കൊച്ചി: തിരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി.യുടെ കോർ കമ്മിറ്റി ഞായറാഴ്ച ചേരുമ്പോൾ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രാജിസന്നദ്ധത അറിയിക്കുമെന്ന് ചില മുതിർന്ന നേതാക്കളെങ്കിലും പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് പണവിവാദങ്ങളിൽപ്പെട്ട് നട്ടംതിരിയുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു അഭ്യൂഹം പാർട്ടിക്കുള്ളിൽ പുകയുന്നത്. ഉപ്പുതിന്നവൻ വെള്ളംകുടിക്കണമെന്ന നിലപാടാണ് നേതാക്കൾക്കിടയിലുള്ളത്. ആരോപണങ്ങളുടെ ചെളിക്കുണ്ടിലായ പാർട്ടിയെ അതിൽനിന്ന് പൊക്കിയെടുക്കാൻ കെ. സുരേന്ദ്രന് ആവില്ലെന്ന് കൃഷ്ണദാസ്-ശോഭാ സുരേന്ദ്രൻ പക്ഷം ഉറച്ചുവിശ്വസിക്കുന്നു. എന്നാൽ, അവരിപ്പോൾ രാജിക്കായി കടുത്ത നിലപാട് സ്വീകരിച്ചേക്കില്ല. സുരേന്ദ്രനെ രാജിയിലേക്ക് എത്തിക്കാനുള്ള നീക്കമാവും ഉണ്ടാവുക. എന്നാൽ, സുരേന്ദ്രൻ സ്ഥാനത്ത് തുടർന്നാൽ പണമിടപാടുകളുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളെല്ലാം ശക്തമായി തുടരുമെന്നും. അതിന് അയവുവരുത്താൻ സുരേന്ദ്രന്റെ രാജിക്ക് കഴിയുമെന്നും കരുതുന്ന നേതാക്കളുമുണ്ട്.അതേസമയം സംസ്ഥാന പ്രസിഡന്റ് രാജിവെക്കേണ്ട സാഹചര്യങ്ങളൊന്നും ഇപ്പോൾ ഇല്ലെന്നാണ് മുരളീധരവിഭാഗം കരുതുന്നത്. രാജിവെച്ചാൽ അതൊരു കുറ്റസമ്മതമായി പ്രചരിപ്പിച്ചേക്കും. പാർട്ടിയിൽ പുനഃസംഘടന വേണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴുണ്ടായ ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്ന വിശദീകരണമാണ് അവർ നൽകുന്നത്. പുറമേനിന്നുള്ള ആരോപണങ്ങൾക്ക് പകരം പാർട്ടിക്കുള്ളിൽ ഉയർന്നുവന്നിട്ടുള്ള പരാതികളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കൃഷ്ണദാസ് വിഭാഗം ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം ഓൺലൈൻ യോഗങ്ങൾ ചേർന്നെങ്കിലും അതിലൊന്നും കാര്യമായി ചർച്ചചെയ്യാൻ സാധിച്ചിട്ടില്ല. ഡൽഹിയിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ ദേശീയ യോഗം നടക്കുകയാണ്. കേരളത്തിലെ സംഭവങ്ങളും യോഗത്തിൽ ചർച്ചയാവും. ഇവിടത്തെ ദയനീയമായ തോൽവിയും പിന്നീടുണ്ടായ വിവാദങ്ങളും കേന്ദ്രം ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. കേരളത്തിലെ ആർ.എസ്.എസ്. നേതൃത്വത്തിന്റെ അതൃപ്തിപോലും അവഗണിച്ചുകൊണ്ടാണ് കേന്ദ്രം സംസ്ഥാന പ്രസിഡൻറായി കെ. സുരേന്ദ്രനെ കൊണ്ടുവന്നത്. അദ്ദേഹത്തെ വളരെപ്പെട്ടെന്നുതന്നെ നീക്കേണ്ടിവരുന്നത് കേന്ദ്രനേതൃത്വത്തിനും തിരിച്ചടിയാണ്. കേന്ദ്രനിർദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ് അടിയന്തര കോർ കമ്മിറ്റിയോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം.
from mathrubhumi.latestnews.rssfeed https://ift.tt/3ilxQ2u
via
IFTTT
No comments:
Post a Comment