സജിതകുമാരി തിരുവനന്തപുരം: ആശിച്ചുവെച്ച വീടിനുള്ളിൽ പാലുകാച്ചലിന്റെ തലേദിവസം നിർധന വീട്ടമ്മയ്ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കുന്നുകുഴി ബാർട്ടൺഹിൽ കോളനിയിൽ ടി.സി. 12/1016ൽ സജിതകുമാരി(മോളി-49) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു സംഭവം. വ്യാഴാഴ്ച നടക്കാനിരുന്ന പാലുകാച്ചിന് മുമ്പ് വീട് വൃത്തിയാക്കാൻ എത്തിയതായിരുന്നു സജിത. വീടിന്റെ പണി പൂർത്തിയായിരുന്നില്ല. വൈദ്യുതീകരണ ജോലികൾ രാത്രിയും നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വയറുകൾ മുറികളിൽ കിടക്കുന്നുണ്ടായിരുന്നു. തറ വൃത്തിയാക്കുന്നതിനിടയിൽ വയറുകളിൽനിന്ന് ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഇത് ആരും അറിഞ്ഞില്ല. ബാക്കി പണിക്കായി ജോലിക്കാരും മക്കളും എത്തുമ്പോഴാണ് സജിത വീണുകിടക്കുന്നതു കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സജിതയുടെ ഭർത്താവിന്റെ അമ്മയുടെ പേരിലുള്ളതാണ് സ്ഥലം. സ്വന്തം പേരിലുള്ളതല്ലാത്തതിനാൽ സർക്കാർ സഹായം ലഭിച്ചിരുന്നില്ല. പക്ഷാഘാതവും ഹൃദയസംബന്ധമായ രോഗങ്ങളും ഉണ്ടായിട്ടും സ്വന്തമായി നിർമാണജോലി വരെ ചെയ്താണ് സജിത രണ്ട് മക്കൾക്കൊപ്പം വീടിന്റെ പണി ഏകദേശം പൂർത്തിയാക്കിയത്. സജിതയും മക്കളും കൂലിപ്പണിക്കാരാണ്. വീടുപണിക്കായി നാട്ടുകാരും സംഘടനകളും സഹായിച്ചിരുന്നു. വാടകവീട് ഒഴിയേണ്ട സമയമായതോടെ വ്യാഴാഴ്ച അടിയന്തരമായി പുതിയ വീട്ടിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു. അസുഖങ്ങൾ കാരണം വീടിനു സമീപത്തെ ഒരു റേഷൻ കടയിലാണ് സജിത ജോലി ചെയ്തിരുന്നത്. മക്കൾ: മിഥുൻ, മൃദുൽ. മരുമകൾ: ദിവ്യ എസ്.എൽ.
from mathrubhumi.latestnews.rssfeed https://ift.tt/3jY6D6h
via
IFTTT
No comments:
Post a Comment