തിരുവനന്തപുരം: സംസ്ഥാനത്ത് പ്രധാന അണക്കെട്ടുകൾ തുറക്കുന്നു. 2018-ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിന്റെ ഷട്ടർ ചൊവ്വാഴ്ച 11-നും ഇടമലയാറിന്റേത് രാവിലെ ആറിനും തുറക്കും. പമ്പാ ഡാം തുറക്കാനുള്ള സമയം ചൊവ്വാഴ്ച തീരുമാനിക്കും. ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വീതം തുറക്കും. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. വെള്ളം നിയന്ത്രിക്കാനുള്ള നിലവിലെ റൂൾ കർവ് പ്രകാരം 2397.8 അടി എത്തിയാൽ ചുവന്ന ജാഗ്രത പുറപ്പെടുവിക്കണം. രാത്രിയിൽത്തന്നെ ജലനിരപ്പ് ഈ പരിധിയിൽ എത്തും. 2398.86 അടി പരമാവധി സംഭരിക്കാൻ അനുമതിയുണ്ടെങ്കിലും ആ അളവിൽ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തണമെങ്കിൽ ചുവപ്പ് ജാഗ്രത കഴിഞ്ഞാൽ ഷട്ടറുകൾ തുറക്കണം. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിൽ മാത്രമേ ഷട്ടർ സംവിധാനമുള്ളൂ. ഇടുക്കി ആർച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല. തൃശ്ശൂർ ജില്ലയിലെ ലോവർ ഷോളയാർ തിങ്കളാഴ്ച തുറന്നു. പെരിങ്ങൽകുത്ത്, പീച്ചി, ചിമ്മിനി ഡാമുകൾ കഴിഞ്ഞദിവസങ്ങളിൽ തുറന്നിരുന്നു. പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തോട് , മൂഴിയാർ, മണിയാർ, കോഴിക്കോട് പെരുവണ്ണാമൂഴി, പാലക്കാട് ജില്ലയിലെ മലന്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം, ചുള്ളിയാർ, ശിരുവാണി ഡാമുകളും തുറന്നു. അണക്കെട്ടുകൾ തുറക്കുന്നതോടെ ബന്ധപ്പെട്ട നദികളിൽ ജലനിരപ്പുയർന്ന് സമീപപ്രദേശങ്ങൾ വെള്ളത്തിനടിയിലാവാൻ സാധ്യതയുണ്ട്. ഇടമലയാർ തുറക്കുമ്പോൾ പെരിയാറിൽ ജലനിരപ്പ് കാര്യമായി ഉയരില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇടുക്കിയും ഇടമലയാറും തുറക്കേണ്ട സാഹചര്യം മുൻനിർത്തി ഭൂതത്താൻകെട്ട് ഡാമിൽ ജലനിരപ്പ് 27.5 മീറ്ററിൽ ക്രമീകരിച്ചിരിക്കുകയാണ്. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് എല്ലാ മുൻകരുതലുകളും സ്വീകരിച്ച് ഡാമുകൾ തുറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുന്നു. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും അതിജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്നും അഭ്യർഥിച്ചു. നാളെ മുതൽ വീണ്ടും അതിശക്തമഴ സംസ്ഥാനത്ത് ബുധനാഴ്ചമുതൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്കുശേഷം ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടായേക്കാം. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും നിയന്ത്രണമുണ്ട്. മഴക്കെടുതിയിൽ മൂന്നുമരണം തൃശ്ശൂരിൽ വെള്ളത്തിൽ വീണ് രണ്ടുപേർ മരിച്ചു. കുണ്ടുകാട് നിർമല ഹൈസ്കൂളിനു സമീപം താമസിക്കുന്ന എമ്പ്രാപുറത്ത് ജോസഫും(72) മാള സ്വദേശി സുദർശനുമാണ് (53) മരിച്ചത്. ജോസഫിനെ തൃക്കുമാരംകുടം പുഴയിൽ തിങ്കളാഴ്ചയാണ് കാണാതായത്. കൊട്ടാരക്കര നെല്ലിക്കുന്നത്ത് വെള്ളിയാഴ്ച കാണാതായ മൈസൂരു സ്വദേശികളായ വിജയ്-ചിങ്കു ദമ്പതിമാരുടെ മകൻ രാഹുലിന്റെ (മൂന്ന്) മൃതദേഹം ഓടനാവട്ടം കട്ടയിൽ ഭാഗത്ത് തോട്ടിൽ കണ്ടെത്തി. content highligghts:dams including idukki to open today
from mathrubhumi.latestnews.rssfeed https://ift.tt/3pcfBzF
via
IFTTT
No comments:
Post a Comment