കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ എൽ.ഡി.എഫിനുണ്ടായ തോൽവിയുമായി ബന്ധപ്പെട്ട് രണ്ടു ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ സി.പി.എം. ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവ് ബി.തുളസീധരക്കുറുപ്പ് അടക്കം നാലു നേതാക്കളെ താക്കീത് ചെയ്യാനും വെള്ളിയാഴ്ച സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും തീരുമാനിച്ചു.തിരഞ്ഞെടുപ്പുചുമതല വഹിച്ച എൻ.എസ്.പ്രസന്നകുമാർ (കുണ്ടറ), പി.ആർ.വസന്തൻ (കരുനാഗപ്പള്ളി) എന്നിവരെയാണ് ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കി ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന പ്രസിഡന്റാണ് പി.ആർ.വസന്തൻ.തുളസീധരക്കുറുപ്പിനു പുറമേ ജില്ലാ കമ്മിറ്റി അംഗം ആർ.ബിജു, ഏരിയ സെക്രട്ടറിമാരായ എസ്.എൽ.സജികുമാർ (കുണ്ടറ), പി.കെ.ബാലചന്ദ്രൻ (കരുനാഗപ്പള്ളി) എന്നിവരെ താക്കീത് ചെയ്യും. പാർട്ടിക്ക് നൽകിയ വിശദീകരണം തൃപ്തികരമാണെന്നു കണ്ട് ശൂരനാട് ഏരിയ സെക്രട്ടറി പി.ബി.സത്യദേവനെ നടപടികളിൽനിന്ന് ഒഴിവാക്കി.കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ എൽ.ഡി.എഫ്. തോൽവിയിൽ പാർട്ടി കമ്മിഷൻ കുറ്റക്കാരാണെന്നു കണ്ടെത്തിയ ഏഴു നേതാക്കളോട് കഴിഞ്ഞമാസം 30-നു ചേർന്ന സി.പി.എം. ജില്ലാ കമ്മിറ്റി വിശദീകരണം ചോദിച്ചിരുന്നു. ഇവർ നൽകിയ വിശദീകരണം മണിക്കൂറുകളോളം ചർച്ചചെയ്തശേഷമാണ് നടപടി സ്വീകരിച്ചത്. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.രാജേന്ദ്രൻ, കെ.സോമപ്രസാദ് എം.പി., ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.ശിവശങ്കരപ്പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനാണ് ഏഴു നേതാക്കൾക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്.കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ എൽ.ഡി.എഫിനുണ്ടായ വലിയ പരാജയം സി.പി.എം. സംസ്ഥാന നേതൃത്വം ഗൗരവമായാണ് എടുത്തിരുന്നത്. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളിൽ തോറ്റത് മേഴ്സിക്കുട്ടിയമ്മ മാത്രമായതിനാൽ കടുത്ത നടപടി ഉറപ്പായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3oHDWNL
via
IFTTT
No comments:
Post a Comment