പഠിച്ചു, അറിഞ്ഞു, ടാറ്റ സ്വന്തമാക്കി; ദിവസം 20 കോടി നഷ്ടമുള്ള എയര്‍ ഇന്ത്യ വന്മാറ്റത്തിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 9, 2021

പഠിച്ചു, അറിഞ്ഞു, ടാറ്റ സ്വന്തമാക്കി; ദിവസം 20 കോടി നഷ്ടമുള്ള എയര്‍ ഇന്ത്യ വന്മാറ്റത്തിന്

മുംബൈ: ടാറ്റ സൺസ് എയർ ഇന്ത്യയെ ഏറ്റെടുത്തത് വെറും ഗൃഹാതുരത്വം കൊണ്ടുമാത്രമല്ല, പതിറ്റാണ്ടുകളായി ഇന്ത്യൻ വ്യോമയാന മേഖലയിൽ തിരിച്ചെത്താൻ ശ്രമം നടത്തിവരുകയായിരുന്നു ഗ്രൂപ്പ്. അതുകൊണ്ടുതന്നെ വിശദമായ പഠനം നടത്തിയശേഷംതന്നെയാണ് എയർ ഇന്ത്യക്കായി സാമ്പത്തിക ലേലപത്രിക നൽകിയത്. കമ്പനിയെക്കുറിച്ചുള്ള ഓരോ കാര്യവും അടുത്തറിഞ്ഞ്, സാധ്യതകളും പോരായ്മകളും മനസ്സിലാക്കിത്തന്നെയാണ് ടാറ്റ എത്തിയിരിക്കുന്നത്. ജെ.ആർ.ഡി. ടാറ്റ വർഷങ്ങളോളം ചെയർമാനായിരുന്ന കമ്പനി, ഇപ്പോഴത്തെ ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻടാറ്റയും എയർ ഇന്ത്യയുടെ ചെയർമാനായിരുന്നു. തുടക്കംമുതൽ 1990 വരെ എയർഇന്ത്യയുമായി ടാറ്റ ഗ്രൂപ്പ് പലതരത്തിൽ ബന്ധപ്പെട്ടിരുന്നു. അന്നത്തെ സ്ഥിതിയല്ല ഇപ്പോൾ, കടബാധ്യതയേറി. അതുകൊണ്ടുതന്നെ ഓരോ പ്രശ്നവും കൃത്യമായി വിലയിരുത്തേണ്ടതുണ്ടായിരുന്നു. കമ്പനിയുടെ സേവനങ്ങൾ സൂക്ഷ്മമായി പഠിച്ചാണ് ടാറ്റയെത്തിയത്. 2018-ൽ എയർ ഇന്ത്യക്കായി ഒരു താത്പര്യപത്രം പോലും ലഭിച്ചിരുന്നില്ല. പിന്നീട് 100 ശതമാനം ഓഹരികളും വിൽക്കാൻ സർക്കാർ തയ്യാറായശേഷമാണ് ടാറ്റ മുന്നോട്ടുവന്നത്. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, ഗ്രൂപ്പ് സി.എഫ്.ഒ. സൗരഭ് അഗർവാൾ എന്നിവരുടെ നേതൃത്വത്തിൽ ഒരു പ്രത്യേക സംഘംതന്നെ എയർ ഇന്ത്യ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പഠിക്കാനും വിശകലനം ചെയ്യാനും പ്രവർത്തിച്ചു. സീബറി, അൽവാരസ് ആൻഡ് മാർസൽ, എ.സെഡ് ബി. ആൻഡ് പാർട്ണേഴ്സ്, പ്രൈസ് വാട്ടർ കൂപ്പേഴ്സ് തുടങ്ങി വിദേശ കൺസൽട്ടൻസികളെയും പഠനത്തിനായി നിയോഗിച്ചു. പ്രധാന കണ്ടെത്തലുകൾ 21 ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾ വിപണിവിലയിലും വളരെ ഉയർന്നതുകയ്ക്കാണ് പാട്ടത്തിനെടുത്തിട്ടുള്ളത് എയർബസ് എ320, ബോയിങ് 787 എന്നിവ ഉൾപ്പെടെ എല്ലാ വിമാനങ്ങളുടെയും കാബിൻ നവീകരിക്കേണ്ടിവരും നാരോ ബോഡി വിമാനങ്ങളുടെ എൻജിനുകൾ ഒമ്പതുവർഷത്തിനുള്ള അറ്റകുറ്റപ്പണികൾക്കു വിധേയമാക്കണം പല വിമാനങ്ങളും നിലവിൽ സേവനത്തിന് ഉപയോഗിക്കാനാവാത്തവിധമായിട്ടുണ്ട്. ഇവ നവീകരിക്കണം കോർപ്പറേറ്റ്-അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ 4,500 മുതൽ 5,000 വരെ അധിക ജീവനക്കാരുണ്ട് എൻജിനിയറിങ്, ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട പല കരാറുകളും വളരെ ഉയർന്ന തുകയുടേതാണ്. എയർ ഇന്ത്യയെ നവീകരിക്കാൻ പദ്ധതികളൊരുക്കി ടാറ്റ മുംബൈ:ദിവസം 20 കോടിയോളം രൂപ നഷ്ടമുണ്ടാക്കുന്ന എയർ ഇന്ത്യയുടെ ചെലവു കുറയ്ക്കുന്നതിനായിരിക്കും ടാറ്റ ഗ്രൂപ്പിന്റെ പ്രഥമ പരിഗണന. ടാറ്റ ഗ്രൂപ്പ് സി.എഫ്.ഒ. ആയ സൗരഭ് അഗർവാളായിരിക്കും ഇതിനു നേതൃത്വം നൽകുക. ചെലവുകുറയ്ക്കുന്നതിലൂടെ മറ്റുകമ്പനികളുമായി മത്സരക്ഷമമാക്കുകയാണ് ലക്ഷ്യം. കമ്പനിയുടെ മാനേജ്മെന്റ് തലത്തിൽ അടിമുടി പരിഷ്കാരങ്ങളുണ്ടാകും. തലപ്പത്ത് പുതിയ സി.ഇ.ഒ. എത്തും. ഇന്ത്യക്കു പുറത്തുനിന്നുള്ള ആരെങ്കിലുമാകും ഈ സ്ഥാനത്തേക്കെത്തുകയെന്നാണ് റിപ്പോർട്ടുകൾ. കൈമാറ്റം പൂർത്തിയാകുന്നതോടെ പുതിയ ഡയറക്ടർമാരും കമ്പനിയിലെത്തും. ചെലവുചുരുക്കലിന് വിപുലമായ പദ്ധതികളാണ് ഒരുങ്ങുന്നത്. ചെലവുകൂടിയ ബാധ്യതകൾ കണ്ടെത്തി ബദൽസംവിധാനമൊരുക്കും. വലിയ തുകയിലുള്ള കരാറുകൾ പുനഃപരിശോധിക്കും. വാടകയുമായി ബന്ധപ്പെട്ട ബാധ്യതകളും കുറച്ചുകൊണ്ടുവരും. പഴയ വിമാനങ്ങളുടെ നവീകരണവും മുൻഗണനപ്പട്ടികയിലുണ്ട്. ബോയിങ്, എയർബസ് പോലുള്ള വിമാനകമ്പനികളുമായി ബന്ധപ്പെട്ട് പഴയവിമാനങ്ങൾ മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. ടാറ്റ ഗ്രൂപ്പിലുള്ള മറ്റുകമ്പനികളുടെ സഹകരണമാണ് മറ്റൊന്ന്. ഐ.ടി. സേവനം, ഭക്ഷണവിതരണം, അറ്റകുറ്റപ്പണി എന്നിവയിൽ ടാറ്റ കമ്പനികളുടെ പ്രാവീണ്യം പ്രയോജനപ്പെടുത്തും. ഇതിൽ പ്രധാനം ടി.സി.എസുമായുള്ള സഹകരണമായിരിക്കും. സിങ്കപ്പൂർ എയർലൈൻസ് അടക്കം ലോകത്തിലെ മികച്ച ഒട്ടേറെ വിമാനക്കമ്പനികളുടെ ഐ.ടി. സംവിധാനവും ആപ്ലിക്കേഷനുകളും കൈകാര്യംചെയ്യുന്നത് ടി.സി.എസ്. ആണ്. കൈമാറ്റം പൂർത്തിയാകുന്നതോടെ എയർ ഇന്ത്യയിൽ ഐ.ടി., ഡിജിറ്റൽ പ്രവർത്തനങ്ങൾ നിർവഹിക്കുക ടി.സി.എസ്. ആയിരിക്കും. എയർ ഇന്ത്യയുടെ നിലവിലെ പ്രവർത്തനമാതൃകയും ചെലവിന്റെ ഘടനയും വിലയിരുത്തുന്നതും പരിഷ്കരിക്കുന്നതുമുൾപ്പെടെ ചുമതലകൾ ടി.സി.എസിനു നൽകും. ഭക്ഷണവിതരണരംഗത്ത് താജ് സാറ്റ്സിന്റെ പരിചയം വിനിയോഗിക്കും. അറ്റകുറ്റപ്പണികൾക്കും മറ്റുമായി ടാറ്റ സ്റ്റീലിൽനിന്നുള്ളവരെത്തും. ടാറ്റയ്ക്ക് എയർ ഏഷ്യ ഇന്ത്യ, വിസ്താര വിമാനക്കമ്പനികളിലും നിയന്ത്രണമുണ്ട്. സിങ്കപ്പൂർ എയർലൈൻസുമായി ചേർന്നാണ് വിസ്താരയുടെ പ്രവർത്തനം. അതേസമയം, എയർ ഏഷ്യ ഇന്ത്യയുടെ ഉടമസ്ഥാവകാശം ഏതാണ്ട് പൂർണമായിത്തന്നെ ടാറ്റയ്ക്കാണിപ്പോൾ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, അലയൻസ് എയർ എന്നിവകൂടി പുതുതായി ഗ്രൂപ്പിന്റെ വ്യോമയാനവിഭാഗ പ്രവർത്തനത്തിലേക്ക് വരും. ടാലസ് ലിമിറ്റഡിനുകീഴിൽ ഈ കമ്പനികളുടെയെല്ലാം പ്രവർത്തനം ഏകോപിപ്പിക്കപ്പെടും. ഏറ്റെടുക്കൽ പൂർത്തിയാകുന്നതിന് വളരെമുമ്പുതന്നെ ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നതായാണ് സൂചനകൾ. എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്സ്പ്രസിൽ ലയിപ്പിക്കുന്നതും പരിഗണിക്കുന്നുണ്ട്. ടാലസിനുകീഴിൽ വിമാന സമയക്രമം പരസ്പരപൂരകമായി പരിഷ്കരിക്കപ്പെടും. ഇതുവഴി കണക്ഷൻ ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് ഗ്രൂപ്പിലെത്തന്നെ വിമാനങ്ങളിൽപോകാൻ അവസരമൊരുങ്ങും. പല കമ്പനികളുള്ളതു കൊണ്ടുതന്നെ അധികമുള്ള ജീവനക്കാരെ പിരിച്ചുവിടാതെ മറ്റുകമ്പനികളിലേക്ക് വിന്യസിക്കാം. വ്യോമയാനമേഖലയെ കാത്തിരിക്കുന്നത് വൻമാറ്റങ്ങൾ മുംബൈ: എയർ ഇന്ത്യ സ്വകാര്യമേഖലയിലേക്കുപോകുന്നതോടെ 1953 മുതൽ ഈരംഗത്ത് സർക്കാർ പുലർത്തിവന്ന ആധിപത്യത്തിനാണ് അവസാനമാകുന്നത്. ഇന്ത്യൻ ആകാശങ്ങളിൽ ഇനി വിഹരിക്കുക സ്വകാര്യ വിമാനക്കമ്പനികളാകും. സാമ്പത്തികവളർച്ച മെച്ചപ്പെടുന്നതും പുതിയ വ്യവസായങ്ങളുടെ കടന്നുവരവുമെല്ലാം വലിയ മാറ്റങ്ങളാകും ഈരംഗത്ത് കൊണ്ടുവരുക. മത്സരം വരും 68 വർഷമായി ഇന്ത്യൻ വ്യോമയാനരംഗത്ത് സർക്കാരിന് എപ്പോഴും നിയന്ത്രണമുണ്ടായിരുന്നു. എയർ ഇന്ത്യയെ കൈവിട്ടതിലൂടെ ഇനി സർക്കാരിന് മറ്റുതാത്പര്യങ്ങളില്ല. യാത്രക്കാരുടെ ക്ഷേമം മാത്രം നോക്കിയാൽ മതിയാകും. സ്വകാര്യകമ്പനികളാകുമ്പോൾ പരസ്പരം മത്സരം വരും. കൂടുതൽ മികച്ച സേവനം ആരുനൽകുന്നുവോ അവർക്കായിരിക്കും യാത്രക്കാരുടെ പിന്തുണ. അല്ലാത്തവർ പിന്തള്ളപ്പെടും. ഒരുകാലത്ത് കൃത്യതയുടെയും മികച്ച സേവനത്തിന്റെയും പ്രതിരൂപമായിരുന്ന എയർ ഇന്ത്യ വിപണിവിഹിതത്തിൽ രാജ്യത്ത് മൂന്നാംസ്ഥാനത്താണിപ്പോൾ. എയർ ഇന്ത്യ, എയർ ഏഷ്യ ഇന്ത്യ, വിസ്താര, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ടാലസ് ലിമിറ്റഡിനുകീഴിലാകും ഭാവിയിൽ അണിനിരക്കുന്നത്. ഇതോടെ ആഭ്യന്തര വ്യോമയാനവിപണിയിൽ ടാറ്റ വിമാനക്കമ്പനികൾ 23 ശതമാനത്തിനും 27 ശതമാനത്തിനും ഇടയിൽ വിഹിതം കൈയടക്കുമെന്നു പ്രതീക്ഷിക്കുന്നു. 2021 ഏപ്രിലിലെ വിപണിവിഹിതം വിദേശകമ്പനികൾക്ക് വെല്ലുവിളിയാവും എയർ ഇന്ത്യയിലേക്ക് ടാറ്റയുടെ പ്രൊഫഷണലിസം കടന്നുവരുന്നത് ഭീഷണിയാണെന്ന് എമിറേറ്റ്സ് പ്രസിഡന്റ് ടിം ക്ലാർക്ക് പറഞ്ഞുകഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ എയർ ഇന്ത്യ ഉയർത്തുന്ന മത്സരസാധ്യതയാണ് ഈ വാക്കുകളിൽ നിഴലിക്കുന്നത്. ഇന്ത്യക്കാരെ കയറ്റിപ്പോകുന്ന വിദേശവിമാനക്കമ്പനികൾക്കും ടാറ്റയുടെ വരവ് വെല്ലുവിളിയായേക്കാം. രണ്ടുവർഷത്തിലേറെയായി പ്രവർത്തനം നിർത്തിവെച്ചിട്ടുള്ള ജെറ്റ് എയർവേസ് അടുത്തവർഷം ആദ്യത്തോടെ തിരിച്ചെത്തും. കടക്കെണിയിൽ മുങ്ങിത്താണ കമ്പനി പാപ്പരത്തനടപടിയിലൂടെ തിരിച്ചെത്തുന്നത് വിപണിയെ കൂടുതൽ മത്സരക്ഷമമാക്കും. ഓഹരിവിപണിയിലെ കോടീശ്വരൻ ജുൻജുൻവാലയുടെ നേതൃത്വത്തിൽ ആകാശ എയർ എന്നപേരിൽ മറ്റൊരു ചെലവുകുറഞ്ഞ വിമാനക്കമ്പനികൂടി എത്തുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3Av3DmR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages