ന്യൂഡൽഹി: കേരളത്തിൽ തുടർഭരണം നേടിയ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങളെ കൂടുതലായി പാർട്ടിയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സി.പി.എം. തയ്യാറെടുക്കുന്നു. ഇതിനായി പ്രത്യേക ശ്രദ്ധ വേണമെന്ന് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പാർട്ടി കേന്ദ്രകമ്മിറ്റി കേരള ഘടകത്തോട് ആവശ്യപ്പെട്ടു. മുസ്ലിം മേഖലകളിലെ ഇടത്തരക്കാർ ഉൾപ്പെടെയുള്ള പുതിയ വിഭാഗങ്ങൾ പാർട്ടിയുമായി അടുക്കുന്നുണ്ട്. അവരിൽനിന്ന് മികച്ച കേഡർമാരെ തിരഞ്ഞെടുത്ത് ആ പ്രദേശങ്ങളിൽ പാർട്ടി വളർത്തണം. ക്രിസ്ത്യൻ സമുദായത്തിൽനിന്ന് കൂടുതൽ ആളുകളെ പാർട്ടിയിലെടുക്കാനും ശ്രദ്ധിക്കണം.- റിപ്പോർട്ടിൽ നിർദേശിച്ചു. യു.ഡി.എഫിനും ബി.ജെ.പി.ക്കും പിന്നിൽ അണിനിരന്ന സാധാരണ ജനങ്ങളെ സി.പി.എമ്മിലേക്ക് ആകർഷിക്കാൻ ശ്രമങ്ങളുണ്ടാവണം. ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തിയ ഒമ്പത് മണ്ഡലങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. പലയിടത്തും ബി.ജെ.പി. വോട്ടുകൾ യു.ഡി.എഫിലേക്ക് പോയി. പാവപ്പെട്ട ജനങ്ങൾ ബി.ജെ.പി.യിൽ നിന്നകന്നു തുടങ്ങിയിട്ടുണ്ട്. അവർ യു.ഡി.എഫിലേക്ക് പോവാതിരിക്കാൻ ശ്രമങ്ങളുണ്ടാവണം. ഇത്തവണ വോട്ട് കുറഞ്ഞതിനാൽ ബി.ജെ.പി. ദുർബലമായെന്ന് കരുതാൻ പാടില്ലെന്ന് ഓർമിപ്പിച്ച കേന്ദ്രനേതൃത്വം ഹിന്ദുത്വശക്തികളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര രൂപങ്ങളെക്കുറിച്ച് പാർട്ടിയംഗങ്ങൾക്കിടയിൽ ബോധവത്കരണം ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ടു. തുടർഭരണം വന്നതിങ്ങനെ: *ബി.ജെ.പി-ആർ.എസ്.എസ്. ഭീഷണിക്കെതിരായ പോരാട്ടം ഉയർത്തിക്കാട്ടി വ്യക്തമായ രാഷ്ട്രീയലൈൻ സ്വീകരിച്ചു. *യു.ഡി.എഫിന്റെ അവസരവാദവും ബി.ജെ.പി.യുമായുള്ള സഹകരണവും തുറന്നു കാട്ടാനായി. *കേരള കോൺഗ്രസ്-മാണിക്കും എൽ.ജെ.ഡി.ക്കും പ്രവേശനം നൽകി ഇടതുമുന്നണി വികസിപ്പിച്ചു. *ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മികച്ച മാറ്റങ്ങളുണ്ടാക്കിയ സർക്കാരിന്റെ മികച്ച പ്രവർത്തനം. *സാമൂഹിക സുരക്ഷാ പരിപാടികളുടെ മികച്ച നിർവഹണം. *വിവേചനമില്ലാതെ എല്ലാ വിഭാഗങ്ങൾക്കും ഉറപ്പാക്കിയ സുരക്ഷ. കേരള സമൂഹത്തിൽ വലതുവത്കരണം- സി.പി.എം. ന്യൂഡൽഹി:കേരള സമൂഹത്തിൽ വലതുപക്ഷവത്കരണമുണ്ടായിട്ടുണ്ടെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി. സ്ത്രീധനമരണം, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ, പിന്തിരിപ്പൻ സാമൂഹികാചാരങ്ങൾ തുടങ്ങിയവ ഇതിനുള്ള തെളിവുകളായി ചൂണ്ടിക്കാട്ടി. ഈ പ്രവണത ചെറുക്കാൻ പാർട്ടിയും പുരോഗമനശക്തികളും രംഗത്തിറങ്ങണം. പുതിയ സാഹചര്യത്തിനനുസരിച്ച് ചുമതലകൾ നിറവേറ്റാൻ പാകത്തിൽ പാർട്ടിയംഗങ്ങളിൽ രാഷ്ട്രീയ-പ്രത്യയശാസ്ത്രപഠനം വർധിപ്പിക്കണമെന്നും കേന്ദ്രകമ്മിറ്റി നിർദേശിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3xHWv5c
via
IFTTT
No comments:
Post a Comment