ന്യൂഡൽഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പ്. കണ്ണൂരിൽ സ്ഥാനാർഥിയാക്കിയപ്പോൾ കെ. സുധാകരൻ തീർത്തു പറഞ്ഞു- 'പറ്റില്ല, മത്സരിക്കാൻ താത്പര്യമില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധിക്കാനാണ് ഇഷ്ടം'. കോൺഗ്രസ് 100 സീറ്റിനടുത്തു നേടിയാൽ മറ്റു പ്രതിപക്ഷ പാർട്ടികളുടെകൂടി പിന്തുണയിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരാമെന്ന് ഹൈക്കമാൻഡടക്കം ചിന്തിക്കുന്ന സമയമാണത്. രാഹുൽ ഗാന്ധി സുധാകരനെ വിളിപ്പിച്ചു. 'കണ്ണൂരിൽ സുധാകരൻ മത്സരിക്കാതിരുന്നാൽ നമുക്കൊരു സീറ്റു നഷ്ടമായാലോ, അതിനാൽ മത്സരിക്കണം' - ആ നിർബന്ധത്തിനുമുന്നിൽ സുധാകരൻ വഴങ്ങി. സിറ്റിങ് എം.പിയായിരുന്ന സി.പി.എമ്മിലെ പി.കെ. ശ്രീമതിയെ 94559-ൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് ലോക്സഭയിലെത്തി. അത് മനസ്സിലുള്ളതിനാലാവാം ഇപ്പോൾ സുധാകരനെ കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ വിവിധ ഗ്രൂപ്പുകളിൽ നിന്നടക്കം ഉയർന്ന എതിർപ്പ് പരിഗണിക്കേണ്ട എന്ന് രാഹുൽ പറഞ്ഞതും നിയമനകാര്യം നേരിട്ടുതന്നെ വിളിച്ച് അറിയിച്ചതും. യുവാക്കളെ ആവേശം കൊള്ളിക്കുന്ന സുധാകരന്റെ കണ്ണൂർ ശൈലി കോൺഗ്രസിനെ കരകയറ്റുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്. സി.പി.എമ്മിനോട് ഏറ്റുമുട്ടുമ്പോൾ സാമൂഹിക മാധ്യമങ്ങളിലെ വീറുള്ള അണികളുടെ അതേ ആവേശമാണ് സുധാകരനും. ആ അണികളുടെ പിന്തുണ തന്നെയാണ് സുധാകരനെ ആരുടേയും ആളല്ലാതിരുന്നിട്ടും അധ്യക്ഷ പദവിയിലെത്തിച്ചിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3g366Od
via
IFTTT
No comments:
Post a Comment