ഗുരുവായൂർ: 1,500 കോടി രൂപയുടെ സ്ഥിര നിക്ഷേപമുള്ള ഗുരുവായൂർ ദേവസ്വം ശൗചാലയം നവീകരിക്കാൻ വഴിപാടുകാരെ തേടുന്നു. നവീകരണം വഴിപാടായി സമർപ്പിക്കാൻ ആഗ്രഹമുള്ള ഭക്തരെ ക്ഷണിച്ചുകൊണ്ട് ദേവസ്വം പത്രക്കുറിപ്പ് ഇറക്കി. 86.25 ലക്ഷം രൂപയാണ് അടങ്കൽത്തുകയെന്നും സൂചനയുണ്ട്. ദേവസ്വം ഓഫീസിനു മുന്നിലെ പാഞ്ചജന്യം അനക്‌സിനോടു ചേർന്നുള്ള ശൗചാലയമാണ് നവീകരിക്കേണ്ടത്. ഇത്രയും കാലം അത് കരാറടിസ്ഥാനത്തിലായിരുന്നു നടന്നിരുന്നത്. തെക്കേനടയിൽ ദേവസ്വം മെഡിക്കൽ സെന്ററിനടുത്ത് പുതിയൊരു ശൗചാലയം നിർമിച്ചുകൊണ്ടിരിക്കുന്നുണ്ട്. മുംബൈയിലെ സുന്ദരയ്യർ എന്ന ഭക്തനാണ് മൂന്നുകോടി രൂപ അതിന് സംഭാവന നൽകിയിരിക്കുന്നത്. അത് അദ്ദേഹം ദേവസ്വത്തോട് ആവശ്യപ്പെട്ടതായിരുന്നു. ക്ഷേത്രത്തിലും പുറത്തുമുള്ള നിർമാണ പ്രവർത്തനങ്ങളിൽ പലതും ഭക്തരുടെ വഴിപാടുകളായി നിർവ്വഹിക്കപ്പെട്ടിട്ടുള്ളതാണ്. അതൊന്നും ദേവസ്വം രേഖാമൂലം ആവശ്യപ്പെട്ടതുമല്ല. ശീവേലിപ്പുര മുതൽ ഭണ്ഡാരങ്ങൾ വരെ... ഗുരുവായൂരിലെത്തുന്ന തീർഥാടകർക്കുവേണ്ടി സ്ഥിരമായി വഴിപാടു സമർപ്പണങ്ങൾ നടത്തുന്ന ഭക്തർ നിരവധിയാണ്. അതിൽ അംബാനി മുതൽ ചെറുകിട ബിസിനസ്സുകാർ വരെയുണ്ട്. ക്ഷേത്രത്തിനകത്തെ ശീവേലിപ്പുര, തുലാഭാര കൗണ്ടർ, കൂത്തമ്പല നവീകരണം, ക്ഷേത്രത്തിനു പുറത്തെ നടപ്പുരകൾ, അതിലെ ടൈലിടൽ, കല്യാണമണ്ഡപങ്ങൾ, ഭണ്ഡാരങ്ങൾ തുടങ്ങി വഴിപാടു നിർമാണങ്ങളുടെ വലിയ പട്ടിക തന്നെയുണ്ട്. എല്ലാ വർഷവും ആഗസ്ത് എട്ടിന് തമിഴ്‌നാട്ടിലെ കുംഭകോണം ഗുരുവായൂരപ്പ ഭക്ത സേവാസംഘം വലിയ വഴിപാടുകൾ പതിവുണ്ട്. കിഴക്കേനടയിലെ ക്യൂപ്പന്തലടക്കം കുംഭകോണക്കാരുടെ വകയാണ്. അന്നലക്ഷ്മി ഹാളടക്കം നവീകരിച്ചുപണിയാനായി വേറെയും വഴിപാടുകാർ അടുത്തിടെ മുന്നോട്ടുവന്നിട്ടുണ്ട്. ഉത്സവകാലങ്ങളിൽ പ്രസാദ ഊട്ടിനും ദേശപ്പകർച്ചയ്ക്കുമുള്ള ദ്രവ്യങ്ങളും വഴിപാടുകാരുടെ വകയാണ്. ഗുരുവായൂർ ദേവസ്വത്തിന് ഇതിനൊന്നും ചെലവു വരാറില്ല. ഇപ്പോൾ ഒരു വർഷമായുള്ള ലോക്ഡൗൺ കാരണം ദേവസ്വത്തിന് വരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3verO6f
via
IFTTT
No comments:
Post a Comment