കൊച്ചി: പരാതി നൽകാനെത്തിയ ആളെ വിലങ്ങുവെച്ച് കൈവരിയിൽ കെട്ടിനിർത്തിയത് ചിന്തിക്കാൻപോലും കഴിയാത്ത കാടത്തമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. തെന്മല സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ഉറുകുന്ന് ഇന്ദിരാ നഗറിൽ രജനിവിലാസത്തിൽ രാജീവിനുണ്ടായ ദുരനുഭവമാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിനു കാരണമായത്. പരാതിയുടെ രസീത് ചോദിച്ചതിനായിരുന്നു അതിക്രമം. സംഭവത്തിൽ ആരോപണവിധേയരായ ഇൻസ്പെക്ടർ വിശ്വംഭരനും കൂട്ടുനിന്ന എസ്.ഐ. ശാലുവും സർവീസിൽ തുടരുന്നത് ഞെട്ടിപ്പിക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു. ആരോപണം സ്ഥിരീകരിച്ച് കൊല്ലം ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. ജില്ലാ പോലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് രാജീവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ബന്ധു ഫോണിലൂടെ അസഭ്യം പറഞ്ഞതിൽ പരാതി നൽകാനാണ് ഫെബ്രുവരി മൂന്നിന് രാജീവ് സ്റ്റേഷനിലെത്തിയത്. ആദ്യം ചൂരൽകൊണ്ട് അടിച്ച സി.ഐ. പരാതിയുടെ രസീത് ചോദിച്ചതിന്റെ പേരിൽ വിലങ്ങണിയിച്ച് തടഞ്ഞുവെക്കുകയും ചെകിടത്ത് അടിക്കുകയും ചെയ്തതായി ഹർജിയിൽ പറയുന്നു. അമ്മയെയും സഹോദരനെയും വിളിച്ചുവരുത്തിയാണ് വിട്ടയച്ചത്. അടുത്തദിവസം ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നു പറഞ്ഞ് എസ്.ഐ. ശാലു കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് ഡിവൈ.എസ്.പി. അന്വേഷണം നടത്തിയത്. മേയ് 25-ന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാത്തത് പോലീസ് സംവിധാനത്തിന്റെ തകർച്ചയാണ് സൂചിപ്പിക്കുന്നതെന്ന് കോടതി വിമർശിച്ചു. ഡിവൈ.എസ്.പി.യുടെ റിപ്പോർട്ടിൽ സ്വീകരിച്ച നടപടി അറിയിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് കോടതി നിർദേശിച്ചു. പിന്നാക്ക വിഭാഗത്തിൽപ്പെട്ടതിനാലാണ് തനിക്കെതിരേ അതിക്രമം ഉണ്ടായതെന്നാണ് ഹർജിക്കാരൻ പറയുന്നത്. അത്തരത്തിലുള്ളവർക്ക് നിയമസംവിധാനത്തിന്റ പൂർണപിന്തുണ ലഭിക്കണമെന്നും ഇക്കാര്യം മനസ്സിൽ വെച്ചായിരിക്കണം പോലീസ് മേധാവി നടപടി സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. 22-ന് ഹർജി വീണ്ടും പരിഗണിക്കും. ആരോപണം സാധൂകരിച്ച് ഡിവൈ.എസ്.പി.യുടെ റിപ്പോർട്ട് കൊല്ലം:തെന്മല പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ രാജീവിനു നേരിടേണ്ടിവന്ന ദാരുണ അനുഭവങ്ങളെ സാധൂകരിച്ച് ഡിവൈ.എസ്.പി. എസ്.എം. സാഹിറിന്റെ അന്വേഷണ റിപ്പോർട്ട്. മേയ് 25-നാണ് ജില്ലാ പോലീസ് മേധാവിക്കു റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ ആരോപണവിധേയരായ പോലീസുകാർ സർവീസിൽ തുടരുന്നതിനെ ഹൈക്കോടതി തിങ്കളാഴ്ച രൂക്ഷമായി വിമർശിച്ചു. പരാതിക്കു പരിഹാരമുണ്ടാക്കാതെ സി.ഐ. വിശ്വംഭരൻ രാജീവിനെ അടിച്ച് വിലങ്ങണിയിച്ച് കൈവരിയിൽ കെട്ടിയിടുകയും കേസുകൾ കെട്ടിച്ചമയ്ക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. എസ്.ഐ. ശാലു ഇതിന് കൂട്ടുനിന്നു. പരാതിക്കു രസീത് നൽകുകയെന്ന നടപടിക്രമം പാലിച്ചില്ല. രസീത് ആവശ്യപ്പെട്ടതാണു സി.ഐ.യെ പ്രകോപിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. രാജീവ് സ്റ്റേഷനിൽ ബഹളംവെച്ചെന്ന് ഉദ്യോഗസ്ഥർ പറയുന്നതിനു തെളിവില്ല. പരാതിക്കാരനെതിരേ കേസെടുത്ത് അറസ്റ്റുചെയ്ത് വിലങ്ങുവെച്ച് കൈവരിയിൽ കെട്ടിനിർത്തിയിട്ടും വീണ്ടും ഒരു കേസ് കൂടി എടുത്തു. എന്നാൽ, ഈ കേസിനു ബലം നൽകുന്ന സി.സി.ടി.വി. ദൃശ്യങ്ങളോ സാക്ഷിമൊഴിയോ ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3uDY6cc
via
IFTTT
No comments:
Post a Comment