വെംബ്ലി: യൂറോകപ്പ് ഫുട്ബോളിൽ ആദ്യ കിരീടം മോഹിക്കുന്ന ഇംഗ്ലണ്ടിന് ഡെൻമാർക്ക് പരീക്ഷ. സെമിഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടുന്നു. സൗഹൃദപോരാട്ടങ്ങൾ മാറ്റിനിർത്തിയാൽ അവസാനം നേർക്കുനേർവന്ന ആറുകളികളിൽ ഡെൻമാർക്കിനെതിരേ ഒന്നിൽമാത്രമേ ഇംഗ്ലണ്ട് ജയിച്ചിട്ടുള്ളൂ. രണ്ടുകളികൾ ഡാനിഷ് ടീം ജയിച്ചപ്പോൾ മൂന്നെണ്ണം സമനിലയായി. സെമി നടക്കുന്ന വെംബ്ലിയിൽ ഇതുവരെ ഇംഗ്ലണ്ടും ഡെൻമാർക്കും തമ്മിൽ ഏഴുതവണ കളിച്ചപ്പോഴും മത്സരഫലം 1-0 ആയിരുന്നു. ഇംഗ്ലണ്ട് അഞ്ചുകളികൾ ജയിച്ചു. രണ്ടെണ്ണം ഡെൻമാർക്കും. യൂറോകപ്പിൽ ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ സെമിഫൈനലാണിത്. 1968-ൽ ആദ്യമായി സെമി കളിച്ചപ്പോൾ യൂഗോസ്ലാവ്യയോട് കീഴടങ്ങി. 1996-ൽ ജർമനിയോട് ഷൂട്ടൗട്ടിൽ തോറ്റു. ഡെൻമാർക്കിന്റെ നാലാം സെമിയാണ്. 1964, 1984 വർഷങ്ങളിൽ സെമിയിൽ തോറ്റു. എന്നാൽ, 1992-ൽ ഫൈനലിൽ കടന്ന് കിരീടവും നേടി. ഇക്കുറി തോൽവിയറിയാതെ, ഒരുഗോൾപോലും വഴങ്ങാതെയാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. ഗോൾ കണ്ടെത്തിത്തുടങ്ങിയ നായകൻ ഹാരി കെയ്നാണ് അവരുടെ തുറുപ്പുചീട്ട്. ശക്തമായ പ്രതിരോധനിര, ശരാശരി നിലവാരം കാത്തുസൂക്ഷിക്കുന്ന മധ്യനിര. ക്ലിനിക്കൽ ഫിനിഷറായ കെയ്ൻ നേതൃത്വം കൊടുക്കുന്ന മുന്നേറ്റനിര. ഇതാണ് കളിക്കളത്തിലെ ഇംഗ്ലണ്ട്. ഇതിനൊപ്പം അതിശക്തമായ പകരക്കാരുടെ നിരയും ടീമിനുണ്ട്. 4-2-3-1 ശൈലിയിൽ ടീം കളിക്കും. കഴിഞ്ഞമത്സരത്തിലെ ടീമിനെ നിലനിർത്താനാകും പരിശീലകൻ ഗാരേത് സൗത്ത് ഗേറ്റ് ശ്രമിക്കുന്നത്. ഒരുപക്ഷേ, സാഞ്ചോയ്ക്കുപകരം ബുകയോ സാക്കയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. സസ്പെൻഷൻമൂലം ജോർഡാൻ ഹെൻഡേഴ്സന്റെ സേവനം ടീമിന് ലഭിക്കില്ല. ആദ്യ രണ്ടുകളിയിലും തോറ്റുതുടങ്ങിയ ഡെൻമാർക്കല്ല സെമിയിൽ കളിക്കുന്നത്. ഓരോ കളി കഴിയുന്തോറും മെച്ചപ്പെടുന്ന, ആത്മവിശ്വാസം ഏറെയുള്ള ടീമാണ്. കളിക്കളത്തിൽ വീണുപോയ ക്രിസ്റ്റ്യൻ എറിക്സന് നൽകാൻ അവർ കപ്പ് മോഹിക്കുന്നു. കാസ്പർ ഡോൾബർഗ്-മാർട്ടിൻ ബ്രാത്ത് വെയ്റ്റ്-മൈക്കൽ ഡാംസ്ഗാർഡ് ആക്രമണത്രയം മാരകമാണ്. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം.... Content Highlights: England vs Denmark 2020 euro semi final
from mathrubhumi.latestnews.rssfeed https://ift.tt/3ANcHF8
via
IFTTT
No comments:
Post a Comment