മല്ലപ്പള്ളി: ആറ്റുനോറ്റിരുന്ന സർക്കാർ ജോലി ആരോ തട്ടിയെറിഞ്ഞ നൊമ്പരത്തിലാണ് കോട്ടാങ്ങൽ കുളത്തൂർ ചെറിയമുളയ്ക്കൽ എസ്.ശ്രീജ. പട്ടിണിയിലും പഠിച്ചുനേടാമെന്ന പ്രതീക്ഷയായിരുന്നു, കോട്ടയം പാമ്പാടി കോത്തല പുത്തൻപുരയ്ക്കൽ വീട്ടിൽനിന്ന് ആലാമ്പള്ളി സ്കൂളിലും വാഴൂർ എസ്.വി.ആർ. എൻ.എസ്.എസ്. കോളേജിലും പോകുമ്പോൾ ഇവർക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ്, വിവാഹം കഴിഞ്ഞ് കോട്ടാങ്ങലെത്തി വീട്ടുജോലിയുടെ തിരക്കിലും പരീക്ഷകളൊന്നും മുടക്കാതിരുന്നത്. ഒടുവിൽ പ്രായപരിധി പിന്നിട്ട് 41 വയസ്സായി. കിട്ടുമായിരുന്ന തൊഴിലാണ് ഇപ്പോൾ നഷ്ടമായത്. സ്വപ്നങ്ങൾ തല്ലിത്തകർത്തവരോടുള്ള രോഷവും കഷ്ടപ്പാടിന് ഫലമില്ലാതായതിന്റെ സങ്കടവുമാണ് ഈ രണ്ട് കുടുംബത്തിലും. ശ്രീജ, സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ കോട്ടയം ജില്ലയിലെ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്കുള്ള പരീക്ഷയെഴുതിയത് 2016 ഓഗസ്റ്റ് 27-നാണ്. 2018 മേയ് 30-ന് റാങ്കുപട്ടിക വന്നു. പൊതുവിഭാഗത്തിൽ റാങ്ക് നമ്പർ 233. 2021 ഓഗസ്റ്റ് നാല് എത്തിയപ്പോൾ തൊട്ടുമുന്നിലുള്ളവർക്കുവരെ നിയമനം കിട്ടി. പിന്നീട് എന്നും രാവിലെ കോട്ടയം പി.എസ്.സി. ഓഫീസിലേക്ക് വിളിച്ചു. ഓഗസ്റ്റ് 11-ന് കാത്തിരുന്ന വിവരം കിട്ടി; 14 പേർക്കുകൂടി അഡ്വൈസ് മെമ്മോ അയച്ചു. 268 റാങ്കുവരെ ജോലി കിട്ടും. പിന്നെ എന്നും ഐ.ജി.എസ്. മുദ്രയുള്ള ആ കവറുമായി പോസ്റ്റ് വുമൺ പടികയറി വരുന്നതും കാത്തിരിപ്പായി. പോസ്റ്റ് ഓഫീസിൽ ചെന്നും തിരക്കിക്കൊണ്ടിരുന്നു. കിട്ടാതായതോടെ അങ്കലാപ്പായി. സെപ്റ്റംബർ ആറിന് ഒരു സുഹൃത്ത് മുഖേന പി.എസ്.സി. വെബ്സൈറ്റ് പരിശോധിച്ചപ്പോഴാണ് നടുക്കുന്ന വിവരമറിയുന്നത്. 233-ാം നമ്പർ റാങ്കുകാരി തന്റെ അവസരം 'റീലിങ്ക്വിഷ്' ചെയ്തിരിക്കുന്നു. ഉടനെ കോട്ടയം പി.എസ്.സി. ഓഫീസിലെത്തി. മറ്റേതോ വകുപ്പിൽ സർക്കാർജോലിയുള്ളതിനാൽ ഈ ഉദ്യോഗം വേണ്ടെന്ന് താൻ എഴുതിക്കൊടുത്തതായും, അതിനായി നോട്ടറി തയ്യാറാക്കി ഗസറ്റഡ് ഓഫീസർ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ രേഖകൾ ഒപ്പുസഹിതം അവിടെയുണ്ടെന്നും ഓഫീസ് അധികൃതർ അറിയിച്ചു. ഇത്തരമൊരു കാര്യം ചെയ്തിട്ടില്ലെന്നും തന്റെ സമ്മതപത്രം കാണിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ അവർ ചെവിക്കൊണ്ടില്ല. അന്നുതന്നെ കോട്ടയം ജില്ലാ പി.എസ്.സി. ഓഫീസർക്ക് പരാതി കൊടുത്തു. ആഴ്ചയൊന്നായിട്ടും ഒരു മറുപടിയും കിട്ടാതെവന്നപ്പോൾ ശനിയാഴ്ച കോട്ടയം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. ആൾമാറാട്ടം നടത്തി വ്യാജരേഖ തയ്യാറാക്കിയത് ആരെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീജയുടെ ഭർത്താവ് സുരേഷ് കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്. സുരേഷിന്റെ അച്ഛൻ രാമകൃഷ്ണപിള്ളയും അമ്മ അർബുദരോഗിയായ കമലാക്ഷിയമ്മയും ശാരീരികാവശതയിലാണ്. സ്കൂൾവിദ്യാർഥികളായ രണ്ട് മക്കളുണ്ട്. ശ്രീജയുടെ കോട്ടയം കോത്തലയിലുള്ള മാതാപിതാക്കളും തൊഴിലുറപ്പുപണി ചെയ്താണ് കഴിയുന്നത്. എല്ലാവരുടെയും ഏക പ്രതീക്ഷയായിരുന്നു ശ്രീജയ്ക്ക് ലഭിക്കുമായിരുന്ന സർക്കാർജോലി. അത് ഇല്ലാതാക്കിയവരോട് ദൈവം പൊറുക്കില്ലെന്ന് പറയാൻമാത്രമേ അവർക്കാവുന്നുള്ളൂ. കേസിന് പോകാനോ കുറ്റക്കാരെ തേടിപ്പിടിക്കാനോ ആളും പണവും ഇല്ല. നൊമ്പരത്തീയിലാണ് ഈ കുടുംബങ്ങൾ. സർക്കാരിലാണ് പ്രതീക്ഷ. ശ്രീജയുടെ പരാതിയെക്കുറിച്ച് പി.എസ്.സി. വിജിലൻസ് വിഭാഗം അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2X6vPOV
via
IFTTT
No comments:
Post a Comment