തിരുവനന്തപുരം: തുടർച്ചയായി അധികാരം കിട്ടിയപ്പോൾ പാർട്ടിതന്നെ ഇല്ലാതായിപ്പോയ അനുഭവം ബംഗാളിൽനിന്ന് കേരളവും ഉൾക്കൊള്ളണമെന്ന് സി.പി.എം. സർക്കാരിനെ എല്ലാവരുടെയും സർക്കാരാണെന്ന് കണക്കാക്കാനായില്ലെങ്കിൽ അത് നാശത്തിന് വഴിയൊരുക്കും. പാർട്ടിപ്രവർത്തനമെന്നാൽ ദൈനംദിന സർക്കാർ പ്രവർത്തനത്തിൽ ഇടപെടലല്ല. ഇത് പാർട്ടി സെൽഭരണം എന്ന പ്രചാരണത്തിന് ആക്കംകൂട്ടും. ആ രീതി വേണ്ടെന്ന് സി.പി.എം. സംസ്ഥാനകമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. എല്ലാവിഭാഗം ജനങ്ങൾക്കും നീതിയുറപ്പാക്കുന്ന പ്രവർത്തനമാണ് സർക്കാർ പിന്തുടരേണ്ടത്. സർക്കാർ, പാർട്ടിസഖാക്കളെമാത്രം പരിഗണിക്കുന്ന ഒന്നായിമാറരുത്. അത് മറ്റു ജനവിഭാഗങ്ങളിൽനിന്ന് പാർട്ടിയെ ഒറ്റപ്പെടുത്തും. നീതിയുക്തമായ പ്രവർത്തനങ്ങളിലൂടെ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് സി.പി.എമ്മിന്റെ അടിത്തറ വിപുലപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. ജനങ്ങളുടെ ദുഃഖവും പ്രയാസവുമാണ് വർഗീയശക്തികളടക്കം ചൂഷണം ചെയ്യുന്നത്. ഹിന്ദുകുടുംബങ്ങളിൽ ആർ.എസ്.എസ്. ഇടപെടുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കണം. കർഷകരുടെയും തൊഴിലാളികളുടെയും ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിനുകഴിഞ്ഞാൽ ഛിദ്രശക്തികൾക്ക് നുഴഞ്ഞുകയറാൻ അവസരമുണ്ടാകില്ല. കഴിഞ്ഞകാല ത്യാഗങ്ങളെമാത്രം ആശ്രയിച്ചുകൊണ്ട് പാർട്ടിക്ക് ഇനി മുന്നോട്ടുപോകാനാകില്ല. വർത്തമാനകാലപ്രതിസന്ധികളിലും പ്രശ്നങ്ങളിലും ഇടപെട്ട് ജനങ്ങളെ നയിക്കാൻ പ്രാപ്തരാണെന്ന് ബോധ്യപ്പെടുത്തുന്ന അനുഭവങ്ങൾ സൃഷ്ടിക്കാൻ പാർട്ടി അംഗങ്ങൾക്ക് കഴിയണം. സി.പി.എമ്മിന്റെ അടിത്തറ അടിസ്ഥാന ജനവിഭാഗങ്ങളിലാണ്. അവരുടെ ജീവിതത്തെ മുന്നോട്ടുനയിക്കാൻ ഇടതുപക്ഷസർക്കാരിന് കഴിയുകയെന്നത് പ്രധാനമാണ്. എങ്കിലേ തന്റെ സർക്കാരാണിതെന്ന ബോധത്തിലേക്ക് പാവപ്പെട്ടവരെ എത്തിക്കാനാകൂവെന്നും റിപ്പോർട്ടിൽ പറയുന്നു. ഫയൽ പ്രതിപക്ഷത്തെത്തുന്നതിൽ ജാഗ്രതവേണം സർക്കാർ ഫയലുകളും വിവരങ്ങളും ചോരാതിരിക്കാൻ ജാഗ്രത വേണമെന്നും സി.പി.എം. മന്ത്രിമാർക്കുള്ള നിർദേശമായി പറയുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫയലുകൾ പലതും പ്രതിപക്ഷത്തിനുനൽകുന്ന രീതി ഉദ്യോഗസ്ഥരിലുണ്ടായിരുന്നു. തുടർഭരണം വന്നപ്പോൾ, അന്ന് തലപൊക്കിയശക്തികൾ ദുർബലപ്പെട്ടിട്ടുണ്ട്. എങ്കിലും ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രതയുണ്ടാവണം. ഭരണതലത്തിൽ ഏറെ അനുഭവമുള്ളവരാണ് ഉദ്യോഗസ്ഥർ. അവരുടെ കാര്യശേഷി പ്രയോജനപ്പെടുത്തണം. ഉദ്യോഗസ്ഥസംവിധാനം മന്ത്രിക്കും മന്ത്രിയുടെ ഓഫീസിനും കീഴിൽത്തന്നെ നിർത്തുന്നതിന് ശ്രദ്ധിക്കണം. ഏതെങ്കിലും ഫയലിൽ പ്രത്യേക തീരുമാനമെടുക്കുന്നതിനുമുമ്പ് മന്ത്രി-ഉദ്യോഗസ്ഥതല ചർച്ച നടക്കണം. വകുപ്പിന്റെ തീരുമാനം പിന്നീട് മന്ത്രി തിരുത്തുന്ന സ്ഥിതിയുണ്ടാകരുത്. അത് പ്രചാരണ കോലാഹലത്തിന് വഴിവെക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3AwvgN9
via
IFTTT
No comments:
Post a Comment