അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കണക്കുകൂട്ടലുകൾ തെറ്റിപ്പോയി. എന്നെങ്കിലുമൊരിക്കൽ അമേരിക്ക അഫ്ഗാനിസ്താൻ വിടുമെന്നും അന്ന് അധികാരം തിരിച്ചുപിടിക്കാമെന്നും ഉറപ്പിച്ച് ഒരുങ്ങിയിരിക്കുകയായിരുന്നു താലിബാനെന്ന് അദ്ദേഹം കരുതിയില്ല. അല്ലെങ്കിൽ താലിബാന്റെ കരുത്തിനെ വിലകുറച്ചു കണ്ടു. അതുമല്ലെങ്കിൽ, 20 കൊല്ലം 8300 കോടി ഡോളർ ചെലവിട്ട് അമേരിക്ക കെട്ടിപ്പടുത്ത അഫ്ഗാൻ സൈന്യത്തിൽ അന്ധമായി വിശ്വസിച്ചു. പക്ഷേ, കൃത്യമായ കണക്കുകൂട്ടലുണ്ടായിരുന്ന താലിബാൻ എല്ലാം വേഗം അവസാനിപ്പിച്ചിരിക്കുന്നു. വിദേശശത്രുവിനെയും ആഭ്യന്തരശത്രുവിനെയും ഒരുമിച്ചു തുരത്തും എന്നായിരുന്നു താലിബാന്റെ പ്രഖ്യാപനം. അമേരിക്കൻ സൈന്യം പിൻവാങ്ങുകയും അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനി നാടുവിടുകയും ചെയ്തതോടെ അതു സംഭവിച്ചു. 20 കൊല്ലം മുമ്പ് ഭരിച്ചപ്പോഴുള്ളതുപോലെ നിഷ്ഠുരതകളുമായി താലിബാൻ അഫ്ഗാനിസ്താൻ ഭരിച്ചാൽ അതിന്റെ ഉത്തരവാദിയെന്ന പേരാവും ചരിത്രം ബൈഡനു നൽകുക. അഫ്ഗാനിസ്താൻ സൈന്യത്തെ കീഴടക്കാൻ താലിബാന് കരുത്തുണ്ടെന്ന് അധികാരത്തിലെത്തുംമുമ്പേ പെന്റഗൺ ബൈഡന് മുന്നറിയിപ്പു നൽകിയിരുന്നു. പക്ഷേ, വൻ തുക ചെലവിട്ട്, അമേരിക്കൻ സൈനികരുടെ ജീവൻകൊടുത്ത് അഫ്ഗാനിസ്താനെ സംരക്ഷിക്കേണ്ടതില്ലെന്ന് ബൈഡൻ തീരുമാനിച്ചു. താലിബാൻ ഓരോ പ്രവിശ്യാതലസ്ഥാനം പിടിക്കുമ്പോഴും അഫ്ഗാനിസ്താൻ സൈന്യത്തിന് രാജ്യത്തെ രക്ഷിക്കാൻ കരുത്തുണ്ടെന്നാണ് ബൈഡൻ പറഞ്ഞത്. താലിബാൻ പോരാളികളെക്കാൾ എണ്ണത്തിൽ കൂടുതലായിരുന്നു അവർ. കടലാസിലെ കണക്കിൽ ഏതാണ്ട് 3,07,000 പേർ. താലിബാനാകട്ടെ 85,000-ത്തോളവും. പക്ഷേ, വിദേശസേനയുടെ പൊടുന്നനെയുള്ള പിന്മാറ്റം അഫ്ഗാൻസേനയുടെ മനോവീര്യം കെടുത്തി. സൈന്യത്തിനും പോലീസിനും മാസങ്ങളായി ശമ്പളം കിട്ടിയിരുന്നില്ലെന്നാണ് വാർത്തകൾ. യുദ്ധമുന്നണിയിലുണ്ടായിരുന്നവർക്ക് ആവശ്യത്തിന് ആഹാരമോ കുടിവെള്ളമോ പോലും ലഭിച്ചിരുന്നില്ല. അങ്ങനെ പല പ്രതികൂലഘടകങ്ങൾ ചേർന്നപ്പോൾ അവരിൽനിന്ന് കൂറുമാറ്റമുണ്ടായി. താലിബാനു മുന്നിൽ ആയുധംവെച്ചു കീഴടങ്ങലും. ആയുധവും ആഹാരവും ശമ്പളവും അമേരിക്ക നൽകുമെന്ന ബൈഡന്റെ പ്രഖ്യാപനം വരുമ്പോൾ അഫ്ഗാൻ സൈനികരുടെ എണ്ണം കടലാസിലുണ്ടായിരുന്നതിന്റെ ആറിലൊന്നായിക്കുറഞ്ഞിരുന്നു. താലിബാനാകട്ടെ, പിടിച്ചെടുത്ത സ്ഥലങ്ങളിലെ യുവാക്കളെ നിർബന്ധപൂർവം ആയുധംകൊടുത്ത് കൂടെക്കൂട്ടി. പാകിസ്താനിൽനിന്ന് താലിബാൻ അനുഭാവികൾ അവർക്കൊപ്പം പോരാടാനെത്തി. ഇതൊന്നും ബൈഡനും അദ്ദേഹത്തിന്റെ ഉപദേശകർക്കും മുൻകൂട്ടികാണാനായില്ലേ എന്ന ചോദ്യമുയരുന്നു. ഇത്തരമൊരു സാഹചര്യത്തെ നേരിടാനുള്ള പദ്ധതികളില്ലായുന്നുവെന്നത് തനിക്ക് അതിശയമുണ്ടാക്കുന്നുവെന്നാണ് മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു. ബുഷിന്റെയും ബരാക് ഒബാമയുടെയും കാലത്ത് അഫ്ഗാനിസ്താൻ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ പങ്കാളിയായിരുന്ന റിട്ടയേഡ് ജനറൽ ഡഗ്ലസ് ഇ. ല്യൂട്ട് ചോദിച്ചത്. ഇനി താലിബാൻ നിശ്ചിയിക്കുന്നതുപോലെയാവും കാര്യങ്ങൾ. സമാധാനപൂർവമായ അധികാരക്കൈമാറ്റിത്തിനു കാത്തിരിക്കുകയാണ് അവർ. അവിടെ അമേരിക്കയ്ക്ക് റോളുണ്ടോ എന്ന് വ്യക്തമല്ല. അഫ്ഗാനിസ്താനിലെ സൈനികസാന്നിധ്യം അഞ്ചാമതൊരു പ്രസിഡന്റിനു കൈമാറില്ല എന്ന ബൈഡന്റെ നിശ്ചയം നടന്നു. അതിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പങ്കുണ്ട്. ഒരിക്കൽ തങ്ങൾ താഴെയിറക്കിയ താലിബാന് വീണ്ടും അധികാരത്തിലേറാൻ വഴിയൊരുക്കിക്കൊണ്ടാണ് അമേരിക്ക ഇറങ്ങിപ്പോകുന്നത്. അതുകണ്ട് പകച്ചുനിൽക്കുന്നത് നിരപരാധികളായ നാലുകോടി അഫ്ഗാൻകാരാണ്. Content Highlight: Bidens Afghanistan Policy
from mathrubhumi.latestnews.rssfeed https://ift.tt/37Nq0rE
via
IFTTT
No comments:
Post a Comment