മലപ്പുറം: മുഈനലി തങ്ങൾ പ്രശ്‌നത്തിൽ ഒടുവിൽ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത പരിഹാരത്തിലൂടെ മുസ്‌ലിംലീഗ് തത്‌കാലം തലയൂരി. അതേസമയം ഗുരുതരമായ അച്ചടക്കലംഘനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ ഭാഗമായി മുഈനലി തങ്ങളെ വാർത്താസമ്മേളനത്തിൽ സഭ്യമല്ലാത്ത ഭാഷയിൽ ശകാരിച്ച പാർട്ടി പ്രവർത്തകൻ റാഫി പുതിയകടവിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മുഈനലി തങ്ങൾക്കെതിരേ എന്തു നടപടി വേണമെന്ന് സംസ്ഥാന അധ്യക്ഷനും പിതാവുമായ ഹൈദരലി ശിഹാബ് തങ്ങളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി മുഖപത്രത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം നിഷേധിക്കാൻ മാനേജ്മെന്റ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈനലി തങ്ങൾ പാർട്ടി ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷവിമർശനം ഉയർത്തിയത്.പാണക്കാട് കുടുംബാംഗമായ മുഈനലിക്കെതിരേ പാർട്ടി എന്തു നടപടി കൈക്കൊള്ളുമെന്നറിയാനാണ് രാഷ്ട്രീയവൃത്തങ്ങൾ കാത്തിരുന്നത്. മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം പാണക്കാട് കുടുംബം ഒരു പ്രതീകമാണ്. പാർട്ടിയിലെ ഏതു കാര്യത്തിനും അവസാനവാക്ക്് തങ്ങളുടേതാണ്. പാർട്ടി സംസ്ഥാന അധ്യക്ഷപദവിക്കൊപ്പം മതനേതൃത്വ പദവികൂടിയുള്ള പാണക്കാട് തങ്ങൾ പറഞ്ഞാൽ ഏതു തർക്കവും തീരും. അത്തരമൊരു സംവിധാനം പാർട്ടിക്കും അനിവാര്യമാണ്. വാർത്താസമ്മേളനത്തിൽ മുഈനലി തങ്ങൾ കയറിച്ചെന്ന് പ്രസ്താവന നടത്തിയതു തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെന്നാണ് പാർട്ടി ജില്ലാപ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞത്. പാണക്കാട് കുടുംബയോഗത്തിന്റെ അഭിപ്രായമെന്ന നിലയ്ക്കാണ് സാദിഖലി ഇക്കാര്യം പറഞ്ഞത്. മുഈനലി തങ്ങളെ തള്ളാനും കൊള്ളാനുമാവാത്ത അവസ്ഥയിൽ ധർമസങ്കടത്തിലായ ലീഗിന് തത്‌കാലം ഇതല്ലാതെ മറ്റൊരു നടപടി സാധ്യമാവുമായിരുന്നില്ല.ഹൈദരലി തങ്ങൾ അസുഖബാധിതനായി ചികിത്സയിൽ കഴിയവേ അദ്ദേഹത്തിന്റെ അഭാവത്തിൽ നടന്ന യോഗത്തിന് മുഈനലിക്കെതിരേ കർശന നടപടി കൈക്കൊള്ളാൻ കഴിയുമായിരുന്നില്ല. അഖിലേന്ത്യാ അധ്യക്ഷനായിരുന്ന സുലൈമാൻ സേഠിനെ പുറത്താക്കിയ പാർട്ടിക്ക് യൂത്ത്‌ലീഗ് അഖിലേന്ത്യാ ഉപാധ്യക്ഷനെതിരേ കടുത്ത നടപടി സാധിക്കാതിരുന്നത് പാണക്കാട് കുടുംബത്തോട് അണികൾക്കുള്ള വൈകാരികബന്ധത്തെക്കുറിച്ച് പാർട്ടിക്കുള്ള ബോധ്യം തന്നെയാണ്.പാണക്കാടെന്ന വികാരത്തെ ഏതെങ്കിലും രൂപത്തിൽ മുറിപ്പെടുത്തുന്നത് ദൂരവ്യാപക ഫലങ്ങളുണ്ടാക്കും. അത്തരത്തിലുള്ള ഏതുനീക്കവും പാണക്കാട് തങ്ങളുടെ സാന്നിധ്യത്തിലല്ലാതെ നടത്താൻ മുസ്‌ലിംലീഗിന് ചിന്തിക്കാൻപോലുമാവില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3Alyen5
via
IFTTT
No comments:
Post a Comment