ഗ്രാവിറ്റി വിട്ടുള്ള വിടവാങ്ങൽ ആ ബ്രേക്ക്ത്രൂവിന്റെ വക്കിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 17, 2021

ഗ്രാവിറ്റി വിട്ടുള്ള വിടവാങ്ങൽ ആ ബ്രേക്ക്ത്രൂവിന്റെ വക്കിൽ

അവിശ്വസനീയതയോടെയാണ് ആ വാട്സാപ്പ് സന്ദേശം വായിച്ചത്. ഡോ. താണു പദ്മനാഭൻ അന്തരിച്ചു എന്നുകേൾക്കുന്നു, ശരിയാണോ. 2021-ലെ കേരള ശാസ്ത്രപുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞൻ എന്നനിലയ്ക്ക് ഡോ. പദ്മനാഭനെ ഇന്റർവ്യൂചെയ്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിന് കവർസ്റ്റോറി തയ്യാറാക്കാൻ, കഴിഞ്ഞമാസം ഏതാണ്ട് രണ്ടാഴ്ചയിലേറെ ഞാൻ ചെലവിട്ടിരുന്നു. വളരെ കണിശതയോടെയും കൃത്യനിഷ്ഠയോടെയും കാര്യങ്ങളെ സമീപിക്കുന്ന, ആശയങ്ങളെ അങ്ങേയറ്റം തെളിമയോടെ വിശകലനംചെയ്യുന്ന ഒരു ഗുരുനാഥനെയാണ് അന്ന് ആ ശാസ്ത്രജ്ഞനിൽ കണ്ടത്. നാലുവർഷംമുമ്പ് പദ്മനാഭന് 60 തികഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വിദ്യാർഥികളും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ഒരു പുസ്തകമുണ്ട്: ഗ്രാവിറ്റി ആൻഡ് ക്വാണ്ടം. അതിലെ ജീവചരിത്രക്കുറിപ്പിൽ ജസീറ്റ് സിങ് ബാഗ്ല, സുനു എൻജിനിയർ എന്നിവർ ഇങ്ങനെ രേഖപ്പെടുത്തി: ഗ്രാവിറ്റിയുടെ കാര്യത്തിൽ ഒരു അടിസ്ഥാനസങ്കല്പവ്യതിയാനം സംഭവിച്ചത് 1915-ലാണ്, ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാസിദ്ധാന്തംവഴി. ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ, പദ്മനാഭന്റെ ഗവേഷണം വഴി പുതിയൊരു സങ്കല്പവ്യതിയാനം സംഭവിക്കാനുള്ള പുതിയ മുന്നേറ്റത്തിന്റെ വക്കിലാണ് നമ്മൾ. അത്തരമൊരു ബ്രേക്ക്ത്രൂവിന്റെ വക്കിൽ ശാസ്ത്രലോകം നിൽക്കുമ്പോൾ, ഗ്രാവിറ്റിയെവിട്ട് പദ്മനാഭൻ വിടവാങ്ങി എന്നത് ഏറെ സങ്കടകരമാണ്. ആദ്യം വായിച്ചപ്പോൾ അത് വ്യാജസന്ദേശമാകണേ എന്ന് ഒരുവേള മനസ്സിൽ തോന്നിയെങ്കിലും എല്ലാ നാടകീയതകളെയും തോൽപ്പിക്കുന്ന പരിണാമഗുപ്തി മരണത്തിനുണ്ടെന്ന യാഥാർഥ്യത്തിലേക്ക് അധികം വൈകാതെയെത്തി. ഏറെ ഗുരുത്വമുണ്ടായിരുന്ന, ഗുരുത്വം ജീവിതവ്രതമാക്കിയ ആ ശാസ്ത്രജ്ഞൻ വിടവാങ്ങിയിരിക്കുന്നു! താണുപദ്മനാഭനും ഭാര്യ വാസന്തിയും ഗ്രാവിറ്റിക്കുവേണ്ടിയുള്ള ജന്മമായിരുന്നു ഡോ. പദ്മനാഭന്റേത്. പുതിയ തലമുറയ്ക്ക് നൽകാനുള്ള സന്ദേശമെന്താണെന്ന്, സംസാരിക്കുന്നതിനിടെ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ഏതിലാണോ നിങ്ങൾക്ക് കൂടുതൽ താത്പര്യം, അത് പിന്തുടരുക. ബഹുമതികളും അംഗീകാരങ്ങളും പിന്നാലെ എത്തിക്കൊള്ളും. ചെയ്യുന്ന കാര്യത്തിൽ താത്പര്യം വേണം, പ്രതിബദ്ധതയും. സ്വന്തം ജീവിതംതന്നെയാണ് ഈ ചുരുങ്ങിയ വാക്കുകളിൽ അടുത്ത തലമുറയോടുള്ള സന്ദേശമായി ഡോ. പദ്മനാഭൻ നൽകിയതെന്ന് ഇപ്പോഴത് വീണ്ടും വായിക്കുമ്പോൾ വ്യക്തമാകുന്നു. തിരുവനന്തപുരം നഗരത്തിൽ ചെലവിട്ട ഇല്ലായ്മകളുടെ ബാല്യത്തിൽപ്പോലും പിതാവിന്റെ പക്കൽനിന്ന് പകർന്നുകിട്ടിയ ഗണിതം മുറുകെപ്പിടിച്ചാണ് പദ്മനാഭൻ വളർന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഫിസിക്സ് മെയിനെടുത്ത് ബി.എസ്സി.ക്ക് ചേരുമ്പോഴേക്കും ഗ്രാവിറ്റി ആ യുവാവിനെ ആവേശിച്ചു കഴിഞ്ഞിരുന്നു. ബി.എസ്സി.യും എം.എസ്സി.യും സ്വർണ മെഡലോടെ ഒന്നാംറാങ്കിൽ പാസായി, മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽനിന്ന് ക്വാണ്ടം കോസ്മോളജിയിൽ പിഎച്ച്.ഡി. നേടി അവിടെത്തന്നെ അധ്യാപകനാകുമ്പോഴും വർഷങ്ങൾക്കുശേഷം പുണെയിൽ ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സി(IUCAA)ൽ ചേരുമ്പോഴും ആസ്ട്രോഫിസിക്സിലെ പല വിഷയങ്ങളിലും ആഴത്തിൽ പഠിച്ചെങ്കിലും വിടാതെ കൂടെക്കൂട്ടിയത് ഗ്രാവിറ്റിയെയായിരുന്നു. സൂക്ഷ്മപ്രപഞ്ചത്തിൽ ഗുരുത്വാകർഷണം ഉൾക്കൊള്ളിക്കാനുള്ള ക്വാണ്ടം ഗ്രാവിറ്റി എന്ന പഠനശാഖയിലാണ് പദ്മനാഭന്റെ പ്രധാന സംഭാവന. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കംമുതൽ ക്വാണ്ടംഗ്രാവിറ്റിക്ക് കൂടുതൽ സമയം മാറ്റിവെക്കാൻ അദ്ദേഹം തീരുമാനിച്ചു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം (ജനറൽ റിലേറ്റിവിറ്റി), ക്വാണ്ടംഭൗതികം-ഇതുരണ്ടും ഒറ്റസിദ്ധാന്തത്തിന്റെ ഭാഗമാക്കി മാറ്റാൻ ഇതുവരെനടന്ന ഒരു ശ്രമവും വിജയിച്ചിട്ടില്ല. എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതാണ് പദ്മനാഭന്റെ പഠനം. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി പദ്മനാഭൻ നടത്തുന്ന അന്വേഷണം നൽകുന്ന സൂചന ഇങ്ങനെയാണ്: ജനറൽ റിലേറ്റിവിറ്റിയിൽ പറയുന്ന സ്ഥല-കാല ഘടന (സ്പേസ്-ടൈം ഘടന)യെക്കുറിച്ച് നമ്മൾ വെച്ചുപുലർത്തുന്ന അബദ്ധധാരണയാണ് പരാജയങ്ങൾക്കുകാരണം. തെറ്റായ ഭൗതികസത്ത(physical entity)യ്ക്കുമേലാണ് ക്വാണ്ടംനിയമങ്ങൾ നമ്മൾ പ്രയോഗിക്കാൻ ശ്രമിക്കുന്നത്! ഇക്കാര്യത്തിൽ ശരിയായ വഴി എന്താണെന്ന് പറഞ്ഞുതരുന്നു പദ്മനാഭന്റെ പഠനങ്ങൾ. പക്ഷേ, ആ വഴിയിലൂടെ ശാസ്ത്രം നീങ്ങുന്നതുകാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പ്രപഞ്ചപഠനമാണ് പദ്മനാഭന്റെ മുദ്രപേറുന്ന മറ്റൊരു പഠനമേഖല. 2017-ൽ പ്രാപഞ്ചികസ്ഥിരാങ്കം സംബന്ധിച്ച് മകൾ ഡോ. ഹംസ പദ്മനാഭനുമായി ചേർന്ന് പദ്മനാഭൻ പ്രസിദ്ധീകരിച്ച പഠനത്തെക്കുറിച്ച് ഇതുവരെ ശാസ്ത്രലോകം ചർച്ചചെയ്തു കഴിഞ്ഞിട്ടില്ല. ഞങ്ങൾ ശരിയായ വഴിയിലാണെന്ന ഉറച്ച വിശ്വാസമുണ്ട് -പദ്മനാഭൻ ഈ ലേഖകനോട് പറഞ്ഞു. വളരെ അർഥവത്തായ ഒരു സംഗതി പ്രസ്താവിച്ചുകൊണ്ടാണ് പദ്മനാഭൻ ഇന്റർവ്യൂ അവസാനിപ്പിച്ചത്. തന്നെപ്പോലുള്ള ശാസ്ത്രജ്ഞർ ബഹുമതികൾക്കുവേണ്ടിയല്ല ഗവേഷണം നടത്തുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങൾ എന്താണോ വർക്കുചെയ്യുന്നത്, അത് ആസ്വദിക്കുന്നു. അതാണ് ഏറ്റവും വലിയ പ്രതിഫലം. പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്തുന്നതിലെ നിർവൃതിതന്നെയാണ് ഏറ്റവും വലിയ പ്രതിഫലം -അദ്ദേഹം അറിയിച്ചു. ആ നിർവൃതി അനുഭവിച്ചുതന്നെയാണ് പദ്മനാഭൻ വിടവാങ്ങുന്നത്. ഭാവിഗവേഷകർക്ക് ഗ്രാവിറ്റിയുടെ പുതിയപാത തുറന്നിട്ടുകൊണ്ട്!


from mathrubhumi.latestnews.rssfeed https://ift.tt/2VRB1pJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages