കൂട്ടിക്കൽ (കോട്ടയം): വീണ്ടും കാണാമെന്ന് പറഞ്ഞാണ് അവർ പാലക്കാട് കാഞ്ഞിരപ്പുഴയിലെ വീട്ടിൽവന്ന് മടങ്ങിയത്. നാലുമാസം മുമ്പായിരുന്നു കൂട്ടിക്കൽ ഒട്ടലാങ്കൽ മാർട്ടിനും ഭാര്യ സിനിയും മക്കളും സിനിയുടെ കുടുംബവീട്ടിൽ എത്തിയത്. സിനിയുടെ മാതാപിതാക്കളായ ബേബിക്കും സേവ്യറിനും ആ സന്ദർശനം ഹൃദ്യമായ ഓർമയായിരുന്നു. മകളും മരുമകനും കൊച്ചുമക്കളുമായി ഒരു കൂട്ടായ്മ. അന്നത്തെ സന്ദർശനം അവസാനത്തെ കൂടിക്കാഴ്ചയുമായി. ഇനി കൂട്ടിക്കലെ പ്രിയപ്പെട്ടവർ ഒപ്പമില്ലെന്ന തിരിച്ചറിവിലേക്ക് ഇവരെത്താൻ വലിയ പ്രയാസവും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതിനാൽ മകളും മരുമകനും ഉടൻ അവിടേക്ക് വരുമെന്ന് പറഞ്ഞിരുന്നതായി കുടുംബാംഗങ്ങൾ ഓർക്കുന്നു. ശനിയാഴ്ച ഉച്ചയോടെ ഫോൺസന്ദേശം എത്തുമ്പോൾ അച്ഛനമ്മമാരെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന ആശങ്കയിലായിരുന്നു തങ്ങളെന്ന് ബന്ധുവായ വർഗീസ് പറയുന്നു. സിനിയുടെ അമ്മ ബേബിയുടെ സഹോദരനാണ് വർഗീസ്. ദുരന്തവാർത്ത അറിഞ്ഞയുടൻ വർഗീസും മറ്റൊരു ബന്ധുവായ ഐഫിയും കൂട്ടിക്കലേക്ക് തിരിക്കുകയായിരുന്നു. എത്ര മറച്ചുവെച്ചിട്ടും ടെലിവിഷനിൽ കണ്ട് ബേബിയും സേവ്യറും മക്കളുടെ ദുരന്തം അറിഞ്ഞിരുന്നു. മൂന്നുവർഷം മുമ്പാണ് മാർട്ടിനും കുടുംബവും കൂട്ടിക്കലെ കുടുംബവീട്ടിലേക്ക് സ്ഥിരതാമസം തുടങ്ങിയത്. മാർട്ടിന്റെ അച്ഛൻ മരിച്ച് അമ്മ ക്ലാരമ്മ തന്നെയായതിനാലാണ് ഇവിടേക്ക് താമസം മാറ്റിയത്. അതിന് മുമ്പ് മലപ്പുറത്ത് ടാപ്പിങ് ജോലി ചെയ്കിരുന്ന മാർട്ടിൻ കുടുംബത്തെ ഒപ്പം താമസിപ്പിച്ചിരിക്കുകയായിരുന്നു. ബന്ധുക്കൾക്കെല്ലാം ഓർക്കാനുള്ളത് കഠിനാധ്വാനിയായ മാർട്ടിന്റെ ജീവിതമാണ്. പലയിടങ്ങളിൽ ടാപ്പിങ് ജോലിചെയ്തു. ചിലയിടത്ത് ടാപ്പിങ്ങിനൊപ്പം തോട്ടം സൂക്ഷിപ്പ് ജോലിയും നിർവ്വഹിച്ചു. വിശ്വസ്തമായി ആ ജോലികൾ ചെയ്ത് ഉടമകൾക്ക് വലിയ മതിപ്പുണ്ടാക്കിയിരുന്നു. കൂട്ടിക്കൽ വന്നും ടാപ്പിങ് ജോലി ചെയ്തു. അതിനിടെയാണ് അർബുദം വന്നത്. അതോടെ ജോലി വിട്ട് ആടുവളർത്തലാക്കി ജീവിതമാർഗം. രോഗം വകവെക്കാതെ അധ്വാനം തുടർന്നിരുന്ന മരുമകനെക്കുറിച്ച് സിനിയുടെ മാതാപിതാക്കൾക്കും വലിയ ആദരവായിരുന്നു. മക്കളെ മൂവരെയും നല്ല നിലയിൽ എത്തിക്കാനുള്ള ആ ശ്രമത്തിനിടെയാണ് ഉരുൾ ദുരന്തമായി ആ കുടുംബത്തിന് മീതെ പതിച്ചത്. എല്ലാ സ്വപ്നങ്ങളും ബാക്കിയാക്കി കുടുംബം ഒന്നായി മടങ്ങിപ്പോകുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3vn2gpe
via
IFTTT
No comments:
Post a Comment