ഫ്ലാറ്റുകളിലെ ഏകാന്തതയിൽ ഗുരുവായൂരിലെ ഈ അമ്മമാർ.... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 23, 2021

ഫ്ലാറ്റുകളിലെ ഏകാന്തതയിൽ ഗുരുവായൂരിലെ ഈ അമ്മമാർ....

ഗുരുവായൂർ: ഇവർ അഗതികളല്ല; അനാഥരുമല്ല, എന്നാൽ, ഗുരുവായൂർ ക്ഷേത്രപരിസരത്തെ ഫ്ലാറ്റുകളിൽ ഈ വയോധികർ ഏകാന്തതയുടെ തടവുകാരാണ്. ഭൂരിഭാഗവും അമ്മമാർ. ക്ഷേത്രത്തിൽനിന്ന്‌ കോവിഡ് കാലം അവരെ അകറ്റി. വല്ലപ്പോഴും വന്നിരുന്ന ബന്ധുക്കളെയും കാണാനില്ല. ഗുരുവായൂർ നഗരസഭയുടെ ’ഒപ്പമുണ്ട് ഞങ്ങൾ’ എന്ന സാന്ത്വന പരിപാടിയുടെ സർവേയിൽ 38 അമ്മമാർ ഫ്ളാറ്റുകളിലും വീടുകളിലും ഒറ്റയ്ക്കു താമസിക്കുന്നുവെന്നാണ് കണ്ടെത്തിയത്.‘‘ മരുന്നും ഭക്ഷണവുമൊക്കെ കിട്ടുന്നുണ്ട്. പക്ഷേ, ഞങ്ങളോട് സംസാരിക്കാൻ ആരുമില്ല..’’ നഗരസഭയുടെ പ്രതിനിധികൾ ചെന്നപ്പോൾ അമ്മമാർ സങ്കടക്കഥകളുടെ കെട്ടഴിച്ചു. സാമ്പത്തികഭദ്രതയുള്ളവരും വിദേശങ്ങളിൽ ജോലിയുള്ളവരുമായ മക്കൾ തന്നെയാണ് അമ്മമാർക്കായി ഫ്ളാറ്റുകൾ എടുത്തുകൊടുത്തിട്ടുള്ളത്. ഗുരുവായൂരപ്പനെ നിത്യവും തൊഴാനുള്ള അമ്മയുടെ മോഹം ’സാധിപ്പിച്ചു’ കൊടുക്കാൻ വേണ്ടിയാണത്രേ ഇത്. മുമ്പ് മിക്ക സമയവും ക്ഷേത്രത്തിൽ കഴിച്ചുകൂട്ടിയിരുന്ന ഇവർ, ക്ഷേത്രം അടച്ചതോടെ തികഞ്ഞ ഏകാന്തതയിലായി.ഫ്ളാറ്റുകളിൽ തനിച്ചാക്കി തിരിഞ്ഞുനോക്കാത്ത മക്കളും അനേകം. ഫ്ളാറ്റുകളിലാണെങ്കിലും ഇതും ഒരു തരം നടതള്ളലാണെന്ന് ചില പൊതു പ്രവർത്തകരെങ്കിലും ചൂണ്ടിക്കാണിക്കുന്നുണ്ട്. തെക്കേനടയിലെ ഒരു ഫ്ളാറ്റിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന പാലക്കാട് സ്വദേശിനിയായ മറവിരോഗമുള്ള അമ്മൂമ്മക്ക് തൊഴുതു മടങ്ങുന്നതിനിടെ താക്കോൽ നഷ്ടപ്പെട്ടു. രണ്ടു ദിവസം ആരോടും പറയാതെ അവർ ഫ്ളാറ്റിന്റെ വരാന്തയിൽ കഴിഞ്ഞു. പരസ്പരം ബന്ധമില്ലാതെ സംസാരിക്കുന്ന അമ്മൂമ്മയുടെ ഉറ്റവരെല്ലാം വിദേശങ്ങളിലാണ്.ഇത്തരം അമ്മമാർക്ക് സാന്ത്വനമായി മാറുകയാണ് നഗരസഭയുടെ ’ഒപ്പമുണ്ട് ഞങ്ങൾ’ പരിപാടി. ഒറ്റപ്പെട്ടവരെ കണ്ടെത്താനും അവരെ നിത്യവും ഫോണിൽ വിളിച്ചന്വേഷിക്കാനും നഗരസഭയിൽ കൗൺസിലിങ് സെന്റർ തുറന്നിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കൗൺസിലർമാരെയാണ് ഇതിന് നിയോഗിച്ചിട്ടുള്ളത്. മക്കൾ എവിടെയാണെന്നും അവർ വിളിക്കാറുണ്ടോ എന്നും അന്വേഷിക്കുമ്പോൾ മിക്കവർക്കും മൗനം. കോവിഡ് കാലത്ത് എല്ലാവർക്കും ഭക്ഷണം എത്തിച്ചുകൊടുക്കുന്നുണ്ട്. എന്നാൽ, അല്പഭക്ഷണം കഴിക്കുന്നവരാണധികം. കഞ്ഞിമാത്രം വെച്ചു കഴിക്കുന്നവരുമുണ്ട്. വലിയൊരു സാമൂഹ്യപ്രശ്നം എന്ന നിലയ്ക്ക് ഒറ്റപ്പെട്ടു കഴിയുന്നവർക്കുള്ള കരുതൽ നഗരസഭയുടെ ഭാഗത്തുനിന്ന് എപ്പോഴും ഉണ്ടാകുമെന്ന് ചെയർമാൻ എം. കൃഷ്ണദാസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/361pMwt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages