രാമനാട്ടുകര: മലയിടുക്കുകളും ദുർഘടമായ പാതയും കാലാവസ്ഥാ വ്യതിയാനങ്ങളും അതിജീവിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സിലേക്ക് കാറോടിച്ചുകയറിയ മൂന്നുപേരുണ്ട്. ലഡാക്കിൽനിന്ന് കന്യാകുമാരിവരെ നിർത്താതെ കാറിൽ സഞ്ചരിച്ച് കുറഞ്ഞസമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തി റെക്കോഡിട്ട ഫാറൂഖ് കോളേജ് സ്വദേശി ബിബിൻ കൃഷ്ണൻ, മലപ്പുറം ആക്കോട് സ്വദേശി നൗഫൽ, ആലപ്പുഴ സ്വദേശി സമീർ എന്നിവരാണത്. ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ ഇവർക്കാകെ 49 മണിക്കൂറും 34 മിനിറ്റും മാത്രമേ വേണ്ടിവന്നുള്ളൂ. അതോടെ ഏഴുവർഷംമുമ്പുള്ള 52 മണിക്കൂർ 58 മിനിറ്റിന്റെ റെക്കോഡ് ഈ മൂവർസംഘം തിരുത്തിയെഴുതി. സെപ്റ്റംബർ ഒന്നിന് രാവിലെ 7.05-ന് ലഡാക്കിൽനിന്ന് യാത്രയാരംഭിച്ച് സെപ്റ്റംബർ മൂന്നിന് രാവിലെ 8.39-ഓടെയാണ് കന്യാകുമാരിയിൽ എത്തിയത്. 17 മണിക്കൂറോളം ദുർഘടമായ ഹിമാലയൻ പാതകളിലൂടെ യാത്രചെയ്ത് പഞ്ചാബിൽ എത്തിയ സംഘം പ്രതികൂലമായ സാഹചര്യങ്ങൾ തരണംചെയ്ത് ഹരിയാണ, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക വഴി തമിഴ്നാട്ടിലെ കന്യാകുമാരിയിൽ എത്തിയപ്പോൾ 3870 കിലോമീറ്ററാണ് താണ്ടേണ്ടിവന്നത്. ഏറെക്കാലത്തെ പരിചയമുള്ളവരൊന്നുമല്ല ഇവർ. എന്നാൽ, മൂന്നുപേർക്കും ഒരുപോലെയുള്ള യാത്രാഭ്രാന്താണ് ഇവരുടെ സൗഹൃദത്തെ കൂട്ടിയിണക്കിയത്. ജീവിച്ചുതീരുംമുന്നെ തങ്ങളുടെപേരിൽ എന്തെങ്കിലും റെക്കോഡുകളുണ്ടാവണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അതെങ്ങനെ എന്നൊരു ധാരണയുണ്ടായിരുന്നില്ല. യാത്രാസ്നേഹികളായതുകൊണ്ട് വാഹനമോടിച്ചുതന്നെ റെക്കോഡ് നേടാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ലഡാക്ക്-കന്യാകുമാരി ദൗത്യം തീരുമാനിച്ചുറപ്പിച്ചശേഷം തയ്യാറെടുപ്പുകൾക്കായി ആറുമാസം വേണ്ടിവന്നു. ടീം എഫ് വൺ ഇന്ത്യ എന്ന ട്രാവൽ പ്ലാറ്റ്ഫോം രൂപവത്കരിച്ചാണ് യാത്ര ആരംഭിച്ചത്. ഗൂഗിൾ മാപ്പ് വഴിയാണ് റൂട്ട് നിശ്ചയിച്ചത്. മുമ്പേ നടത്തിയ യാത്രകളിൽ കണ്ടെത്തിയ സുഹൃത്തുക്കൾ വിവിധ സംസ്ഥാനങ്ങളിലായിട്ടുണ്ട്. ഇവർ മുഖേനെ അവിടത്തെ സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ടേയിരുന്നു. മൂന്നുപേരും മാറിമാറിയാണ് നിർത്താതെ വാഹനമോടിച്ചത്. ആവശ്യത്തിനുള്ള ഭക്ഷണവും മറ്റും വാഹനത്തിൽ സജ്ജീകരിച്ചിരുന്നു. യാത്ര ആരംഭിച്ചിടത്തും അവസാനിച്ചിടത്തും ഗസറ്റഡ് ഓഫീസർമാർ സമയം രേഖപ്പെടുത്തി. കോഴിക്കോട് സിറ്റി പോലീസ് ജനമൈത്രി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ ഫറോക്ക് സ്റ്റേഷൻ അംഗവും കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സോൺ 85 രക്ഷാധികാരിയുമാണ് ബിബിൻ കൃഷ്ണൻ. നൗഫൽ ഗ്രാഫിക് ഡിസൈനറും. സമീർ ടൂറിസം മേഖലയിൽ പ്രവർത്തിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3EqenGp
via
IFTTT
No comments:
Post a Comment