അമ്പലപ്പുഴ: തീവ്രപരിചരണവിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന രോഗി മരിച്ചെന്ന തെറ്റായവിവരം ബന്ധുക്കളെ വിളിച്ചറിയിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ്. മൃതദേഹം ഏറ്റുവാങ്ങാൻ ആംബുലൻസുമായെത്തിയ ബന്ധുക്കൾ വിവരമറിഞ്ഞ് സൂപ്രണ്ട് ഓഫീസിലെത്തി പ്രതിഷേധിച്ചു. വന്നവരിൽ രണ്ടുപേർ സുരക്ഷാവസ്ത്രമണിഞ്ഞ് തീവ്രപരിചരണവിഭാഗത്തിൽക്കയറി രോഗിയെക്കണ്ടശേഷമാണു മടങ്ങിയത്. ആശുപത്രി സൂപ്രണ്ട് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ജീവനക്കാരുടെ ഭാഗത്തു വീഴ്ച കണ്ടെത്തി. ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി കോയിക്കൽ മീനത്തേരിൽ രമണൻ (50) മരിച്ചെന്നവിവരമാണു വെള്ളിയാഴ്ച വൈകീട്ട് 3.45-ന് ആശുപത്രിയിൽനിന്ന് ബന്ധുവിനെ വിളിച്ചറിയിച്ചത്. ബന്ധുക്കൾ അതേനമ്പരിൽ അഞ്ചുമണിക്കു തിരിച്ചുവിളിച്ചപ്പോൾ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയെന്നും ഏറ്റുവാങ്ങാൻ ശനിയാഴ്ച രാവിലെ എത്തിയാൽ മതിയെന്നും പറഞ്ഞു. ഇതനുസരിച്ച് രാവിലെ ഒൻപതരയോടെ ബന്ധുക്കൾ ആംബുലൻസുമായി ആശുപത്രിയിലെത്തി. ആദ്യം പോലീസ് എയ്ഡ്പോസ്റ്റിൽ എത്തിയപ്പോൾ അവിടെ വിവരമൊന്നും അറിയില്ലെന്നായിരുന്നു മറുപടി. കോവിഡ് ട്രയാജിൽ എത്തിയപ്പോൾ മോർച്ചറിയിൽ അന്വേഷിക്കാൻ പറഞ്ഞു. തുടർന്ന് സൂപ്രണ്ട് ഓഫീസിൽ എത്തിയപ്പോഴാണു രമണൻ ജീവനോടെയുണ്ടെന്നുള്ള വിവരം അറിയുന്നത്. പ്രതിഷേധിച്ച് ബഹളമുണ്ടാക്കിയ ഇവർ രോഗിയെ കാണണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് മനു, ശ്രീജിത്ത് എന്നിവർ തീവ്രപരിചരണവിഭാഗത്തിൽ കയറി രമണനെക്കണ്ടു. അവിവാഹിതനായ രമണൻ സഹോദരൻ ശ്രീധരനൊപ്പമാണു താമസിക്കുന്നത്. അച്ഛൻ ദാമോദരൻ ആചാരിയും അമ്മ കാർത്ത്യായനിയും ജീവിച്ചിരിപ്പില്ല. പനിയെത്തുടർന്ന് കഴിഞ്ഞമാസം 27-ന് കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയ ഇദ്ദേഹത്തെ തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. അന്നുമുതൽ വെന്റിലേറ്ററിലാണ്. ശ്വാസകോശത്തിന് തകരാറും ന്യൂമോണിയയുമുണ്ട്. ഒരേപേരിൽ രണ്ടുപേരുണ്ടായതുമൂലം സംഭവിച്ചതെന്നു വിശദീകരണം രമണൻ എന്ന പേരിൽ രണ്ടുരോഗികൾ കോവിഡ് വാർഡിലുണ്ടായിരുന്നെന്നും കായംകുളം സ്വദേശിയായ മറ്റൊരു രമണൻ മരിച്ചപ്പോൾ ആളുമാറി വിവരം നൽകിയതാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ പറഞ്ഞു. പ്രാഥമികാന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് നടപടിക്കു ശുപാർശ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എ. അബ്ദുൾസലാമിനെ ചുമതലപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/3yZw37D
via
IFTTT
No comments:
Post a Comment