തൃശ്ശൂർ: കൊടിസുനിയെ കൊല്ലാൻ ജയിലിൽ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പോലീസും ജയിൽവകുപ്പും വേറെവേറെ അന്വേഷണം നടത്തുന്നുണ്ട്. ജയിൽ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്കെതിരേ ആരോപണം ഉയർന്നുകഴിഞ്ഞ സാഹചര്യത്തിലാണ് അന്വേഷണം വേഗത്തിലാക്കുന്നത്. ഉത്തരമേഖലാ ജയിൽ ഐ.ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് ജയിൽവകുപ്പിന്റെ അന്വേഷണം. കഴിഞ്ഞ ദിവസം ഇദ്ദേഹം കൊടിസുനിയുടെ മൊഴിയെടുത്തു. ഐ.ജി. തൃശ്ശൂരിൽത്തന്നെ തുടരുന്നുമുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം. ഇതിന്റെ വിവരശേഖരണം തുടങ്ങിയെന്നാണ് അറിയുന്നത്. സുനിയെ കാണാൻ ജയിലിലെത്തിയ പലരുമായും സംഘം ബന്ധപ്പെടുന്നുണ്ട്. സ്വർണക്കടത്തുസംഘമാണ് ക്വട്ടേഷന്റെ പിറകിലെന്ന സംശയമാണ് സുനി സുഹൃത്തുക്കളോട് പങ്കുവെച്ചത്. കൊടിസുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലോടെയാണ് ജയിലിലെ ക്വട്ടേഷൻ വിവരം പുറംലോകം അറിയുന്നത്. ഫ്ലാറ്റ് കൊലക്കേസിലെ റഷീദും സംഘവും ക്വട്ടേഷൻ ഏൽപ്പിക്കാൻ ശ്രമിച്ച വിവരം സഹതടവുകാരൻ സുനിയോടു തുറന്നുപറയുകയായിരുന്നു. തുടർന്ന് ജയിൽ അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. പക്ഷേ, പരാതിക്കാരനെ ജയിൽ മാറ്റുകയെന്ന നടപടിയാണ് ജയിൽ അധികൃതർ സ്വീകരിച്ചത്. ജയിലിൽ സുരക്ഷ ശക്തമാക്കുന്നു തൃശ്ശൂർ: പതിവായി നിരോധിതവസ്തുക്കൾ പിടികൂടുന്ന വിയ്യൂർ സെൻട്രൽ ജയിലിൽ സുരക്ഷ ശക്തമാക്കുന്നു. സംശയനിഴലിലുള്ള ജീവനക്കാരെ മാറ്റും. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന കൊടി സുനിക്കുനേരെപ്പോലും ക്വട്ടേഷൻ ഉണ്ടായെന്ന വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തിലാണ് തിരക്കിട്ട നീക്കം. തടവുകാരും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിതബന്ധമാണ് ക്രമക്കേടുകളുടെ കാരണമെന്ന് ജയിൽ രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംശയത്തിലുള്ള ജീവനക്കാരെ ഇവിടെനിന്ന് മാറ്റും. കഴിഞ്ഞ ദിവസം ജയിൽ സന്ദർശിച്ച ജയിൽമേധാവി ഷേക്ക് ദർവേസ് സഹേബ് ജയിലിലെ സുരക്ഷയടക്കമുള്ള വിവരങ്ങളും ജീവനക്കാരുടെ ഇടപെടലും സംബന്ധിച്ച പൂർണവിവരങ്ങൾ ശേഖരിച്ചു. മതിയായ ജീവനക്കാരില്ലാത്ത വിഷയവും ചർച്ചയായി. ജയിലിലെ മൊബൈൽ ജാമറുകൾ, സി.സി.ടി.വി. ക്യാമറകൾ അടക്കമുള്ളവ പ്രവർത്തനക്ഷമമല്ല. പരിഹരിക്കാൻ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3AobjYG
via
IFTTT
No comments:
Post a Comment