അനുനയത്തിന് കോൺഗ്രസ് നേതൃത്വം; ഹൈക്കമാൻഡ് ഇടപെടണമെന്ന് ഗ്രൂപ്പുകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 3, 2021

അനുനയത്തിന് കോൺഗ്രസ് നേതൃത്വം; ഹൈക്കമാൻഡ് ഇടപെടണമെന്ന് ഗ്രൂപ്പുകൾ

തിരുവനന്തപുരം: കോൺഗ്രസിലെ തർക്കപരിഹാരത്തിന് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കാണും. തിങ്കളാഴ്ച യു.ഡി.എഫ്. യോഗമുള്ളതിനാൽ ചൊവാഴ്ച ഇരുവരെയും കാണാനാണ് ശ്രമം. കാണാനുള്ള താത്പര്യം ഇരുനേതാക്കളെയും അറിയിച്ചു. ഹൈക്കമാൻഡ് ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യത്തിലേക്ക് എ, ഐ ഗ്രൂപ്പ് നേതൃത്വം എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം വെടിനിർത്തലിന്റെ അന്തരീക്ഷമുയർന്നെങ്കിലും എ, ഐ ഗ്രൂപ്പുകൾ പുതിയ നേതൃത്വവുമായി സമരസപ്പെട്ടിട്ടില്ല. കോട്ടയം ഡി.സി.സി. പ്രസിഡന്റ് ചുമതലയേൽക്കുന്ന സമ്മേളനത്തിൽ രമേശ് ചെന്നിത്തലയും കെ.സി. ജോസഫും പരോക്ഷമായി പുതിയ നേതൃത്വത്തിനെതിരേ കടുത്തവിമർശനമുയർത്തിയത് തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നു പ്രഖ്യാപിക്കാനായിരുന്നു. കഴിഞ്ഞദിവസം സതീശൻ, ഉമ്മൻചാണ്ടിയുമായും രമേശുമായും സംസാരിച്ചിരുന്നു. അനുനയമുണ്ടാക്കാനുള്ള ശ്രമത്തിനിടെ രമേശ് വിമർശനം ഉന്നയിച്ചത് ഔദ്യോഗിക നേതൃത്വത്തിനു നീരസമുണ്ടാക്കി. ഡി.സി.സി. പ്രസിഡന്റുമാരെക്കുറിച്ചല്ല തർക്കമെന്നും ആ പട്ടികയിലേക്ക് എത്തിയ വഴികളിൽ തങ്ങളെ അപമാനിച്ചെന്നുമുള്ള വികാരമാണ് എ, ഐ ഗ്രൂപ്പ് നേതൃത്വം ഉയർത്തുന്നത്. തങ്ങൾ നേതൃസ്ഥാനത്തിരുന്നപ്പോൾ ധാർഷ്ട്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറയുന്നത് നിലവിലെ നേതൃത്വം തങ്ങളോട് ആ വികാരം പ്രകടിപ്പിച്ചുവെന്നു വ്യക്തമാക്കുന്നതാണ്. സർക്കാരിനെ മുൾമുനയിൽ നിർത്തിയ പ്രതിപക്ഷനേതാവ് ആർക്കും വേണ്ടാതായി എന്നുപറഞ്ഞ് കെ.സി. ജോസഫ് ചെന്നിത്തലയ്ക്ക് എ ഗ്രൂപ്പിന്റെ പിന്തുണ പരസ്യമാക്കി.എ, ഐ ഗ്രൂപ്പുകളിൽനിന്ന് കൂടുതൽ പ്രകോപനമുണ്ടായാലും മറുപടിപറയേണ്ടെന്ന തീരുമാനത്തിലാണ് ഔദ്യോഗിക നേതൃത്വം. നേരത്തേ നിശ്ചയിച്ച സമയക്രമമനുസരിച്ച് പുനഃസംഘടനയുമായി മുന്നോട്ടുപോകാനാണ് ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. അനുനയത്തിനു ശ്രമിക്കുമ്പോഴും രണ്ടു ഗ്രൂപ്പുകളും നിർദേശിക്കുന്നവരെ ഭാരവാഹികളായി അതേപടി നിയമിക്കുകയല്ല പരിഹാരമെന്നും അവർ ഉറപ്പിക്കുന്നു. എന്നാൽ, തങ്ങൾക്കുണ്ടായ അപമാനം ചെറുതല്ലാത്തതിനാൽ ഹൈക്കമാൻഡ് ഇടപെട്ട് പ്രശ്നം പരിഹരിക്കട്ടെയെന്ന നിലപാടിലാണ് ഉമ്മൻചാണ്ടിയും രമേശും. അതിനുള്ള ശ്രമമുണ്ടായില്ലെങ്കിൽ വിമർശനം കടുപ്പിക്കാനും എ, ഐ ഗ്രൂപ്പുകളിൽ ധാരണയുണ്ട്. ഇരുഗ്രൂപ്പുകളും സംയുക്തമായിട്ടായിരിക്കും മുന്നോട്ടുനീങ്ങുക.കെ.പി.സി.സി. ജനറൽ സെക്രട്ടറിമാർ, ഡി.സി.സി. ഭാരവാഹികൾ എന്നിവരുടെ നിയമനത്തിൽ മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചേ മുന്നോട്ടുപോകൂവെന്ന് സുധാകരനും സതീശനും പറയുന്നു. എന്നാൽ, തങ്ങൾ വീണ്ടും അപമാനിക്കപ്പെടരുതെന്നും ഹൈക്കമാൻഡ് അക്കാര്യം ഉറപ്പാക്കണമെന്നും ഗ്രൂപ്പ് നേതൃത്വം ആവശ്യപ്പെടുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3h1qU95
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages