ലോക്ഡൗൺകാലത്ത് കൊല്ലത്തെ അമ്മത്തൊട്ടിലിൽ എത്തിയത് 15 കുഞ്ഞുങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 21, 2021

ലോക്ഡൗൺകാലത്ത് കൊല്ലത്തെ അമ്മത്തൊട്ടിലിൽ എത്തിയത് 15 കുഞ്ഞുങ്ങൾ

കൊല്ലം : ലോക്ഡൗൺകാലത്ത് കൊല്ലത്തെ അമ്മത്തൊട്ടിലിൽ കിട്ടിയത് 15 കുട്ടികളെ. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ കുട്ടികളെ അമ്മത്തൊട്ടിലിൽ ലഭിച്ചത് ഇവിടെയാണ്. കോവിഡ് വ്യാപനം രൂക്ഷമായശേഷം ഒന്നേകാൽ വർഷത്തിനിടെയാണ് ഇത്രയുംകുട്ടികളെ ലഭിച്ചത്. അമ്മത്തൊട്ടിൽ ആരംഭിച്ചശേഷം ഇതുവരെ 40 കുട്ടികളെയാണ് ഇവിടെ ഉപേക്ഷിച്ചത്. ഏറ്റവുംകൂടുതൽ കുട്ടികളെ ദത്തെടുക്കുന്നതും കൊല്ലത്തെ ശിശുക്ഷേമസമിതിയിൽനിന്നാണ്. 2019-നുശേഷം 21 കുട്ടികളെ ഇവിടെനിന്ന് ദത്തെടുത്തിട്ടുണ്ട്. രണ്ടുകുട്ടികളെ രാജ്യത്തിന് പുറത്തേക്കും 19 കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്കുമാണ് ദത്തെടുത്തിട്ടുള്ളത്. അമേരിക്ക, സ്പെയിൻ എന്നിവിടങ്ങളിലേക്കാണ് രണ്ടു കുട്ടികളെ ദത്തെടുത്തത്. സ്പെയിനിലേക്ക് പോകാൻ ഒരുകുട്ടികൂടി തയ്യാറെടുക്കുന്നു. 2009-ഓടെയാണ് കൊല്ലത്ത് വിക്ടോറിയ ആശുപത്രിയോടുചേർന്ന് അമ്മത്തൊട്ടിൽ പ്രവർത്തനം തുടങ്ങിയത്. ജില്ലാ ശിശുക്ഷേമസമിതി ആരംഭിക്കുന്നതുവരെ അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുഞ്ഞുങ്ങളെ അടുത്തജില്ലകളിലെ ശിശുപരിപാലന കേന്ദ്രത്തിലേക്കായിരുന്നു മാറ്റിയിരുന്നത്. ശിശുക്ഷേമസമിതി ജില്ലയിൽ പ്രവർത്തനം ആരംഭിച്ചശേഷം കുഞ്ഞുങ്ങളെ ഇവിടേക്ക് മാറ്റാൻതുടങ്ങി. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുന്നതിൽ കൂടുതലും പെൺകുട്ടികളാണെന്ന് അധികൃതർ പറഞ്ഞു. ജൂലായ്‌ മാസം അമ്മത്തൊട്ടിലിൽ എത്തിയ രണ്ടുകുട്ടികളും പെൺകുട്ടികളാണ്. 21 പെൺകുട്ടികളെയും 19 ആൺകുട്ടികളെയുമാണ് ഇതുവരെ ലഭിച്ചത്. വിക്ടോറിയ ആശുപത്രിയോടു ചേർന്നുള്ള കെട്ടിടത്തിലാണ് അമ്മത്തൊട്ടിൽ പ്രവർത്തിക്കുന്നത്. കുട്ടിയുമായി എത്തുമ്പോൾ തനിയെ തൊട്ടിൽതുറന്നുകൊടുക്കും. കുഞ്ഞിനെ ഉപേക്ഷിക്കുന്നതിനുമുൻപ് ഒരിക്കൽക്കൂടി ചിന്തിക്കുന്നതിനുള്ള മുന്നറിയിപ്പുസന്ദേശവും ഇവിടെനിന്ന് കേൾക്കാം. തൊട്ടിലിൽ കിടത്തിക്കഴിഞ്ഞാൽ വിക്ടോറിയ ആശുപത്രിയിൽ സൈറൻമുഴങ്ങും. ആർ.എം.ഒ., സൂപ്രണ്ട്് എന്നിവരടക്കമുള്ളവർക്ക് സന്ദേശവും ലഭിക്കും. തുടർന്ന് ആർ.എം.ഒ.യുടെ നേതൃത്വത്തിൽ എത്തിയാണ് കുഞ്ഞിനെ തൊട്ടിലിൽനിന്നു മാറ്റുന്നത്. ഐ.സി.യു.വിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞിനെ വിദഗ്ധ പരിശോധനകൾക്കും ചികിത്സകൾക്കും ശേഷം ശിശുക്ഷേമസമിതിക്ക്‌ കൈമാറും. ശിശുക്ഷേമസമിതി അധികൃതരെ ഫോണിൽ ബന്ധപ്പെട്ടാണ് പലരും ദത്തെടുക്കാനുള്ള വിവരങ്ങൾ തേടുന്നതെന്ന് വൈസ് ചെയർമാൻ ഷൈൻദേവ് പറഞ്ഞു. ദത്തെടുക്കൽ പ്രക്രിയ ഓൺലൈൻ മുഖേനയാണ് ഇപ്പോഴുള്ളത്. സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റ് (www.cara.nic.in) വഴിയാണ് ദത്തെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ടത്.


from mathrubhumi.latestnews.rssfeed https://ift.tt/3wRFTaB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages