പ്ലാപ്പള്ളി (മുണ്ടക്കയം): തിങ്കളാഴ്ച അലന്റെ 14-ാമത് ജന്മദിനമായിരുന്നു. അന്നും, പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ മരിച്ച ആ ബാലന്റെ മൃതദേഹം തിരിച്ചറിയുന്നതിൽ അനിശ്ചിതത്വം തുടർന്നു. ഇളംകാട് ആറ്റുചാലിൽ ജോബിയുടെ മകൻ അലൻജോബിയുടെ മൃതദേഹമാണ് തിരിച്ചറിയാനുള്ളത്. കഴിഞ്ഞദിവസം ഇൗ കുട്ടിയുടെതെന്ന് കരുതുന്ന മൃതദേഹം കിട്ടിയെങ്കിലും ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഇതിനൊപ്പം മുതിർന്ന വ്യക്തിയുടെതെന്ന് കരുതുന്ന ഒരാളുടെ കാലിന്റെ ഭാഗങ്ങളും കണ്ടതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. അതിനിടെ തിങ്കളാഴ്ച പ്ലാപ്പള്ളിയിൽ നടന്ന തിരച്ചിലിൽ ഒരുകുട്ടിയുടെ മൃതദേഹം കിട്ടി. ഇതും തിരിച്ചറിഞ്ഞിട്ടില്ല.ഞായറാഴ്ച തിരച്ചിലിൽ കണ്ടെത്തിയ ഛിന്നഭിന്നമായ ശരീരഭാഗങ്ങൾ അലന്റേതാണന്ന് കരുതി അന്നുതന്നെ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോേളജിലെത്തിച്ചു. എന്നാൽ, ഡോക്ടർമാർ ഇതിനൊപ്പം മുതിർന്ന വ്യക്തിയുടെ കാലിന്റെ ഭാഗം കണ്ടെത്തുകയായിരുന്നു. ഇതോടെ പോസ്റ്റ്മോർട്ടം നീട്ടിവെച്ചു. വിവരം മന്ത്രി വി.എൻ. വാസവനെ അറിയിച്ചു. അദ്ദേഹം വിശദപരിശോധന സ്ഥലത്ത് നടത്താനും ഞായറാഴ്ച കിട്ടിയ രണ്ട് ശരീരഭാഗങ്ങളുടെയും ഡി.എൻ.എ. പരിശോധന നടത്താനും നിർദേശിച്ചു.തിങ്കളാഴ്ച പ്ലാപ്പള്ളിയിൽ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് കുട്ടിയുടെതെന്ന് കരുതുന്ന ഒരു മൃതദേഹം കൂടി കണ്ടത്. ഇതും മെഡിക്കൽ കോളേജിലേക്ക് അയച്ചു. ആദ്യംലഭിച്ച ശരീരഭാഗങ്ങൾ അലന്റെയല്ലന്നും തിങ്കളാഴ്ച വൈകീട്ട് മണ്ണിനടിയിൽനിന്നും കണ്ടത്തിയ ഭാഗങ്ങൾ അലന്റേതാണന്ന് കരുതുന്നതായും പിതൃസഹോദരൻ ജോസി ആറ്റുചാലിൽ മാതൃഭൂമിയോട് പറഞ്ഞു.ദുരന്തത്തിൽ മരിച്ച അലന്റെ അമ്മ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയയുടെ മൃതദേഹം ഞായറാഴ്ച വൈകീട്ട് ഏന്തയാർ സെൻറ് മേരീസ് പള്ളിയിൽ സംസ്കരിച്ചു. അലൻ ഏന്തയാർ ജെ.ജെ.മർഫി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരി ആൻമരിയ.
from mathrubhumi.latestnews.rssfeed https://ift.tt/3pfVAIw
via
IFTTT
No comments:
Post a Comment