ന്യൂഡൽഹി: കേരളത്തിൽ ഇടതുപക്ഷം ചരിത്രവിജയത്തിലൂടെ തുടർഭരണം നേടിയെങ്കിലും 2006-ലെ വോട്ടിങ് ശതമാനം ഇത്തവണ ലഭിക്കാത്തതിൽ സി.പി.എം. കേന്ദ്രകമ്മിറ്റിക്ക് ആശങ്ക. സ്ഥാനാർഥിയെച്ചൊല്ലി രണ്ടിടങ്ങളിൽ പാർട്ടി അംഗങ്ങൾ പരസ്യപ്രകടനങ്ങൾ നടത്തിയതും തിരഞ്ഞെടുപ്പുപ്രചാരണത്തിൽ വിഭാഗീയത പ്രതിഫലിച്ചതുമൊക്കെ പാർലമെന്ററി വ്യാമോഹത്തിന്റെ തെളിവായി കേന്ദ്ര കമ്മിറ്റി (സി.സി.) ചൂണ്ടിക്കാട്ടി. കേരളത്തിൽ കർശനമായ തിരുത്തൽ നടപടികളുണ്ടാവണമെന്ന് കീഴ്ഘടകങ്ങൾക്കായി തയ്യാറാക്കിയ തിരഞ്ഞെടുപ്പ് അവലോകനറിപ്പോർട്ടിൽ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു.ബദൽനയങ്ങൾ നടപ്പാക്കിയും കേന്ദ്രത്തിന്റെ വിനാശാത്മക നയങ്ങളെ ചെറുത്തുമുള്ള ഇടതുസർക്കാരിന്റെ മികച്ച പ്രവർത്തനത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് തുടർഭരണം. 2016-ലെ 91 സീറ്റിൽനിന്ന് 2021-ൽ 99 സീറ്റ് നേടാനായി. കേരളത്തിലെ തിരഞ്ഞെടുപ്പു ചരിത്രത്തിൽത്തന്നെ ഒരു പാർട്ടി ആദ്യമായാണ് 67 സീറ്റ് നേടുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇടതുപക്ഷത്തെ പിന്തുണച്ചു.വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട 2006-ലെ വോട്ടിങ് ശതമാനം 2016-ലും 2021-ലും ഇടതുപക്ഷത്തിന് ആവർത്തിക്കാൻ കഴിയാത്തതിലാണ് സി.സി.യുടെ ആശങ്ക. 2016-ലെ 43.35 ശതമാനം വോട്ട് 2021-ൽ 45.28 ശതമാനമായി ഉയർന്നു. പക്ഷെ, 2006-ലെ 48.81 ശതമാനം വോട്ട് ഈ രണ്ടു തിരഞ്ഞെടുപ്പുകളിലും നേടാനായില്ല. കേരള കോൺഗ്രസ് മാണിവിഭാഗവും എൽ.ജെ.ഡി.യും ഇടതുമുന്നണിയിൽ എത്തിയിട്ടും ഇടതുസർക്കാരിന്റെ മികച്ച പ്രകടനമുണ്ടായിട്ടും 2006-ലെ വോട്ട് ശതമാനം നേടാനാവാത്തത് ഗൗരവമായി കാണണം. കാരണം കണ്ടെത്തി പാർട്ടിയുടെ സ്വാധീനം കൂട്ടണം.12 ജില്ലകളിൽ മുൻതിരഞ്ഞെടുപ്പിനേക്കാൾ വോട്ടു കൂടിയെങ്കിലും തൊഴിലാളിവർഗപ്രസ്ഥാനത്തിനും ഇടതുപക്ഷത്തിനും അടിത്തറയുള്ള കൊല്ലത്ത് വോട്ടു കുറഞ്ഞതു പ്രത്യേകം പരിശോധിക്കണം. പല സമയങ്ങളിലായി സി.സി.യും സംസ്ഥാന കമ്മിറ്റിയും തിരുത്തൽരേഖ തയ്യാറാക്കിയിട്ടും പാർട്ടിയംഗങ്ങളിൽ പാർലമെന്ററിവ്യാമോഹവും അധികാരക്കൊതിയും നിലനിൽക്കുന്നുവെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പുവേളയിൽ ചിലയിടങ്ങളിലെ പ്രകടനവും വിഭാഗീയതയും. ഈ പ്രവണത തിരുത്തണം.വിജയിച്ച പത്തുവനിതകളിൽ ഒമ്പതും ഇടതുപക്ഷസ്ഥാനാർഥികളായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പുരംഗത്ത് ഇപ്പോഴും മതിയായ വനിതാപ്രാതിനിധ്യം ഉറപ്പാക്കാൻ പാർട്ടിക്കായിട്ടില്ല. ബി.ജെ.പി.യുടെ വോട്ടു കുറഞ്ഞതും അവരുടെ സിറ്റിങ് സീറ്റിൽ ഇടതുപക്ഷം വിജയിച്ചതും ഏറെ പ്രാധാന്യമുള്ളതാണെന്നും സി.സി. വിലയിരുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/3xEciSs
via
IFTTT
No comments:
Post a Comment