അഫ്ഗാനിലെ സ്ത്രീകൾ: സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർ, ജീവിതം നിശ്ചലമായവർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 16, 2021

അഫ്ഗാനിലെ സ്ത്രീകൾ: സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർ, ജീവിതം നിശ്ചലമായവർ

ജൂലായ് 13. വേനൽച്ചൂട് പതിവിലും അധികമുണ്ട്. തെക്കൻ അഫ്ഗാനിസ്താൻ പ്രവിശ്യയായ ഗസ്നിയിലെ മലിസ്താൻ ജില്ലയിലെ ജനങ്ങൾ അന്നുണർന്നത് കാലങ്ങളായി അവരുടെ ഉറക്കം കെടുത്തിയിരുന്ന ആ ദുരന്ത വാർത്തിലേക്കാണ്. ആഴ്ചകളായി പ്രവിശ്യയ്ക്കു ചുറ്റിലും തമ്പടിച്ചിരുന്ന താലിബാൻ സേന ജില്ലയുടെ പ്രവിശ്യയുടെ നിയന്ത്രണം പിടിച്ചെടുത്തിരിക്കുന്നു. നേരം ഉച്ചയായപ്പോൾ ഖൂൽ-ഇ-ആദം ഗ്രാമത്തിൽ സംഘർഷം കടുത്തു. 22 കാരിയും ഏഴുമാസം ഗർഭിണിയുമായ ഫാത്തിമ വെടിയുണ്ടകളിൽനിന്ന് സുരക്ഷിത താവളം തേടിയുള്ള ഓട്ടമായിരുന്നു. ആ സന്ദർഭത്തെ അതിജീവിക്കുക മാത്രമായിരുന്നില്ല അപ്പോൾ അവളുടെ മനസ്സിൽ, താലിബാൻ ഭരണത്തിലെ ക്രൂരതകളെക്കുറിച്ച് പറഞ്ഞുകേട്ട പേടിപ്പിക്കുന്ന കഥകളുടെ നടുക്കമായിരുന്നു. “എന്റെ പേടി അധികം വൈകാതെ സത്യമായി വന്നു. ഗ്രാമത്തിൽ കടന്ന അവർ ഒരു പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. വഴങ്ങാൻ കൂട്ടാക്കാതെ അവൾ ഓടി വീടിനുമുകളിൽനിന്ന് ചാടി ജീവനൊടുക്കി”- ഫാത്തിമ പറയുന്നു. ഗ്രാമം താലിബാൻ പിടിച്ചെടുത്തതിന്റെ മൂന്നാംനാൾ കുടുംബത്തോടൊപ്പം കാബൂളിലേക്ക് രക്ഷപ്പെട്ടോടിയതാണ് ഫാത്തിമ. രാത്രിയും പകലുമില്ലാതെ നടന്നും ഏറെ കഷ്ടതകൾ സഹിച്ചുമാണ് അവർ കാബൂളിലെത്തിയത്. വിവിധ ഭാഗങ്ങളിൽനിന്ന് താലിബാൻ ആക്രമണം ഭയന്ന് കാബൂളിലേക്ക് പലായനം ചെയ്ത ദശലക്ഷക്കണക്കിന് ആളുകളിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് അഫ്ഗാൻ അഭയാർഥി പുനരധിവാസ മന്ത്രാലയത്തിന്റെ കണക്ക്. കുഞ്ഞായിരിക്കുമ്പോൾ താലിബാൻ ക്രൂരതകൾ നേരിൽ കണ്ടതാണ് ഭാമിയാനിൽനിന്നുള്ള 38-കാരി സിയാഗുൾ. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും അതിക്രൂരമായി വേട്ടയാടുന്നതും അവരുടെ അവകാശങ്ങൾ നിഷേധിക്കുന്നതും നേരിട്ടു കണ്ടതിന്റെ മുറിപ്പാടുകൾ മായുംമുന്നെയാണ് ഗ്രാമത്തിൽനിന്ന് അവൾക്ക് ഓടിപ്പോരേണ്ടി വന്നത്. ഗ്രാമത്തിലെ ആറു സ്ത്രീകൾക്കൊപ്പമാണ് അവൾ കാബൂളിലെത്തിയത്. മിക്ക കുടുംബങ്ങളും സ്ത്രീകളെയും കുട്ടികളെയുമാണ് സുരക്ഷിതതാവളങ്ങളിലേക്ക് മാറ്റുന്നതെന്ന് സിയാഗുൾ പറയുന്നു. സ്ത്രീസ്വാതന്ത്ര്യത്തിന്റെ നാളുകൾ എന്നാൽ, ഇതൊന്നുമല്ലാത്ത ഒരു കാലമുണ്ടായിരുന്നു അഫ്ഗാനി സ്ത്രീകൾക്ക്. മിനിസ്കർട്ടിടാനും സർകലാശാലകളിൽ ഉന്നതപഠനം നടത്താനും കഴിഞ്ഞിരുന്ന സ്വാതന്ത്ര്യത്തിന്റെ നാളുകൾ. 1919-ൽ ബ്രിട്ടനിൽ സ്ത്രീകൾ വോട്ടവകാശം നേടിയതിന് തൊട്ടടുത്ത വർഷം അഫ്ഗാൻ സ്ത്രീകളും വോട്ടവകാശം നേടിയിരുന്നു. 1950-ൽ രാജ്യത്ത് പർദ നിരോധിച്ചു. 1960-കളിൽ പുതിയ ഭരണഘടന രാഷ്ടീയത്തിലും പൊതുവിടങ്ങളിലും സ്ത്രീ-പുരുഷ സമത്വം കൊണ്ടുവന്നു. എന്നാൽ 1970-കളിലെ സോവിയറ്റ് അധിനിവേശവും 80-കളിലെ മുജാഹിദ്ദിൻ വിഭാഗവും സർക്കാരുമായുള്ള സംഘർഷങ്ങളിലൂടെയും പിന്നീട് താലിബാൻ ഭരണത്തിലൂടെയും അവർക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. മുന്നേറ്റത്തിൻറെ നാളുകൾ രണ്ടുപതിറ്റാണ്ടിന്റെ യു.എസ്. ഇടപെടൽ അവരുടെ ജീവിതത്തിൽ ചെറുതല്ലാത്ത മാറ്റംകൊണ്ടുവന്നു. ഇക്കാലം സ്ത്രീകളുടെ അവകാശങ്ങൾക്കായ് യു.എസ്. ചെലവിട്ടത് 78 കോടി അമേരിക്കൻ ഡോളറാണ്. സ്കൂളിൽ ചേരുന്നവരിൽ 40 ശതമാനം ഇന്ന് പെൺകുട്ടികളാണ്. സ്ത്രീകളിന്ന് സൈന്യത്തിന്റെയും പോലീസിന്റെയും ഭാഗമാണ്, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട പാട്ടുകാരും ഒളിമ്പിക്സിലും റോബോട്ടിക്സിലും പങ്കെടുത്ത താരങ്ങളുമുണ്ട് അവർക്കിടയിൽ. അഫ്ഗാൻ പാർലമെന്റിലേക്ക് 2018-ൽ മത്സരിച്ച 2565 പേരിൽ 417 സ്ത്രീകളായിരുന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച് 1990-ൽ നാലുപേർ ഉണ്ടായിരുന്ന പാർലമെൻറിൽ 2017-ൽ 28 വനിതാ പ്രതിനിധികളുണ്ട്. അതേസമയം, അഫ്ഗാനിലെ ഏക വനിതാ ഗവർണറായിരുന്ന മസൂമ മുരാദിക്ക് സ്ത്രീയായതിലുള്ള എതിർപ്പിനെത്തുടർന്ന് 2017-ൽ സ്ഥാനമൊഴിയേണ്ടിയും വന്നിരുന്നു. നിലവിൽ 27.6 ശതമാനമാണ് അഫ്ഗാൻ പാർലമെന്റിലെ സ്ത്രീ സാന്നിധ്യം എന്നത് എതിർപ്പുകൾക്കിടയിലും സ്ത്രീകൾ നടത്തുന്ന മുന്നേറ്റത്തിന്റെ പ്രതിഫലനമാണ്. വിദ്യാഭ്യസത്തിലും തൊഴിലിടങ്ങളിലും ഇടപെടൽ നടത്തുമ്പോഴും സ്ത്രീകൾ വീടുവിട്ടുപോകുന്നത് ഇപ്പോഴും രാജ്യത്ത് ശിക്ഷാർഹമാണ്. ബലാത്സംഗത്തിന് തക്കതായ ശിക്ഷ ലഭിക്കുന്നില്ല എന്നു മാത്രമല്ല, കുറ്റവാളികളെ സംരക്ഷിക്കാനാണ് എല്ലാം സംവിധാനങ്ങളും ശ്രമിക്കുക. അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം 52 ശതമാനം സ്ത്രീകൾ ശാരീരിക പീഡനത്തിന് ഇരയായവരാണ്. ലൈഗീകാതിക്രമങ്ങൾ അനുഭവിച്ചവർ 17 ശതമാനവും. അഫ്ഗാൻ ജയിലുകളിൽ കഴിയുന്ന പകുതിയിലധികം സ്ത്രീകളും പരപുരുഷബന്ധത്തിന്റെ പേരിലോ വീടുവിട്ട് പോയതിനോ ശിക്ഷ അനുഭവിക്കുന്നവരാണ്. ആരോഗ്യ, മാധ്യമരംഗങ്ങളിലാണ് അഫ്ഗാനിലെ സ്ത്രീകളിൽ ഏറ്റവുമധികം ജോലിചെയ്യുന്നത്. അതേസമയം, ഏറ്റവുമധികം ഭീഷണി നേരിടുന്ന വിഭാഗവും ഇവർതന്നെ. 