കോഴിക്കോട്: അമ്പതാണ്ടുകൾക്കിപ്പുറം ആദരവോടെ ആ ത്രിവർണ ഖദർഷാൾ അണിയുമ്പോൾ കൃഷ്ണേട്ടന്റെ കണ്ണുകൾ നിറഞ്ഞു, കൂപ്പിയ കൈകൾ വിറച്ചു. സസ്പെൻഷനിൽ അരനൂറ്റാണ്ടുകഴിഞ്ഞിട്ടും കോൺഗ്രസിനെ തള്ളാതിരുന്ന 94-കാരനെത്തേടി എം.കെ. രാഘവൻ എം.പി.യും കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. പ്രവീൺകുമാറും കോഴിക്കോട് എടക്കാട്ടെ വീട്ടിലെത്തുകയായിരുന്നു. സഹകരണസംഘത്തിൽ ക്രമക്കേട് നടത്തിയെന്ന വ്യാജപരാതിയിലാണ് 51 വർഷംമുമ്പ് എം.സി. കൃഷ്ണനെതിരേ കോൺഗ്രസ് നടപടിയെടുത്തത്. മറ്റുചില പാർട്ടികളിൽ ചേരാൻ അവയുടെ നേതാക്കൾ പ്രേരിപ്പിച്ചെങ്കിലും കൃഷ്ണൻ കോൺഗ്രസിനെ പുറത്തുനിന്ന് അകക്കാമ്പിൽ സ്നേഹിച്ചു, എന്നും. ശനിയാഴ്ച മാതൃഭൂമിയിൽ ഇതേക്കുറിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. പാർട്ടി സസ്പെൻഡ് ചെയ്തിട്ടും കോൺഗ്രസ് കൂറു വിടാതിരുന്ന അപൂർവ സ്നേഹത്തിന്റെ ജീവിതകഥ. ഇതേത്തുടർന്നാണ് നേതാക്കൾ വീട്ടിലെത്തിയത്. അവർ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ ഫോണിൽ വിളിച്ചു. ഫോൺ കൃഷ്ണേട്ടന് കൈമാറി. അദ്ദേഹം കൃഷ്ണേട്ടനോടു സംസാരിച്ചു. പാർട്ടിക്ക് തെറ്റുപറ്റി. ഉടനെ പരിഹരിക്കും. കോടതിയിലടക്കം അങ്ങയുടെ നിരപരാധിത്വം തെളിഞ്ഞതാണല്ലോ. കൃഷ്ണേട്ടന് പണ്ടേതന്നെ അംഗത്വം നൽകേണ്ടതായിരുന്നു. നാളെത്തന്നെ അതിന് നടപടിയുണ്ടാവും -51 വർഷമായി താൻ കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾക്ക് കാതോർത്തപ്പോൾ കൃഷ്ണേട്ടൻ വിതുമ്പലിന്റെ വക്കിലെത്തി. ജീവിതപ്രാരബ്ധങ്ങളും ത്യാഗവും നിറഞ്ഞ തന്റെ ജീവിതത്തിൽ ഈ നിമിഷം വളരെ കാത്തിരുന്നുകിട്ടിയതാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽത്തന്നെ അത് വിലമതിക്കാനാവാത്തത്ര സന്തോഷം നൽകുന്നു. അടുത്തുനിന്ന മകൻ സുധീഷിനും കുടുംബാംഗങ്ങൾക്കും അച്ഛന്റെ മനസ്സുനിറയുന്നത് സന്തോഷമേകി. പുറത്തെ കുളിർമഴ മനസ്സുകളിലും. വൈകുന്നേരം വാർത്തകണ്ട കോൺഗ്രസ് നേതാവ് വി.എം. സുധീരനും കൃഷ്ണേട്ടനെ വിളിച്ചു. നിസ്സാരപ്രശ്നങ്ങൾക്ക് പാർട്ടിവിടുന്നവർ കൃഷ്ണേട്ടനെ കണ്ടുപഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സസ്പെൻഷൻ പിൻവലിച്ചതായി വ്യക്തമാക്കി കൃഷ്ണേട്ടന് കത്തുനൽകാൻ ഡി.സി.സി. പ്രസിഡന്റ് യു. രാജീവന് കെ.പി.സി.സി. പ്രസിഡന്റ് നിർദേശം നൽകി. ഞായറാഴ്ചതന്നെ കത്തുനൽകും.
from mathrubhumi.latestnews.rssfeed https://ift.tt/3r02Xme
via
IFTTT
No comments:
Post a Comment