തിരുവനന്തപുരം: അഞ്ചുവർഷം മുമ്പ് ഇതേ സെൻട്രൽ സ്റ്റേഡിയത്തിൽ നാല്പതിനായിരത്തിലധികം പേരുണ്ടായിരുന്നു. ഇക്കുറി തിരഞ്ഞെടുത്ത 500 പേരിലേക്കത് ചുരുങ്ങിയപ്പോൾ ആ വി.വി.ഐ.പി. പട്ടികയിൽ ഇടംപിടിച്ച് രാഷ്ട്രീയത്തിനു പുറത്തെ മുഖങ്ങളും. തന്റെ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണംനൽകിയ സുബൈദ ഉമ്മയും നടൻ ഹരിശ്രീ അശോകനുമൊക്കെ ചേർന്നതായിരുന്നു ആ 500.തന്റെ ഉപജീവനമാർഗമായിരുന്ന ആടുകളെ വിറ്റ് കോവിഡ് കാലത്ത് രണ്ടുതവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണംനൽകിയ കൊല്ലം പള്ളിത്തോട്ടം സുബൈദ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മകൾ നിസയ്ക്കും മരുമകൻ സുധീറിനുമൊപ്പം സുബൈദ വ്യാഴാഴ്ച ഉച്ചയ്ക്ക് മുമ്പുതന്നെ തലസ്ഥാനത്തെത്തി. സത്യപ്രതിജ്ഞാ വേദിയിലേക്ക് സുബൈദയ്ക്കു മാത്രമായിരുന്നു പ്രവേശം. ഒറ്റയ്ക്ക് സ്റ്റേഡിയത്തിലേക്കു കടന്ന സുബൈദയെ തിരിച്ചറിഞ്ഞ് മുൻമന്ത്രിമാർ ഉൾപ്പെടെ കുശലം ചോദിച്ചെത്തി. തന്റെ ജീവിതസമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്ത കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാർദനനും ക്ഷണമുണ്ടായിരുന്നെങ്കിലും എത്തിയില്ല. ചടങ്ങിന് നേരിട്ട് സാക്ഷികളാവാൻ ക്ഷണിക്കപ്പെട്ടത് വിഖ്യാത സംവിധായകൻ അടൂർഗോപാലകൃഷ്ണനും നടൻ ഹരിശ്രീ അശോകനുമായിരുന്നു..ഫോക്‌ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ, മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തെയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത, ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർഗ്രിഗോറിയോസ്, കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ള ക്ഷണിക്കപ്പെട്ടവരും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3bKu8er
via
IFTTT
No comments:
Post a Comment