കൊച്ചി: പുഞ്ചിരിക്കുന്ന നൈറയുടെ കുഞ്ഞുമുഖം കൈക്കുമ്പിളിൽ കോരിയെടുക്കുമ്പോൾ സുഹാസ് പറഞ്ഞു: എറണാകുളത്തിന്റെ കളക്ടറായിരുന്ന രണ്ടു വർഷത്തിനിടയിൽ രണ്ടു ദിവസം മാത്രമാണ് അവധിയെടുത്തത്. അതു രണ്ടും ഇവൾക്കു വേണ്ടിയായിരുന്നു. ഇവൾ ജനിച്ച ദിവസവും ഇവൾക്ക് സുഖമില്ലാതെ ഡോക്ടറുടെ അടുക്കൽ കൊണ്ടുപോയ ഒരു ദിവസവും. പറഞ്ഞു തീരും മുമ്പേ സുഹാസിന്റെ ഫോൺ വീണ്ടും ചിലച്ചു. നൈറയുടെ അരികിൽ നിന്ന് കളക്ടർ ബംഗ്ലാവിലെ ഓഫീസ് മുറിയിലേക്കെത്തുമ്പോൾ മേശപ്പുറത്ത് ഫയലുകൾ. അതെല്ലാം നോക്കിയും സന്ദർശകരുമായി സംസാരിച്ചും സുഹാസ് വീണ്ടും തിരക്കുകളിലേക്ക്. അതിനിടയിൽ വീണുകിട്ടിയ കുറച്ചുനേരം കുറേ വിശേഷങ്ങൾ അദ്ദേഹം പങ്കുവെച്ചു. ആവോലിയും ചെമ്മീനും വളരെ രുചികരമാണ് കൊച്ചിയുടെ ഭക്ഷണങ്ങൾ. സീ ഫുഡ് ഏറെ കഴിക്കാൻ തുടങ്ങിയത് കൊച്ചിയിൽ എത്തിയശേഷമാണ്. ആവോലിയും ചെമ്മീനുമാണ് ഏറ്റവും ഇഷ്ടം -കൊച്ചിയിലെ രുചിഭേദങ്ങളും കളക്ടർക്ക് പ്രിയംതന്നെ. അച്ഛൻ ശിവണ്ണ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹമാണ് എൻജിനീയറിങ് പഠിച്ച എന്നിൽ ഐ.എ.എസ്. സ്വപ്നത്തിന്റെ വിത്തുവിതച്ചത്. ആദ്യ ശ്രമത്തിൽ തന്നെ മികച്ച റാങ്കോടെ ഐ.എ.എസ്. കിട്ടിയപ്പോൾ സെക്കൻഡ് ഓപ്ഷനായി കേരളം വെക്കാൻ പറഞ്ഞതും അച്ഛനാണ്. മണിപ്പാലിലെ സ്കൂളിൽ പഠിക്കുന്ന സമയത്ത് മലയാളി സുഹൃത്തുക്കളുണ്ടായിരുന്നു -സുഹാസ് പറഞ്ഞു. ഉറക്കം കുറയുമ്പോൾ കൊച്ചിയിലെത്തിയ ശേഷമുണ്ടായ വലിയ മാറ്റമായി സുഹാസ് പറഞ്ഞത് ഉറക്കത്തെക്കുറിച്ചാണ്. രാത്രി ഒമ്പതു മണി വരെയൊക്കെ കളക്ടറേറ്റിൽ ജോലി ചെയ്താകും വീട്ടിലെത്തുന്നത്. അവിടെയെത്തിയാലും ഔദ്യോഗിക കാര്യങ്ങൾ ഏറെയുണ്ടാകും. ഉറങ്ങുമ്പോൾ പാതിരാത്രി കഴിയും. രാവിലെ എഴുന്നേറ്റാൽ നടക്കാൻ പോകുന്ന ശീലമുണ്ടായിരുന്നു. ഇപ്പോൾ അതും മുടങ്ങി. സാമൂഹിക മാധ്യമങ്ങളിലൂടെ എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞു. ഇവിടെയെത്തുമ്പോൾ സാമൂഹിക മാധ്യമങ്ങളിൽ എന്നെ പിന്തുടർന്നത് 1.4 ലക്ഷം പേരായിരുന്നെങ്കിൽ ഇപ്പോൾ അത് 4.4 ലക്ഷമാണ് -സുഹാസ് പറഞ്ഞു. നേട്ടങ്ങളുടെ സുഹാസം ജില്ലയ്ക്ക് വികസനത്തിന്റെയും നേട്ടങ്ങളുടെയും കാലം സമ്മാനിച്ചാണ് സുഹാസ് പടിയിറങ്ങുന്നത്. കോവിഡും പ്രളയവും തകർത്ത ജില്ലയെ കൈപിടിച്ച് ആശ്വാസതീരത്തേക്ക് ഉയർത്തിയതാണ് ഇതിൽ പ്രധാനം. ഒരു ഘട്ടത്തിൽ രാജ്യത്തെ ഏറ്റവുമുയർന്ന കോവിഡ് വ്യാപനമുണ്ടായിരുന്ന പ്രദേശമാണ് എറണാകുളം. ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാനും വാക്സിനേഷൻ വ്യാപിപ്പിക്കാനുമാണ് കൂടുതൽ ശ്രമിച്ചത്. ചെല്ലാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ പ്രശംസ കിട്ടിയതും വലിയ ഊർജമായി. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള ബ്രേക്ക് ത്രൂ പദ്ധതിയും ജില്ലയെ മാലിന്യമുക്തമാക്കാനുള്ള ക്ലീൻ എറണാകുളം പദ്ധതിയും പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. ലൈഫ് മിഷൻ പദ്ധതിയും പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അപ്പീലുകളിലുള്ള നടപടിയും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു -നേട്ടങ്ങളെക്കുറിച്ചു പറയുമ്പോൾ സുഹാസിന്റെ മുഖത്ത് സുഹാസം മായാതെ നിന്നിരുന്നു. മറക്കാനാകാത്ത കൊച്ചി ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഇടമാണ് സുഹാസിന് കൊച്ചി. 2013 ജൂണിൽ അസി. കളക്ടറായാണ് സുഹാസ് കൊച്ചിയിലെത്തുന്നത്. ആദ്യമായി കൊച്ചി കാണുന്നതും അന്നുതന്നെ. അന്നു മുതൽ ഇന്നു വരെ ഇത്രമേൽ പ്രിയപ്പെട്ട മറ്റൊരിടം എനിക്കില്ല. ഫോർട്ടുകൊച്ചിയിലേക്കുള്ള യാത്ര ഏറ്റവും ഇഷ്ടമുള്ളതാണ്. അവിടെ എത്രസമയം ചെലവഴിക്കുന്നതും രസമാണ്. കൊച്ചിയിലെത്തിയപ്പോഴാണ് ഞാൻ മലയാളം പഠിച്ചുതുടങ്ങുന്നത്. ഭാര്യ ഡോ. വൈഷ്ണവി ജോലി ചെയ്യുന്നതും കൊച്ചിയിലെ ആശുപത്രിയിലാണ്. ജനങ്ങൾക്കൊപ്പം ചെലവഴിക്കാൻ കിട്ടിയ ഓരോ അവസരവും ഒരോ അനുഭവങ്ങളായിരുന്നു -സുഹാസ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3APsz9U
via
IFTTT
No comments:
Post a Comment