അമ്പലപ്പുഴ: കളിക്കിടെ സഹോദരൻ ഹെൽമെറ്റായിവെച്ചുകൊടുത്ത സ്റ്റീലിന്റെ കലം ഒരുവയസ്സുകാരന്റെ തലയിൽക്കുടുങ്ങി. ഊരിയെടുക്കാൻ മാതാപിതാക്കളും നാട്ടുകാരും നടത്തിയ ശ്രമങ്ങൾ വിഫലമായതോടെ അഗ്നിരക്ഷാസേന രക്ഷയ്ക്കെത്തി. അവർ ശ്രദ്ധാപൂർവം മുറിച്ചുനീക്കി കുട്ടിയെ രക്ഷിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത് മൂന്നാംവാർഡ് കോമന കട്ടക്കുഴി ചേരുതോപ്പുവീട്ടിൽ രാകേഷിന്റെയും ശ്രീലതയുടെയും മകൻ കാശിനാഥന്റെ തലയിലാണു കലം കുടുങ്ങിയത്. അഞ്ചുവയസ്സുള്ള ജ്യേഷ്ഠൻ കളിക്കിടെ ഹെൽമെറ്റായി വെച്ചുകൊടുത്തതായിരുന്നു. പോലീസിനെയും വിവരമറിയിച്ചിരുന്നു. തകഴി അഗ്നിരക്ഷാസേന ഏഴുകിലോമീറ്റർ അകലെയുള്ള യൂണിറ്റിൽനിന്ന് അമ്പലപ്പുഴ വടക്കേനടയിലെത്തിയപ്പോൾ ലെവൽക്രോസ് തീവണ്ടി പോകാനായി അടച്ചിരിക്കുകയായിരുന്നു. തുടർന്നു കുട്ടിയെയും മാതാപിതാക്കളെയും പോലീസ് ജീപ്പിൽ റെയിൽവേ അടിപ്പാതവഴി വടക്കേനടയിൽ ലെവൽക്രോസിനുസമീപമെത്തിച്ചു. അസി. സ്റ്റേഷൻ ഓഫീസർ എസ്. സുരേഷ്, സേനാംഗങ്ങളായ ടി.എൻ. കുഞ്ഞുമോൻ, അജിത്കുമാർ, സി. ദാസ്, ആർ. രതീഷ്, എൻ.ബി. രാജേഷ്കുമാർ, തൻസീർ എന്നിവർ ചേർന്നാണു കലം മുറിച്ചുനീക്കിയത്. അമ്പലപ്പുഴ എ.എസ്.ഐ. ഷൈലകുമാറും ഡ്രൈവർ മാത്തുക്കുട്ടിയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/37K9HvS
via
IFTTT
No comments:
Post a Comment