രാഹുൽ ദ്രാവിഡ് ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോൾ അത് ഒരു തലമുറമാറ്റത്തിന്റെ തുടക്കംകൂടിയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യൻ കോച്ചാകാൻ താത്പര്യമില്ലെന്നായിരുന്നു അടുത്തകാലംവരെ ദ്രാവിഡിന്റെ നിലപാട്. വെള്ളിയാഴ്ച ഐ.പി.എൽ. ഫൈനലിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ്ഷായും നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ദേശീയ ടീമിന്റെ പരിശീലകനാകാൻ ദ്രാവിഡ് സമ്മതം മൂളിയത്. കളിച്ച കാലം മുഴുവൻ ഇന്ത്യൻ ക്രിക്കറ്റിലെ വിശ്വസ്തനായ വൻമതിലായും മാന്യതയുടെ പര്യായമായും അറിയപ്പെട്ട ദ്രാവിഡ് എല്ലാവരുടെയും ആദരം പിടിച്ചുപറ്റി. അന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ച സൗരവ് ഗാംഗുലി ഇന്ന് ബി.സി.സി.ഐ. അധ്യക്ഷനാണ്. ഗാംഗുലിയുടെ സ്നേഹപൂർണമായ നിർബന്ധം ദ്രാവിഡിന് പൂർണമായും തിരസ്കരിക്കാനാകില്ല. 2012-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം ഇന്ത്യ അണ്ടർ-19 ടീമിന്റെ കോച്ചായിരുന്നു ദ്രാവിഡ്. 2016 അണ്ടർ-19 ലോകകപ്പിൽ ഫൈനലിൽ എത്തുകയും 2018-ൽ കിരീടം നേടുകയും ചെയ്തു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ.) ഡയറക്ടറായി പ്രവർത്തിക്കുകയാണിപ്പോൾ. ഇന്ത്യൻതാരങ്ങളായ ഋഷഭ് പന്ത്, പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ, ഹനുമ വിഹാരി തുടങ്ങിയവർ ജൂനിയർ ടീമിൽ ദ്രാവിഡിന്റെ കളരിയിലൂടെ വളർന്നുവന്നവരാണ്. യശസ്വി ജയ്സ്വാൾ, ആവേശ് ഖാൻ, രവി ബിഷ്ണോയ് തുങ്ങിയ മറ്റൊരുസംഘം സീനിയർ ടീമിലെത്താൻ അവസരം കാത്തുകിടക്കുന്നു. അടുത്ത ട്വന്റി-20 ക്യാപ്റ്റൻ ആകുമെന്ന് കരുതുന്ന രോഹിത് ശർമയ്ക്ക് 34 വയസ്സും നിലവിലെ ക്യാപ്റ്റൻ വിരാട് കോലിക്ക് 32 വയസ്സുമായി. മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ് തുടങ്ങിയവർക്കും 30 വയസ്സ് കഴിഞ്ഞു. 2023 ലോകകപ്പിനുശേഷം ടീമിൽ വലിയമാറ്റങ്ങൾ വേണ്ടിവരും. അഞ്ചുവർഷത്തോളം ജൂനിയർടീമിനെ പരിശീലിപ്പിച്ച ദ്രാവിഡിന് ഇന്ത്യയുടെ ടാലന്റ് പൂളിനെപ്പറ്റി വ്യക്തമായി അറിയാം. സൗരവ് ഗാംഗുലി, സച്ചിൻ തെണ്ടുൽക്കർ, വി.വി.എസ്. ലക്ഷ്മൺ എന്നിവരടങ്ങിയ ഉപദേശകസമിതിയാണ് നേരത്തെ അനിൽ കുംബ്ലെയെ കോച്ചായി തിരഞ്ഞെടുത്തത്. ആ പരീക്ഷണം പക്ഷേ പാളിപ്പോവുകയായിരുന്നു. അതിനിടെ അപ്രതീക്ഷിതമായാണ് ഗാംഗുലി ദ്രാവിഡിനെ കളത്തിൽ ഇറക്കിയത്. ചില ഉറപ്പുകളുടെകൂടി പിൻബലത്തിലാകണം പരിശീലകസ്ഥാനം ഏറ്റെടുക്കാൻ ദ്രാവിഡ് സമ്മതം മൂളിയത്. ദ്രാവിഡിന്റെ വിശ്വസ്തനായ പരസ് മമ്പ്രെ ബൗളിങ് കോച്ചാവും. ദ്രാവിഡിന്റെ പരിശീലക കരിയർ 2014, 2015 ഉപദേഷ്ടാവ്-രാജസ്ഥാൻ റോയൽസ് 2016, 2017 ഉപദേഷ്ടാവ്- ഡെൽഹി ഡെയർഡെവിൾസ് 2016 കോച്ച്- ഇന്ത്യൻ അണ്ടർ-19 ടീം 2018 കോച്ച്-അണ്ടർ-19 ലോകകപ്പ് കിരീടം നേടിയ ടീം 2019 ഡയറക്ടർ-ദേശീയ ക്രിക്കറ്റ് അക്കാദമി 2021 കോച്ച് -ഇന്ത്യൻ ടീം (ശ്രീലങ്ക പര്യടനം) Content Highlights: rahul dravid to take over indian cricket team coach
from mathrubhumi.latestnews.rssfeed https://ift.tt/2YY7pbr
via
IFTTT
No comments:
Post a Comment