20 ശതമാനം വനിതാ മാധ്യമപ്രവർത്തകർക്കാണ് ആറുമാസത്തിനിടെ ജോലി ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് യു.എൻ. കണക്ക്. ഈ വർഷം മാത്രം നാലു വനിതാ മാധ്യമപ്രവർത്തകരാണ് കൊലചെയ്യപ്പെട്ടത്. ജലാലാബാദിൽ പോളിയോ വാക്സിനേഷൻ നൽകുന്ന മൂന്ന് ആരോഗ്യപ്രവർത്തരായ സ്ത്രീകളെയാണ് അക്രമികൾ 2021 മാർച്ചിൽ വെടിവെച്ചുകൊന്നത്. ''ഞായറാഴ്ച രാവിലെ യൂണിവേഴ്സിറ്റിയിൽ ക്ലാസിന് ഇറങ്ങുമ്പോഴാണ് കൂട്ടുകാർ പരിഭ്രാന്തരായി ഓടിവരുന്നത്. താലിബൻ കാബൂളിലെത്തിക്കഴിഞ്ഞെന്നും പോലീസ് വനിതാ ഹോസ്റ്റൽ ഒഴിപ്പിക്കുകയാണെന്നും പറഞ്ഞു. വീട്ടിൽ എത്തുക എന്നുമാത്രമായിരുന്നു ലക്ഷ്യം. എന്നാൽ, പൊതുവാഹനങ്ങളിൽ ഞങ്ങളെ കയറ്റിയില്ല. ഭുർഖ ധരിക്കൂ എന്ന് ആക്രോശിച്ചുകൊണ്ട് പുരുഷന്മാർ ഞങ്ങളെ കളിയാക്കുന്നുണ്ടായിരുന്നു. രാജ്യത്തെ ഉന്നത സർവകലാശാലകളിൽനിന്ന് രണ്ട് ബിരുദങ്ങൾ ഞാൻ നേടിയിട്ടുണ്ട്. ഒരുപാട് പ്രയത്നിച്ചാണ് അവ നേടിയത്. എന്നാൽ, എന്റെ ഐഡന്റിറ്റി കാർഡുകളും സർട്ടിഫിക്കറ്റുകളും എവിടെ ഒളിപ്പിക്കുമെന്നതാണ് ഇന്നെന്റെ പ്രശ്നം. എനിക്കിനി ഉറക്കെ ചിരിക്കാനാകില്ല. എന്റെ പ്രിയപ്പെട്ട പാട്ടുകൾ കേൾക്കാനാകില്ല. സുഹൃത്തുക്കളുമൊത്ത് ഇഷ്ടപ്പെട്ട ഇടങ്ങളിൽ കാപ്പികുടിക്കാൻ പോകാൻ സാധിക്കില്ല. എന്റെ പ്രിയപ്പെട്ട മഞ്ഞ ഉടുപ്പ് ധരിക്കാനോ പിങ്ക് ലിപ്സ്റ്റിക് ഉപയോഗിക്കാനോ കഴിയില്ല. യൂണിവേഴ്സിറ്റിയിൽ തുടർന്ന് പഠിക്കാനാകില്ല. നഖങ്ങൾ മിനുക്കി നിറംനൽകാൻ ഇഷ്ടപ്പെടുന്നവളാണ് ഞാൻ, അതിനി പറ്റില്ല. പാർളറിൽ പോകാൻ കഴിയില്ല. എന്തിന്, എന്റെ ജനാലയിലൂടെ പുറംലോകംപോലും എനിക്കിനി കാണാൻ സാധിക്കില്ല. ചുറ്റിലും ഭയപ്പെട്ടോടുന്ന സ്ത്രീകളും അവരെ കളിയാക്കിച്ചിരിക്കുന്ന പുരുഷന്മാരുമാണ്. ഞങ്ങളുടെ ജീവിതം നിശ്ചലമായി''- കാബൂൾ സർവകലാശാലയിലെ ഒരു വിദ്യാർഥിയുടെ വാക്കുകൾ. Content Highlights: Afghanistan women 1927 and 2021


from mathrubhumi.latestnews.rssfeed https://ift.tt/3yVlpzw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages