തൃശ്ശൂർ: സിവിൽ സർവീസ് ബാലികേറാമലയെന്ന ധാരണ കേരളത്തിലെ വിദ്യാർഥികളും മാറ്റിക്കൊണ്ടിരിക്കുകയാണ്. 2011-ന് ശേഷം വർഷം ശരാശരി 30 പേർ സിവിൽ സർവീസ് പട്ടികയിൽ ഇടംനേടുന്നുണ്ട്. കേരള സിവിൽ സർവീസ് അക്കാദമിയടക്കം സംസ്ഥാനത്ത് സിവിൽ സർവീസ് പരിശീലനസ്ഥാപനങ്ങൾ വർധിച്ചതും വീടുകളിൽനിന്നും മാധ്യമങ്ങളിൽനിന്നും ലഭിക്കുന്ന പിന്തുണയും കേരളത്തിലെ വിദ്യാർഥികളെ സിവിൽ സർവീസിലേക്ക് കൂടുതൽ അടുപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു. സിവിൽ സർവീസ് കിട്ടണമെങ്കിൽ ഡൽഹിയിൽ പോയി പഠിക്കണമെന്ന സ്ഥിതിയായിരുന്നു മുൻപ്. എന്നാൽ ഇന്ന് മികച്ച പരിശീലനം നൽകുന്ന ഇരുപതിലേറെ സ്ഥാപനങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. കുടുംബവും മാധ്യമങ്ങളും നൽകുന്ന പിന്തുണ വിദ്യാഭ്യാസം കഴിഞ്ഞാലുടൻ ജോലി അല്ലെങ്കിൽ വിവാഹം എന്ന ചിന്താഗതിയിൽനിന്ന് മലയാളി വിദ്യാർഥികളും അവരുടെ കുടുംബങ്ങളും ഏറെ മുന്നേറിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളുടെ കടന്നുവരവോടെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെക്കുറിച്ച് അടുത്തറിയാനാകുന്നതും തങ്ങളുടെ മുൻഗാമികൾക്ക് മാധ്യമങ്ങളും സമൂഹവും നൽകുന്ന പിന്തുണയും സിവിൽ സർവീസിലേക്ക് വിദ്യാർഥികളെ കൂടുതൽ അടുപ്പിക്കുന്നു. ബുദ്ധിജീവികൾക്കും അതിസമ്പന്നർക്കുമുള്ളതാണ് സിവിൽ സർവീസെന്ന ചിന്തയിൽനിന്ന് കേരളം മാറിത്തുടങ്ങി. ചിട്ടയായ പഠനത്തിലൂടെ തങ്ങൾക്കും സിവിൽ സർവീസ് നേടാമെന്ന ആത്മവിശ്വാസം കുട്ടികളിലുണ്ടായി. മണ്ഡൽ കമ്മിഷൻ സംവരണം നടപ്പിലായതോടെ കുറെയേറെ സമുദായങ്ങൾക്ക് ഇതിന്റെ ഗുണം ലഭിച്ചതും കേരളത്തിന്റെ ഗ്രാഫ് ഉയർത്തിയിട്ടുണ്ട്. സംസ്ഥാനത്തുനിന്ന് സിവിൽ സർവീസ് പട്ടികയിൽ ഇടംനേടിയവർ വർഷം, എണ്ണം എന്ന ക്രമത്തിൽ 2011-33 2012-34 2014-50 2015-24 2016-48 2017-29 2018-25 2019-36 2020-42 പുതിയ ആശയങ്ങൾ യുവജനങ്ങൾക്ക് പ്രചോദനം സംസ്ഥാനതലത്തിലും ദേശീയതലത്തിലും വരുന്ന പുതിയ ആശയങ്ങളും പദ്ധതികളുമെല്ലാം സാമൂഹിക സേവനത്തിലേക്കും സിവിൽ സർവീസിലേക്കും വിദ്യാർഥികളെ ആകർഷിക്കുന്നുണ്ട്. ന്യൂഡൽഹിയോടും ഹൈദരാബാദിനോടും കിടപിടിക്കുന്ന രീതിയിൽ കേരളത്തിലും പരിശീലനകേന്ദ്രങ്ങൾ തുടങ്ങിയതും നമ്മുടെ മുന്നേറ്റത്തിന് കാരണമാണ്. -മുഹമ്മദ് ഹനീഷ് പൊതുവിദ്യാഭ്യാസ സെക്രട്ടറി എൻജിനീയറിങ് വിദ്യാഭ്യാസം സാർവത്രികമായി എൻജിനീയറിങ് വിദ്യാഭ്യാസം സാർവത്രികമായതും സീറ്റുകൾ വർധിച്ചതും ഒരുതരത്തിൽ സിവിൽ സർവീസിലെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. എൻജിനീയറിങ്ങിൽ മാർക്ക് സ്കോർ ചെയ്യാൻ എളുപ്പമായതാണ് കാരണം. മുൻപ് ഹ്യുമാനിറ്റീസ് വിദ്യാർഥികൾ മാത്രം ശ്രമിച്ചുകൊണ്ടിരുന്ന സിവിൽ സർവീസിലേക്ക് ഒട്ടേറെ എൻജിനീയറിങ് വിദ്യാർഥികൾ വരുന്നുണ്ട്. -കെ. ജയകുമാർ, മുൻ ചീഫ് സെക്രട്ടറി
from mathrubhumi.latestnews.rssfeed https://ift.tt/3i7RbTC
via
IFTTT
No comments:
Post a Comment