തിരുവനന്തപുരം: ഒരുവശത്ത് പാർട്ടിയെ സെമികാഡർ സംവിധാനത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെ, മറുവശത്ത് സംസ്ഥാന ഭാരവാഹികൾ തന്നെ കൊഴിഞ്ഞുപോകുന്നത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നു. ഒരുതരത്തിലുള്ള അച്ചടക്കവും ബാധകമല്ലാതിരുന്ന പാർട്ടിയിൽ അടി തുടങ്ങുംമുമ്പ് വടിയെടുത്തതിനെതിരേ വിമർശനം ഉയർന്നുതുടങ്ങി. ഒരു പരിധിവരെയെങ്കിലും അച്ചടക്കമുള്ള സംവിധാനം കൊണ്ടുവരണമെന്ന നിശ്ചയത്തിൽ മുന്നോട്ടുപോകാനാണ് പുതിയ നേതൃത്വത്തിന്റെ തീരുമാനം. കെ.പി.സി.സി. സെക്രട്ടറി പി.എസ്. പ്രശാന്ത്, ജനറൽ സെക്രട്ടറിമാരായ കെ.പി. അനിൽകുമാർ, ജി. രതികുമാർ എന്നിവർ സംഘടന വിട്ടു. സർവസ്വാതന്ത്ര്യമുണ്ടായിരുന്ന പാർട്ടിയിൽ പൊടുന്നനെ അച്ചടക്കം അടിച്ചേൽപ്പിക്കുന്നത് അസ്വാരസ്യങ്ങൾക്കു കാരണമാകുമെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. അനിൽകുമാറടക്കം ഗുരുതര അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, അവരുമായി അനുനയത്തിനുള്ള വഴി കണ്ടെത്തുന്ന സമീപനം നേതൃത്വം സ്വീകരിച്ചില്ലെന്നാണ് ഗ്രൂപ്പ് നേതൃത്വം വിമർശിക്കുന്നത്. അവരുടെ അതൃപ്തിയാണ് ബെന്നി ബെഹനാൻ പത്രസമ്മേളനം വിളിച്ച് പ്രകടിപ്പിച്ചത്. സെമികാഡർ സംവിധാനം ഏർപ്പെടുത്താൻ പാർട്ടി ഭരണഘടനയിലും കാതലായ മാറ്റംവരുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സസ്‌പെൻഷനും പുറത്താക്കലുമാണ് നിലവിൽ കോൺഗ്രസ് ഭരണഘടനയിൽ അച്ചടക്ക നടപടിയായി പറയുന്നത്. കേന്ദ്രതലത്തിൽ മാത്രമേ സ്ഥിരം അച്ചടക്ക സമിതിയുള്ളൂ. ഓരോ പ്രശ്‌നവുമുണ്ടാകുമ്പോൾ അത് പരിഗണിക്കാൻ പ്രത്യേക സമിതിയെ സംസ്ഥാന തലത്തിൽ വെക്കണമെന്നും സമിതിയുടെ റിപ്പോർട്ടിൽ കെ.പി.സി.സി. തീരുമാനമെടുക്കണമെന്നുമാണ് വ്യവസ്ഥ. പാർട്ടിയിൽ ക്രമവും നിഷ്ഠയും കൊണ്ടുവരുമ്പോഴുള്ള എതിർപ്പുകളാണ് ഇപ്പോൾ ഉയരുന്നതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് തോൽവി പഠിച്ച വിവിധ കമ്മിറ്റികൾ കണ്ടെത്തിയ പ്രധാന കാരണം സംഘടനാ ദൗർബല്യമാണ്. ഇതിനു പരിഹാരം കാണണമെങ്കിൽ പാർട്ടി കെട്ടുറപ്പുള്ളതാകണം. നടപടികളിലേക്കു കടന്നപ്പോഴാണ് ഡി.സി.സി. പ്രസിഡന്റുമാരുടെ പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കങ്ങൾ ശമിച്ചതെന്നും നേതൃത്വം കരുതുന്നു. അച്ചടക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് നേതൃത്വം.
from mathrubhumi.latestnews.rssfeed https://ift.tt/3nCUciC
via
IFTTT
No comments:
Post a Comment