേക്ഷിക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. തുടർന്ന് കുഞ്ഞിനെ നാടുകടത്തുന്നതുവരെ പോലീസ്, ശിശുക്ഷേമ സമിതി, ചൈൽഡ് വെൽഫെയർ സൊസൈറ്റി എന്നിവ കൈകോർത്തുകൊണ്ടുള്ള നീതിനിഷേധവും നിയമലംഘനവുമാണ് നടന്നത്. സി.പി.എം. നേതാക്കൾക്കും മുഖ്യമന്ത്രിക്കുംവരെ നൽകിയ പരാതികൾ അനുപമയുടെ അച്ഛനും സി.പി.എം. പ്രാദേശിക നേതാവുമായ ജയചന്ദ്രനെ സഹായിക്കാനായി അവഗണിക്കപ്പെട്ടു. പി.ബി.അംഗം വൃന്ദാകാരാട്ട് മാത്രമാണ് കുഞ്ഞിനെ അമ്മയ്ക്ക് നൽകണമെന്നാവശ്യപ്പെട്ട് ഇടപെട്ടത്. ശിശുക്ഷേമസമിതി 2020 ഒക്ടോബറിൽ അനുപമ പ്രസവിക്കുന്നതിന് കുറച്ചുദിവസം മുമ്പേതന്നെ അച്ഛൻ പി. എസ്. ജയചന്ദ്രന്റെ നേതൃത്വത്തിൽ മുദ്രപ്പത്രത്തിൽ നിർബന്ധിച്ച് ഒപ്പിട്ടുവാങ്ങി. ഇതിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് അനുപമയ്ക്ക് അറിയില്ലായിരുന്നു. വളർത്താനാവാത്തതിനാൽ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകുന്നുവെന്നായിരുന്നു ഉള്ളടക്കമെന്ന് പിന്നീട് മനസ്സിലായി. ജനിച്ച് മൂന്നാംദിവസം (ഒക്ടോബർ 22) കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറി. ജനറൽസെക്രട്ടറി ഷിജുഖാൻ ഉൾപ്പെടെയുള്ളവരോട് നേരത്തേ സംസാരിച്ചതിനാൽ രാത്രി 12.30-ഓടെ നഴ്സ് എത്തിയാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയതെന്നാണ് വിവരം. കുഞ്ഞിനെ ശിശുക്ഷേമസമിതിയിൽ നൽകിയത് ഷിജുഖാന് അറിയാമെന്ന് സി.പി.എം. ജില്ലാനേതൃത്വം സ്ഥിരീകരിച്ചിരുന്നു. അമ്മത്തൊട്ടിലിൽ ലഭിച്ചെന്നാണ് സമിതിയിലെ രേഖകളിലുള്ളത്. ലഭിച്ചത് ആൺകുഞ്ഞാണെങ്കിലും പെൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചെന്നും മലാല എന്ന പേരിട്ടെന്നുമായിരുന്നു സമിതിയുടെ അടുത്ത ദിവസത്തെ പത്രക്കുറിപ്പ്. തൈക്കാട് ആശുപത്രിയിലെയും ശിശുക്ഷേമസമിതിയിലെയും രേഖകളിൽ പെൺകുഞ്ഞെന്നാണ് രേഖപ്പെടുത്തിയിരുന്നത്. കുഞ്ഞിന്റെ ലിംഗമാറ്റം വിവാദമായതോടെ തിരുത്തി സിദ്ധാർഥൻ എന്ന് പേരിട്ടു. രണ്ട് നഴ്സുമാരെ സസ്പെൻഡ് ചെയ്തു. രജിസ്റ്ററിൽ രേഖപ്പെടുത്തിയപ്പോഴുള്ള തെറ്റെന്ന് വിശദീകരണം. എന്നാൽ, മറ്റ് നടപടികളൊന്നുമുണ്ടാവാതെ ഇവരെ പെട്ടെന്ന് തിരിച്ചെടുത്തു. തൈക്കാട് ആശുപത്രിയിലെ രേഖകളും തിരുത്തി. കുഞ്ഞിനെ അന്വേഷിച്ച് സ്വന്തം മാതാപിതാക്കൾ നടക്കുകയാണെന്നറിഞ്ഞിട്ടും ദത്തുനൽകാൻ പോവുകയാണെന്നുകാട്ടി നവംബർ നാലിന് പത്ര പരസ്യം നൽകി. ജൂലായിൽ ദത്ത് നൽകാനായി സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ വൈബ്സൈറ്റിൽ കുഞ്ഞിന്റെ വിവരങ്ങൾ ചേർക്കുന്നു. ദത്തുനൽകൽ കമ്മിറ്റിയിൽ ഷിജുഖാനും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ സുനന്ദയും അംഗങ്ങളായിരുന്നു. മാതാപിതാക്കളുടെ പരാതികൾ മറച്ചുവെച്ച് ഓഗസ്റ്റ് ഏഴിന് കുഞ്ഞിനെ ആന്ധ്രാസ്വദേശികൾക്ക് ദത്ത് നൽകുന്നു. ഇതിന് രണ്ടു ദിവസത്തിനുശേഷമാണ് കുഞ്ഞിനെ നൽകിയത് ശിശുക്ഷേമ സമിതിയിലാണെന്ന് പോലീസ് അമ്മയെ അറിയിക്കുന്നത്. ഓഗസ്റ്റ് 11-ന് കുഞ്ഞിനെ അന്വേഷിച്ച് അനുപമ സി.ഡബ്ല്യു.സി.യിലും ശിശുക്ഷേമ സമിതിയിലും എത്തി. ഡി.എൻ.എ. പരിശോധന ആവശ്യപ്പെടുന്നു. മറ്റൊരു കുഞ്ഞിന്റെ ഡി.എൻ.എ. പരിശോധന സെപ്റ്റംബർ 30-ന് നടത്തുന്നു. ഒക്ടോബർ ഏഴിന് കുഞ്ഞ് അനുപമയുടേതല്ലെന്ന് ഫലം വരുന്നു. ഒക്ടോബർ 13-ന് കുഞ്ഞിന്റെ ദത്ത് നടപടികൾ പൂർത്തിയാക്കാനായി തിരുവനന്തപുരം കുടുംബ കോടതിയിൽ ഷിജുഖാൻ സത്യവാങ്മൂലം നൽകുന്നു. കുഞ്ഞിന്റെ രക്ഷിതാക്കൾ ഡി.എൻ.എ. പരിശോധനയ്ക്ക് കാത്തുനിൽക്കുന്നതുപോലും മറച്ചുവെച്ചുകൊണ്ടാണ് സത്യവാങ്മൂലം നൽകിയത്. ദത്തുകേന്ദ്രത്തിൽ ഉണ്ടായിരുന്ന കുട്ടികളുടെ സീനിയോറിറ്റി മറികടന്ന് അനുപമയുടെ കുഞ്ഞിനെ ദത്തുനൽകി. പോലീസ് കുഞ്ഞിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പേരൂർക്കട പോലീസിൽ ഏപ്രിൽ 19-ന് രക്ഷിതാക്കൾ പരാതി നൽകി. എന്നാൽ, ദിവസങ്ങളോളം അനുപമയെയും അജിത്തിനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയതല്ലാതെ കേസെടുത്തില്ല. കുഞ്ഞിനെ കൊണ്ടുപോയ ജയചന്ദ്രനെ വിളിച്ചുവരുത്തി വിവരങ്ങൾ തേടിയതുമില്ല. ഏപ്രിൽ 29-ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകി. ഒപ്പം വൃന്ദാകാരാട്ട് ഉൾപ്പെടെയുള്ള സി.പി.എം. നേതാക്കൾക്കും പരാതി നൽകി. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെയും ബന്ധപ്പെട്ടു. മേയിൽ പേരൂർക്കട പോലീസ് അനുപമയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസെടുത്തില്ല. അനുപമയുടെ സമ്മതത്തോടെ നിയമപരമായി നൽകിയ കുഞ്ഞിന്റെ കാര്യത്തിൽ പാർട്ടിക്കൊന്നും ചെയ്യാനില്ലെന്ന് സി.പി.എം. തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. വൃന്ദാകാരാട്ട് പി.കെ. ശ്രീമതിയോട് ഇടപെടാൻ നിർദേശിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. കുഞ്ഞ് ദത്തുപോയതിന് ശേഷം ഓഗസ്റ്റ് 10-ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ കുഞ്ഞിനെ അനുപമയുടെ മതാപിതാക്കൾ ശിശുക്ഷേമ സമിതിയിൽ നൽകിയകാര്യം അറിയിക്കുന്നു. മാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്തുവരുകയും വിവാദമാവുകയും ചെയ്തതോടെ പരാതി ലഭിച്ച് ഏഴുമാസത്തിനുശേഷം ഒക്ടോബർ 19-ന് പേരൂർക്കട പോലീസ് അനുപമയുടെ രക്ഷിതാക്കൾക്കെതിരേ കേസെടുക്കുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏപ്രിലിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും കുഞ്ഞിന്റെ രക്ഷിതാക്കൾ പരാതി നൽകി. കോവിഡായതിനാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ എൻ. സുനന്ദ വീഡിയോ കോൺഫറൻസിലൂടെ 16 മിനിറ്റോളം അനുപമയുമായി സംസാരിച്ചു. പക്ഷേ, ഒരു സഹായവും ചെയ്തില്ല. ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനെ തേടാനോ, ഡി.എൻ.എ. പരിശോധന അടക്കമുള്ള തുടർ നടപടികൾക്കോ തയ്യാറായില്ല. പരാതി മുന്നിലുള്ളപ്പോൾ തന്നെ കുഞ്ഞിനെ ദത്തുനൽകാനുള്ള തീരുമാനങ്ങളെടുത്തതിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പങ്കുണ്ട്. ഒക്ടോബറിൽ സംഭവം വിവാദമായപ്പോൾ രേഖാമൂലം പരാതി കിട്ടിയില്ലെന്നായിരുന്നു സി.ഡബ്ല്യു.സി. അധ്യക്ഷയുടെ വാദം. content highlights:child missing case: cpm supports anupama
from mathrubhumi.latestnews.rssfeed https://ift.tt/3b5Q3w0
via
IFTTT
No comments:
Post a Comment