കോഴിക്കോട് : കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് വ്യാപനം നേരിയതോതിൽ കുറഞ്ഞതിന്റെ പ്രതീക്ഷയിലായിരുന്നു കോഴിക്കോട്ടെ ആരോഗ്യപ്രവർത്തകർ. അതിനിടെ നിപകൂടി സ്ഥിരീകരിക്കപ്പെട്ടതോടെ രണ്ടിന്റെയും പ്രതിരോധപ്രവർത്തനങ്ങൾ ഒന്നിച്ചുകൊണ്ടുപോകേണ്ട വെല്ലുവിളിയാണ് ആരോഗ്യവിഭാഗത്തിനു മുന്നിലുള്ളത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേ വാർഡുകൾ നിപയുടെ നിരീക്ഷണവാർഡുകളാക്കി കോവിഡ്ചികിത്സ പി.എം.എസ്.എസ്.വൈ. കെട്ടിടത്തിലേക്കു മാറ്റിയെങ്കിലും നഴ്സിങ് സ്റ്റാഫ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 16 സംഘങ്ങളെയാണ് നിപ പ്രതിരോധപ്രവർത്തനത്തിനും സമ്പർക്കപ്പട്ടിക തയ്യാറാക്കാനും ഉൾപ്പെടെയുള്ള ജോലികൾക്കുമായി നിയോഗിച്ചത്. കോവിഡ് പ്രതിരോധത്തിൽനിന്നാണ് ഇവരെ മാറ്റിയത്. മാത്രമല്ല, നിപയെ കോവിഡിനെക്കാളും ഗൗരവത്തോടെ നേരിടേണ്ടതുകൊണ്ട് ആരോഗ്യവകുപ്പിന്റെ കൂടുതൽശ്രദ്ധ അതിൽ കേന്ദ്രീകരിക്കേണ്ടിവരുമെന്നതാണ് പ്രധാന പ്രശ്നം. കോഴിക്കോട്ടാണ് ഞായറാഴ്ച ഏറ്റവുംകൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ടുചെയ്തത്. 32 പഞ്ചായത്തുകളിൽ ഇപ്പോഴും സന്പൂർണ ലോക്ഡൗണാണ്. അവിടെ നിയന്ത്രണങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇനി കോവിഡ്ബാധിതരുടെ എണ്ണംകൂടുകയും കൂടുതൽ നിപ കേസുകൾ റിപ്പോർട്ടുചെയ്താൽ കൂടുതൽ പ്രതിസന്ധിയിലാവും. ഒന്നരവർഷമായി കോവിഡുമായുള്ള പോരാട്ടത്തിലായിരുന്നു ഡോക്ടർമാരും നഴ്സുമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് ജീവനക്കാർ. അവർക്കുതന്നെയാണ് പുതിയ വെല്ലുവിളികൂടി നേരിടേണ്ടിവരുന്നത്. പക്ഷേ, നിലവിലുള്ള കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കാത്തരീതിയിലാണ് നിപയ്ക്കുവേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ചാത്തമംഗലത്ത് ഇന്ന് അടിയന്തരയോഗം ചാത്തമംഗലം : ഗ്രാമപ്പഞ്ചായത്തിൽ നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച രാവിലെ 11ന് അടിയന്തരയോഗം നടക്കും. കെട്ടാങ്ങലിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന യോഗത്തിൽ എം.എൽ.എ., പോലീസ്, വില്ലേജ് ഓഫീസർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ചർച്ചകളുടെ അടിസ്ഥാനത്തിലാകും പിന്നീടുള്ള തീരുമാനങ്ങളെടുക്കുകയെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അറിയിച്ചു. മരിച്ചകുട്ടി താമസിച്ച വീടിനു മൂന്നുകിലോമീറ്റർ ചുറ്റളവിൽ അടിച്ചിടാനാണ് നിർദേശമുള്ളത്. ഇതുപ്രകാരം ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11, 12 വാർഡുകളും മുക്കം നഗരസഭയുടെ ഒരുവാർഡും കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ മൂന്നുവാർഡുകളും മാവൂരിലെ ഒരുവാർഡിന്റെ ഏതാനുംഭാഗവും അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു. നിപ സ്ഥിരീകരിച്ച വാർഡുകളിൽ കർശന നിയന്ത്രണം മാവൂർ: കഴിഞ്ഞദിവസം നിപ സ്ഥിരീകരിച്ച പാഴൂരിൽ കർശന നിയന്ത്രണമൊരുക്കി പോലീസ്. ശനിയാഴ്ച രാത്രി 11.45-ഓടെ മാവൂർ പോലീസിന്റെ നേതൃത്വത്തിൽ ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. പാഴൂരിന്റെ ചുറ്റുമുള്ള മൂന്നുകിലോമീറ്റർ ചുറ്റളവിൽ പൂർണമായി അടയ്ക്കാനും ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. മാവൂർ, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകളും മുക്കം മുനിസിപ്പാലിറ്റിയുടെ ചിലഭാഗങ്ങളും മൂന്നുകിലോമീറ്ററിനുള്ളിൽ പെടും. നിപ വൈറസ് ബാധ റിപ്പോർട്ടുചെയ്ത ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളും കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയുംചെയ്തു. ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വിൽപ്പനകേന്ദ്രങ്ങൾ രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ തുറക്കുകയുള്ളൂവെന്ന് കളക്ടർ അറിയിച്ചു. മരുന്നുഷോപ്പുകൾക്കും ആരോഗ്യകേന്ദ്രങ്ങൾക്കും സമയപരിധിയില്ലെന്നും കളക്ടർ അറിയിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാർഡായ പാഴൂർ മുഴുവനായും എട്ട്, 10, 12 വാർഡുകൾ ഭാഗികമായും അടച്ചു. ഈവാർഡുകളിലുള്ളവർ വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്നാണ് നിർദേശം. ഭക്ഷ്യസാമഗ്രികൾ തിരഞ്ഞെടുത്ത ആർ.ആർ.ടി.മാർ എത്തിച്ചുനൽകുമെന്നും പോലീസ് അറിയിച്ചു. കൂളിമാട് ജങ്ഷനിൽനിന്ന് പാഴൂരിലേക്കുപോകുന്ന വഴി ഞായറാഴ്ച രാവിലെ എട്ടുമുതൽ അടച്ചിട്ടുണ്ട്. ഡി.എസ്.ഒ. ഡോ. പീയൂഷ് നമ്പൂതിരി, ചാത്തമംഗലം പഞ്ചായത്ത് ഹെൽത്ത് ഓഫീസർ ഡോ. സുനിൽകുമാർ, ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, പഞ്ചായത്ത് അംഗങ്ങളായ ഇ.പി. വത്സല, റഫീക്ക് കൂളിമാട്, എച്ച്.എ. റഷീദ്, വില്ലേജ് ഓഫീസർ ജെസി എന്നിവർ സ്ഥലം സന്ദർശിച്ചു. മാവൂർ സി.ഐ. കെ. വിനോദ്, എസ്.ഐ. വി.ആർ. രേഷ്മ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുനുണ്ട്. മൈക്കിലൂടെ രോഗത്തെ സംബന്ധിച്ചും മുൻകരുതലുകളെടുക്കാനും നിർദേശം നൽകുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3zMW4sg
via
IFTTT
No comments:
Post a Comment