തോപ്പുംപടി : കൊച്ചിക്ക് സമീപം കടലിനടിയിൽ മണൽത്തിട്ട രൂപപ്പെട്ടതായി സംശയം. അഴിമുഖത്തിന് സമീപം കൂറ്റൻ മണൽത്തിട്ടയുള്ളതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. കൊച്ചിയിൽ നിന്ന് ഏഴു കിലോമീറ്റർ ദൂരെ കടലിൽ കപ്പൽച്ചാലിന് സമീപത്തായി പുതിയ മണൽത്തിട്ട രൂപം കൊണ്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. എട്ടു കിലോമീറ്റർ നീളവും, മൂന്നര കിലോമീറ്റർ വീതിയുമുള്ള മണൽത്തിട്ടയാണിതെന്ന് വിലയിരുത്തുന്നു. അഞ്ചു കിലോമീറ്റർ നീളം മാത്രമുള്ള കുമ്പളങ്ങിയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിനേക്കാൾ വലിയൊരു 'ദ്വീപ്' തന്നെയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ നാലു വർഷമായി ഈ മണൽത്തിട്ട കടലിൽ കാണപ്പെടുന്നതായി പറയുന്നു. കടലിന്റെ അടിയിലായതിനാൽ പുറമേനിന്ന് നോക്കിയാൽ എളുപ്പത്തിൽ ഇതു കാണില്ല. അതേസമയം 'ഗൂഗിൾ എർത്തി'ൽ ഇതിന്റെ ദൃശ്യങ്ങൾ കൃത്യമായി കാണുന്നുമുണ്ട്. കടലിൽ രൂപപ്പെട്ട മണൽത്തിട്ടയെക്കുറിച്ച് പഠനം നടത്തുമെന്ന് ഫിഷറീസ്-സമുദ്ര പഠന സർവകലാശാലാ (കുഫോസ്) അധികൃതർ പറയുന്നു. അതേസമയം, അവിടെ മണൽത്തിട്ടയൊന്നും രൂപപ്പെട്ടിട്ടില്ലെന്ന് കൊച്ചി തുറമുഖാധികൃതർ പറയുന്നു. 2014-ൽ ഇതുപോലെ ചിലത് ഗൂഗിൾ എർത്ത് ദൃശ്യങ്ങളിൽ കണ്ടിരുന്നു. പിന്നീട് അവ അപ്രത്യക്ഷമായി. പ്രതീകാത്മക ചിത്രം|വര: വിജേഷ് വിശ്വം കടൽകയറ്റത്തിന് കാരണം മണൽത്തിട്ടയോ? ചെല്ലാനത്തെ കടലേറ്റത്തിന് പരിഹാരം കാണുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിനുള്ള ചുമതല ഇപ്പോൾ കുഫോസിനാണ്. ചെല്ലാനത്തേക്ക് കടൽ ഇരച്ചെത്തുന്നതിന് ഇത്തരം മണൽത്തിട്ടകൾ കാരണമാകുന്നുണ്ടോ എന്നും പരിശോധിക്കണം. ഇവിടെ മണൽ അടിഞ്ഞിട്ടുണ്ടെങ്കിൽ അത് ചെല്ലാനത്ത് കടലിനെ പ്രതിരോധിക്കുന്നതിനായി ഉപയോഗപ്പെടുത്താൻ കഴിയും. തീരത്ത് മണൽ ഇല്ലാത്തതാണ് ചെല്ലാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇക്കാര്യങ്ങളൊക്കെ കുഫോസിലെ ശാസ്ത്രജ്ഞർ പരിശോധിക്കും. മണൽത്തിട്ടയെ വിടാതെ പിന്തുടർന്ന് ജൂലപ്പൻ കഴിഞ്ഞ നാലു വർഷമായി കൊച്ചി തീരവുമായി ബന്ധപ്പെട്ട പഠനങ്ങളിലാണ് അഡ്വ. ജൂലപ്പൻ. ചെല്ലാനത്തെ കടൽകയറ്റ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കടലിന്റെയും സമീപ പ്രദേശങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങളും അദ്ദേഹം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. നാലുവർഷം മുമ്പാണ് കടലിലെ ഈ ദൃശ്യം ശ്രദ്ധയിൽപ്പെട്ടതെന്ന് ജൂലപ്പൻ പറയുന്നു. അന്നുമുതൽ ഇതിനെ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും ജൂലപ്പൻ പറയുന്നു. എന്നാൽ, നാലു വർഷമായി തിട്ടയുടെ വലിപ്പത്തിൽ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കടലിൽ കരപോലെ മുങ്ങിനിൽക്കുന്ന ഈ തിട്ടയെക്കുറിച്ച് പഠനം നടത്തിയാൽ അത് തീര സംരക്ഷണത്തിന് പ്രയോജനപ്പെടുമെന്ന വിലയിരുത്തലാണ് ജൂലപ്പന്. അദ്ദേഹമാണ് ഇത് സമുദ്ര ശാസ്ത്രജ്ഞന്മാരുടെയും കുഫോസിന്റെയും ശ്രദ്ധയിൽപ്പെടുത്തിയത്. ചെല്ലാനം കാർഷിക-ടൂറിസം വികസന സൊെസെറ്റി പ്രസിഡന്റുമാണ് അദ്ദേഹം. പഠനം നടത്തും എത്രകാലമായി ഈ മണൽത്തിട്ട രൂപംകൊണ്ടിട്ട്, അത് മണലാണോ, ചെളിയാണോ... എന്നീ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. താമസിയാതെ അവിടെച്ചെന്ന് പഠനം നടത്തും. -ഡോ. റിജി കെ. ജോൺ, കുഫോസ് വൈസ് ചാൻസലർ സാധ്യതയില്ല കപ്പൽ ചാലിനോട് ചേർന്ന് മണൽത്തിട്ട രൂപപ്പെടാൻ സാധ്യതയില്ല. ചെളിയുള്ള സ്ഥലത്ത് മണൽത്തിട്ട സാധാരണ കാണാറില്ല. കടൽവെള്ളത്തിന്റെ നിറംമാറ്റം മൂലം ഉപഗ്രഹചിത്രങ്ങളിൽ ഇങ്ങനെ കാണുന്നതാകും. -മറൈൻ വിഭാഗം, കൊച്ചി തുറമുഖം Content Highlights: Sand deposits near kochi coat
from mathrubhumi.latestnews.rssfeed https://ift.tt/3v2Tr23
via
IFTTT
No comments:
Post a Comment