തിരുവനന്തപുരം: എവറസ്റ്റിലെ ആറായിരം മീറ്റർ ഉയരത്തിലുള്ള ടെന്റിൽ മൈനസ് ഡിഗ്രി തണുപ്പും കോവിഡും ഒരുമിച്ച് ആക്രമിച്ചപ്പോഴും ആത്മവിശ്വാസം കൈവിട്ടിരുന്നില്ല ഉമേഷ്. പക്ഷേ, കാഠ്മണ്ഡുവിലെ കോവിഡ് സെന്ററിൽ സഹായിക്കാൻ ആരുമില്ലാതെ ഒറ്റയ്ക്കുകഴിയേണ്ടിവന്നപ്പോൾ ഈ ചെറുപ്പക്കാരന്റെ മനസ്സിടറി. തിരുവനന്തപുരം ഉള്ളൂർ നീരാഴി ലെയ്ൻ ചന്ദ്രികാഭവനിൽ ഉമേഷ് പണിക്കർ എന്ന 43-കാരനാണ് എവറസ്റ്റ് യാത്രയ്ക്കിടെ കോവിഡ് പിടിപെട്ട് കാഠ്മണ്ഡുവിൽ കുടുങ്ങിയത്. ഏഴുഭൂഖണ്ഡങ്ങളിലെ ഏഴ് കൊടുമുടികൾ താണ്ടാനുള്ള 'സെവൻ സമ്മിറ്റ്' പദ്ധതിയുമായി മാർച്ച് 30-നാണ് കാഠ്മണ്ഡുവിൽനിന്ന് ഉമേഷ് ഒറ്റയാനായി യാത്രതിരിച്ചത്. ആഫ്രിക്കയിലെ കിളിമഞ്ചോരോയുടെയും റഷ്യയിലെ എൽബ്രിസ് മഞ്ഞു മലയുടെയുമൊക്കെ നെറുകയിൽ കയറിയ ആത്മവിശ്വാസവുമായാണ് എവറസ്റ്റ് ദൗത്യം ഏറ്റെടുത്തത്. ഒരുതവണ കോവിഡ് വന്നുപോയതുകൊണ്ടും രണ്ടുഡോസ് വാക്സിനെടുത്തതുകൊണ്ടും ആ പേടിയും ഇല്ലായിരുന്നു. എവറസ്റ്റ് കയറ്റത്തിന് സഹായിക്കുന്ന ഷെർപ്പയുമായി ഏപ്രിൽ ഒമ്പതിന് മലകയറ്റം ആരംഭിച്ചു. മുൻവർഷം സഞ്ചാരികളില്ലാതിരുന്നതിനാൽ വഴിയറിയാതെ കഠിനമായിരുന്നു യാത്ര. ദിവസങ്ങളെടുത്ത് ക്യാമ്പ് രണ്ടിൽ എത്തുമ്പോഴേക്ക് ഉമേഷും ഷെർപ്പയും മുന്നോട്ടുപോകാനാകാത്ത സ്ഥിതിയിലായി. രാത്രിയിൽ മൈനസ്-20 തണുപ്പും പകൽ മലനിരകളെ കണ്ണാടിപോലെയാക്കുന്ന വെയിലും. രണ്ടാം നാൾ ഉമേഷ് ചുമയ്ക്കുമ്പോൾ ചോര തുപ്പാൻ തുടങ്ങി. കാഴ്ച മങ്ങുന്ന 'സ്നോ ബ്ലൈൻഡും' ബാധിച്ചു. തിരികെ താഴേക്കിറങ്ങാൻ കഴിയാത്ത വിധം കിടപ്പായി. മരണം മുന്നിലെത്തിയതോടെ 'എന്നെ വിട്ടിട്ട് നിങ്ങൾ മടങ്ങിപ്പോയിക്കൊള്ളൂ' എന്ന് ഉമേഷ് സഹായിയോട് പറഞ്ഞു. മരണത്തോടടുക്കുന്ന ആളുകൾക്ക് ഷെർപ്പകളുടെ ആചാരത്തിലുള്ള അന്ത്യപ്രാർഥനയും നടന്നു. ഒറ്റയ്ക്ക് ബേസ് ക്യാമ്പിൽ തിരിച്ചെത്തിയ ഷെർപ്പ ഒടുവിലത്തെ ശ്രമമായി വാക്കിടോക്കിയിലൂടെ വിവരം അധികൃതരെ അറിയിച്ചു. മൃതദേഹം തിരഞ്ഞ് അടുത്തദിവസം പറന്നുയർന്ന ഹെലികോപ്റ്റർ മരണവുമായി മല്ലിട്ടുകിടന്ന ഉമേഷിനെ രക്ഷിക്കുകയായിരുന്നു. എത്തിപ്പെട്ട ആശുപത്രിയിൽ ഒരുദിവസത്തെ ക്വാറന്റീനിന് കൊടുക്കേണ്ടിവന്നത് ഒരുലക്ഷത്തോളം ഇന്ത്യൻ രൂപ. അവിടെനിന്ന് ടാമിളിലെ കോവിഡ് സെന്ററിലേക്ക് മാറിയപ്പോൾ ഡോക്ടറുടെ സേവനമില്ല. അതിന് ലക്ഷങ്ങൾ മുടക്കണം. ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ടെങ്കിലും മറുപടികിട്ടിയില്ല. യു.എ.ഇ.യിൽ ഡെവലപ്മെന്റ് െട്രയിനറായി ജോലിചെയ്യുന്ന ഉമേഷ്, യു.എ.ഇ. എംബസിയുമായി ബന്ധപ്പെട്ടപ്പോൾ എംബസി മാനേജർ നേരിട്ടെത്തി കാര്യങ്ങൾ തിരക്കി. പക്ഷേ, വിമാനയാത്ര സാധ്യമാകുമോയെന്ന് ഉറപ്പായിട്ടില്ല. നേപ്പാളിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒറ്റമുറിയിൽ പ്രതീക്ഷയോടെ ഉറക്കമൊഴിച്ചിരിക്കുകയാണ് ഈ മലയാളിസഞ്ചാരി. Content Highlight: Mount Everest climber Umeshtest positive for COVID-19
from mathrubhumi.latestnews.rssfeed https://ift.tt/3fVcMOn
via
IFTTT
No comments:
Post a Comment