മലപ്പുറം: തപാൽ ദിനത്തിൽമാത്രം തപാൽപ്പെട്ടിയെ ഓർക്കുന്നവർക്കിടയിൽ അരീക്കോട്ടെ റസ്ബിൻ അബ്ബാസ് വ്യത്യസ്തയാണ്. മിക്ക ദിവസങ്ങളിലും അവൾക്ക് കത്തയക്കാനുണ്ടാവും അല്ലെങ്കിൽ കത്തു വരാനുണ്ടാവും. അതും പല പല രാജ്യങ്ങളിൽനിന്ന്. വടക്കുമുറി പാറപ്പുറത്ത് റഹീനയുടെ മകളാണ് റസ്ബിൻ എന്ന പതിനെട്ടുകാരി. ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ചുപോയ അവൾക്ക് ഉമ്മയും അനിയൻ അബിക്കുമടങ്ങിയ കൊച്ചുവീട്ടിൽനിന്നു പറയാൻ ഒരുപാടു കഥകളുണ്ടായിരുന്നു. കുടുംബപ്രശ്നങ്ങൾക്കിടയിൽപെട്ട് വിഷാദത്തിലേക്കു വീണുപോയ ബാല്യത്തെ അവൾ തിരിച്ചുപിടിച്ചത് വളരെ ശ്രമപ്പെട്ടാണ്. ഇടയ്ക്കൊക്കെ ഇഷ്ടമല്ലാത്ത പഴയ ഓർമകൾ തികട്ടിയെത്തും. അതിൽനിന്ന് രക്ഷനേടാനാണ് തന്റെ ചിത്രങ്ങളും ക്രാഫ്റ്റുകളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാൻ തുടങ്ങിയത്. ഒരിക്കൽ ഒരു ചിത്രത്തിനു താഴെ മെക്സിക്കോക്കാരിയായ സാറ ഇങ്ങനെ എഴുതി- 'എനിക്ക് നിങ്ങളുടെ ചിത്രം ഇഷ്ടപ്പെട്ടു. വിലാസം തന്നാൽ ഒരു സമ്മാനം അയയ്ക്കാം'. റസ്ബിന്റെ കുഞ്ഞുലോകത്ത് അതൊരത്ഭുതമായിരുന്നു. വിലാസം നൽകിയശേഷം മാസങ്ങൾ നീണ്ട കാത്തിരിപ്പ്. ഇടക്കിടെ അക്ഷമയോടെ പോസ്റ്റ് ഓഫീസിലേക്ക്. ഒടുവിൽ സമ്മാനവുമായി സാറയുടെ കത്തെത്തി. കാത്തിരിപ്പിന്റെ ഹരം നുണഞ്ഞ റസ്ബിന് പിന്നെ ആവേശമായി. ചിലരൊക്കെ വിലാസം തേടി ഇങ്ങോട്ടു വന്നു. ചിലരെയൊക്കെ സാമൂഹികമാധ്യമങ്ങളിലൂടെ തേടിപ്പിടിച്ചു. ഇപ്പോൾ അമേരിക്ക, ബ്രസീൽ, ഇറ്റലി, കാനഡ, സ്പെയിൻ, തുർക്കി, റഷ്യ തുടങ്ങി 43 രാജ്യങ്ങളിൽ റസ്ബിന് കൂട്ടുകാരുണ്ട്. വിശ്വാസ്യത ഉറപ്പുവരുത്തിയശേഷം മാത്രമാണ് വിലാസം കൈമാറൽ. ഇംഗ്ലീഷിലാണ് കത്തെഴുത്ത്. കൂട്ടുകാരിലേറെയും 17 മുതൽ 23 വരെ പ്രായത്തിനിടയിലുള്ള പെൺകുട്ടികളാണ്. ഇതിനിടെ ഇന്റർനാഷണൽ മോഡൽ യുണൈറ്റഡ് നേഷൻസിന്റെ ഓൺലൈൻ കോൺഫറൻസിൽ ഇന്ത്യയിലെ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിച്ചു. മറ്റു രാജ്യങ്ങളെക്കുറിച്ചും അവിടത്തെ സാമൂഹികാന്തരീക്ഷത്തെക്കുറിച്ചും അറിയാനുള്ള ആഗ്രഹമാണ് റസ്ബിന്റെ കത്തെഴുത്ത് കടൽകടന്നുപോകാൻ കാരണം. ഇപ്പോൾ തിരുവമ്പാടി അൽഫോൺസാ കോളേജിൽ ബി.എസ്സി സൈക്കോളജിക്ക് ചേർന്നിരിക്കുകയാണ്.വേർപിരിഞ്ഞ ദമ്പതിമാരുടെ മക്കളുടെ മാനസികാരോഗ്യത്തിനായി പ്രവർത്തിക്കണമെന്നതാണ് ലക്ഷ്യം. കത്തെഴുതി ലോകം മുഴുവൻ വിശേഷങ്ങൾ പറയുന്ന റസ്ബിന് ഇപ്പോഴും ബാക്കിയുണ്ട് ചില പ്രതിബന്ധങ്ങൾ. എല്ലാം കടന്നുചെല്ലാനുള്ള കരുത്തുമായി 'കത്തുപെണ്ണ്' പറയുന്നു 'എന്നെങ്കിലും ഈ കൂട്ടുകാരെയൊക്കെ നേരിൽ കാണണം. അവരുടെയെല്ലാം നാട്ടിൽ ചെല്ലണം' Content Highlights:Rasbin recieves Letters from 43 countries
from mathrubhumi.latestnews.rssfeed https://ift.tt/3uTmEhI
via
IFTTT
No comments:
Post a Comment