കാബൂൾ: അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിൽ വിവിധ ജയിലുകളിൽ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. ഐഎസ്, അൽഖായിദ തീവ്രവാദികളാണ് ഇതിൽ ഏറിയ പങ്കും. മോചിതരായ ആയിരക്കണക്കിന്തടവുകാരിൽ ഐഎസ്സിൽ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചു. കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്. കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ പോയി അവിടെ സൈന്യത്തിന്റെ പിടിയിലാകുകയും ജയിലിലടക്കുകയും ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിപ്പിച്ചവരിലുള്ളതെന്നാണ് വിവരം. 21 പേരാണ് ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ പോയത്. ഇവർ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് ഇന്റലിജൻസ് കരുതുന്നത്. അതിനാൽ കനത്ത ജാഗ്രതയായിരിക്കും അതിർത്തികളിലും തുറമുഖങ്ങളിലുമുണ്ടാവുക. ഭീകരസംഘടനയായ ഐ.എസിൽ ചേരാൻ 2016-ലാണ് ഭർത്താവ് പാലക്കാട് സ്വദേശി ബെക്സനോടൊപ്പം നിമിഷ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാൻ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താൻ തയ്യാറായിരുന്നു. എന്നാൽ, രാജ്യസുരക്ഷ കണക്കിലെടുത്ത് ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതു ചോദ്യംചെയ്താണ് നിമിഷയുടെ അമ്മ ബിന്ദു ഹർജി നൽകിയത്. മകളെയും ചെറുമകൾ ഉമ്മു കുൽസുവിനെയും നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്കു വിട്ടുകിട്ടണമെന്നുമാണ് ബിന്ദുവിന്റെ ആവശ്യം.
from mathrubhumi.latestnews.rssfeed https://ift.tt/37PptFG
via
IFTTT
No comments:
Post a Comment