വിധി എന്നൊന്നുണ്ടോ? ഇല്ലെന്ന് തറപ്പിച്ചുപറഞ്ഞ ഒരാളുണ്ട്. ഒരു ഡച്ചുകാരൻ. കൃത്യം ഇന്നേക്ക് മൂന്ന് കൊല്ലം മുൻപ് ലണ്ടനിൽ ലോകകപ്പ് ക്വാർട്ടറിൽ അയർലൻഡിനോട് തോറ്റ് ഗ്രൗണ്ടിലിരുന്ന് വിങ്ങിപ്പൊട്ടിക്കരഞ്ഞ റാണി രാംപാലിനോടും സംഘത്തോടും സോർദ് മാരിൻ എന്ന ഡച്ച് പരിശീലകന് ഒരൊറ്റ കാര്യമേ പറയാനുണ്ടായിരുന്നുള്ളൂ. വിധിയെന്ന് കരുതി ഇങ്ങനെ കരഞ്ഞിരിക്കരുത്. നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ തെളിവാണ് ഈ കണ്ണീർ. കാത്തിരിക്കൂ, നിങ്ങൾ സ്വയം അഭിമാനം കൊള്ളുന്ന ഒരു ദിവസം വരും. മാരിന്റെ ആ വാക്കുകൾമൂന്ന് കൊല്ലത്തിനുശേഷം ഒരിക്കക്കൂടി മുഴങ്ങുകയാണ്.ടോക്യോയിലും ഇതുപോലെ ടർഫിൽകരഞ്ഞിരിക്കുമ്പോൾ റാണിയോടും സവിത പൂനിയയോടും വിനീതയോടുമെല്ലാം ഇക്കുറി ഇതു പറയുന്നത് കോച്ചല്ല. ഒരു രാജ്യം മുഴുവനാണ്. അതു മാത്രമല്ല, മറ്റൊന്ന് കൂടി ചേർത്തു നൂറ്റിമുപ്പത് കോടിവരുന്ന ജനം. കരഞ്ഞിരിക്കരുത്. നിങ്ങൾ തോൽക്കുകയല്ല, യഥാർഥ പോരാട്ടം എന്തെന്ന് ഞങ്ങൾക്ക് കാണിച്ചുതന്നിരിക്കുകയാണ്. മെഡൽ പോട്ടെ. കിട്ടിയ മെഡലുകളേക്കാൾ പത്തരമാറ്റ് തിളക്കമുണ്ട് നിങ്ങളുടെ ഈ പോരാട്ടത്തിന്. നിങ്ങളാണ് യഥാർഥ ഹീറോസ്. വിധിയിൽ വിശ്വാസമില്ലാതെ മാരിന്റെ വാക്കുകൾക്ക് ഒരു പ്രവചനത്തിന്റെ സ്വരം കൈവന്നത് വിചിത്രമാണ്. മൂന്ന് കൊല്ലത്തിനുള്ളിൽ ഇതേ റാണി രാംപാലും സംഘവും ചരിത്രം കുറിച്ചിരിക്കുകയാണ്. അതും മാരിന്റെ കീഴിൽ തന്നെ. അയർലൻഡിനെയും ഓസ്ട്രേലിയയെയുമെല്ലാം മറികടന്ന് ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തുമെന്ന് ഡച്ച് ക്ലബായ ഡെൻ ബോഷിനുവേണ്ടി മാത്രം കളിച്ച പാരമ്പര്യമുള്ള മാരിൻ പോലും കരുതിയിരുന്നോ എന്നു സംശയം. സോറി ഫാമിലി, ഞാൻ ഞാൻ തിരിച്ചെത്താൻ ഇനിയും വൈകും എന്നായിരുന്നു മത്സരശേഷം ടീംബസിലെ ചിത്രത്തിനൊപ്പം മാരിൻ കുറിച്ചത്. അത്രമേൽ അത്ഭുതകരമാണ് മൂന്ന് കൊല്ലം കൊണ്ട് ഇന്ത്യൻ വനിതാ ടീമിനുണ്ടായ പരിവർത്തനം. അല്ലെങ്കിൽ മാരിൻ വരുത്തിയ പരിവർത്തനം. #Hockey #hockeyindia #INDvAUS #IND SCORES!!!! 1-0 Penalty converted #TeamIndia #Cheer4India pic.twitter.com/s7yfr38Now — Praveen🌍 (@PRAVEENNAVEEN72) August 2, 2021 ബോളിവുഡിന്റെ ചക്ദേ ഇന്ത്യയിൽ പോലും കാണാത്തവണ്ണം ഇന്ത്യയെ അടിമുടി മാറ്റിമറിച്ച മാരിൻ മാജിക്കിന്റെ യഥാർഥ വിലയറിയണമെങ്കിൽ റാണിയും സംഘവും കരഞ്ഞിരുന്ന ലണ്ടനിൽ നിന്ന് പിന്നെയും ബഹുദൂരം സഞ്ചരിക്കണം. ഒരു രണ്ടു വർഷം കൂടി പിറകിലേയ്ക്ക്. 2016 റിയോ ഒളിമ്പിക്സ് വരെ. ബഹുഭൂരിപക്ഷം രാജ്യങ്ങളും ബഹിഷ്കരിച്ചതുകൊണ്ട് മാത്രം നാലാം സ്ഥാനം നേടാനായ 1980ലെ മോസ്ക്കോയ്ക്കുശേഷം ഇന്ത്യൻ വനിതകൾ ആദ്യമായി ഒരു ഒളിമ്പിക്സിന് യോഗ്യത നേടുന്നു. വീരപരിവേഷമായിരുന്നു ടീമിന്. പക്ഷേ, വീരോചിതമായിരുന്നില്ല മടക്കം. പേക്കിനാവ് പോലെയായിരുന്നു ഇന്ത്യയ്ക്ക് റിയോ. ബ്രിട്ടണും അമേരിക്കയ്ക്കും അർജന്റീനയ്ക്കുമൊപ്പം ഗ്രൂപ്പ് ബിയിൽ. ആകെയുള്ള അഞ്ച് കളികളിൽ നാലിനും തോറ്റമ്പി. ആശ്വസിക്കാൻ ആകെയുണ്ടായിരുന്നത് ജപ്പാനെതിരായ ഒരു സമനില മാത്രം. പത്തൊൻപത് ഗോൾ വഴങ്ങിയപ്പോൾ തിരിച്ചടിക്കാനായത് മൂന്നെണ്ണം മാത്രം. മുറിവിൽ എരിവ് പുരട്ടുന്നതിന് തുല്ല്യമായിരുന്നു അർജന്റീനയ്ക്കെതിരെ മടക്കമില്ലാത്ത അഞ്ചു ഗോളിനും ഓസ്ട്രേലിയയയോട് ഒന്നിനെതിരേ ആറ് ഗോളിനും ബ്രിട്ടനോട് മടക്കമില്ലാത്ത മൂന്ന് ഗോളിനുമുള്ള തോൽവികൾ. കൊട്ടുംകുരവയുമായി യാത്രയാക്കിയ ടീം നെഞ്ച്നീറി തലകുമ്പിട്ട് നാട്ടിൽ വന്നിറങ്ങുമ്പോൾ മുപ്പത്തിയാറു വർഷത്തിനുശേഷമുള്ള ഇന്ത്യൻ വനിതകളുടെ ഒളിമ്പിക് പ്രവേശനത്തെ ചരിത്രനിമിഷമെന്ന് വാഴ്ത്തിയവരെയൊന്നും ആ വഴിക്ക് കണ്ടില്ല. പന്ത്രണ്ടിൽ പന്ത്രാമതായി ഫിനിഷ് ചെയ്തവരെ ആശ്വസിപ്പിക്കാൻ പോലും ആളുണ്ടായില്ല നാട്ടിൽ. റിയോയ്ക്ക് തൊട്ടു പിറകേ നടന്ന വിമൻസ് ഹോക്കി വേൾഡ് ലീഗിലെ കഥ മറ്റൊന്നായിരുന്നില്ല. ആറു കളികളിൽ നാലും തോറ്റ് പതിനാറാം സ്ഥാനം. അത് അവസാനമായിരുന്നില്ല. പക്ഷേ, ആ മുറിവും വേദനയുമായിരുന്നു വഴിത്തിരിവ്. അവിടെവച്ചാണ് ഡച്ചുകാരൻ മാരി ടീമിനൊപ്പം കൂടിയത്. സ്വിച്ചിട്ടതുപോലെയായിരുന്നു മാറ്റം. ആദ്യം ഏഷ്യാകപ്പ്. ആറിൽ ആറ് കളിയും ജയിച്ച് കിരീടം. പിന്നെ കോമൺവെൽത്ത് ഗെയിംസിൽ ആറിൽ മൂന്ന് കളിജയിച്ച് നാലാമത്. പിറകെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ റണ്ണറപ്പ്. ലോകകപ്പിൽ എട്ടാം സ്ഥാനം. എഫ്.ഐ.എച്ച് വിമൻസ് സീരീസ് ഫൈനൽസിന്റെ ഹിരോഷിമാ ലെഗ്ഗിൽ ജേതാക്കൾ. ടോക്യോയിലെ അത്ഭുതത്തിനുവേണ്ടി വെടിമരുന്ന് നിറച്ചുകൊണ്ടിരുന്നു മാരിൻ ടീമിൽ. ഇന്ന് കളിക്കാർക്ക് അവരിൽ വിശ്വാസമുണ്ട്. നേരത്തെ അവർ ചെറിയ മാർജിനുകളിൽ തോറ്റുകൊണ്ടിരിക്കുകയായിരുന്നു. ഇന്നവർക്ക് തോൽവികൾ സഹിക്കാൻ കഴിയില്ല- ടോക്യോയ്ക്ക് പുറപ്പെടുംമുൻപ് ഒരു അഭിമുഖത്തിൽ മാരിൻ പറഞ്ഞു. ആത്മവിശ്വാസം കൊണ്ട് മാത്രം ഒന്നും നേടാനാവില്ലെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്ന ആളായിരുന്നു മാരിൻ. ഇക്കഴിഞ്ഞ നാലു കൊല്ലത്തിനിടയ്ക്ക് കുറ്റവും കുറവും കണ്ടെത്തി രാകിമിനുക്കിക്കൊണ്ടിരുന്നു. ഗ്രൂപ്പിലെ വൈരികളായ ജർമനിയിലും ഇംഗ്ലണ്ടിലും ടീമിനെയും കൊണ്ടുപോയി. പക്ഷേ, വൈതരികൾ വേണ്ടുവോളമുണ്ടായിരുന്നു വഴിയിൽ. ആദ്യത്തേത് കോവിഡ്. ടീമിന് ഒന്നിച്ച് പരിശീലിക്കാൻ വേണ്ടത്ര സമയം ലഭിച്ചില്ല. പിന്നെ ഒളിമ്പിക്സിന് തൊട്ടുമുൻപ് ക്യാപ്റ്റൻ റാണി അടക്കം ഏതാനും പേർ പോസറ്റീവായി. ടീമിന്റെ ഫിറ്റ്നസിനും ഒത്തൊരുമയ്ക്കും വേണ്ടത്ര അന്താരാഷ്ട്ര സൗഹൃദമത്സരങ്ങൾ ലഭിച്ചില്ല. പക്ഷേ, ഈ പരിമിതികൾക്കിടയിലും മാരിൻ ടീമിന്റെ പോരായ്മകൾ കണ്ടെത്തി പരിഹരിച്ചുകൊണ്ടിരുന്നു. നേരത്തെ തോൽവിയുടെ ആഘാതം കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇക്കുറി പക്ഷേ, ഞങ്ങൾ ജർമനിയിലും ഇംഗ്ലണ്ടിലും പോയത് അവരെ തോൽപിക്കുക എന്ന ഒരൊറ്റ ലക്ഷ്യവുമയാണ്. ജയിക്കാനാവുമെന്ന് ഉറപ്പിച്ചുതന്നെയാണ് ഞങ്ങൾ കളിച്ചത്. കളിയിലല്ല, മനസിലാണ് മാറ്റമുണ്ടായത്-ഒളിമ്പിക്സ് തയ്യാറെടുപ്പിനിടെ മാരിൻ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞു. ഈ വാക്കുകൾക്ക് എന്തിന് വേറെ ദൃഷ്ടാന്തം. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനോടും രണ്ടാം മത്സരത്തിൽ ജർമനിയോടും പിന്നെ ബ്രിട്ടനോടും തോറ്റവർ അയർലൻഡിനെയും റാങ്കിങ്ങിൽ മുകളിലുള്ള ദക്ഷിണാഫ്രിക്കയെയും വീഴ്ത്തി ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി. ബ്രിട്ടൺ അയർലൻഡിനോട് തോറ്റതോടെ ക്വാർട്ടറിലേയ്ക്കുള്ള വഴിതെളിയുകയും ചെയ്തു. കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചും ജയിച്ച് ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരായ ക്വാർട്ടറിൽ നൂറിലൊരു സാധ്യത പോലുമുണ്ടായിരുന്നില്ല. ഒഐ ഹോക്കി സ്റ്റേഡിയത്തിൽ പിറന്നത് മറ്റൊരു ചരിത്രം. റിയോയിലെ മാനക്കേടിന്റെ വേദനയത്രയും ഇരുപത്തിരണ്ടാം മിനിറ്റിൽ ഓസീസ് വല തുളച്ച ഒരൊ ഡ്രാഗ് ഫ്ളിക്കിലൂടെ മായ്ച്ചുകളഞ്ഞിരിക്കുകയാണ് ഗുർജിത്ത് കൗർ എന്ന പഞ്ചാബുകാരി. വെള്ളിത്തിരയെ കോൾമയിർകൊള്ളിച്ച ചക്ദേ ഇന്ത്യ പോലും അപ്രസക്തമായ നിമിഷം. വെങ്കലത്തിനായുള്ള പോരാട്ടത്തിലും മറ്റൊരു ഇന്ത്യയെയാണ് നമ്മൾ കണ്ടത്. ഒരുവേള ലീഡെടുത്ത് കരുത്തരായ ബ്രിട്ടണെ വിറപ്പിക്കുക വരെ ചെയ്തു. അവസാന നിമിഷം വരെ ഗോൾ മടക്കാനുള്ള ജീവൻമരണ പോരാട്ടം നടത്തുകയും ചെയ്തു. ക്ലാസിക് ഹോക്കി എന്നാണ് കമന്റേറ്റർമാർ വിളിച്ചുപറഞ്ഞത്. തോൽക്കുകയല്ല, ഇന്ത്യ ജയിക്കുക തന്നെയായിരുന്നു അവസാന പോരാട്ടത്തിലും. പോരാട്ടങ്ങൾ അവസാനിക്കുന്നില്ലല്ലോ. ടോക്യോയോയേക്കാൾ വലിയ അതഭുതത്തിന് ചിലപ്പോൾ നാലു വർഷത്തിനപ്പുറം പാരീസ് സാക്ഷിയായേക്കാം.നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. അത്ര പെട്ടന്ന് അവസാനിക്കുന്നതല്ലല്ലോ അത്ഭുതങ്ങൾ. ഇന്ത്യഅത്ഭുതങ്ങൾ തുടങ്ങിയിട്ടല്ലേ ഉള്ളൂ. ഉറപ്പ്. സെല്യൂട്ട് ലേഡീസ്. Content Highlights:Indian Women Hockey Team enters Semi Final Of Tokyo Olympics Coach Sjoerd Marijne Rio Rani Rampal
from mathrubhumi.latestnews.rssfeed https://ift.tt/3xdp8Ha
via
IFTTT
No comments:
Post a Comment