ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്ത് ഓഫീസുകളുള്ള ലക്ഷദ്വീപിൽ തദ്ദേശസ്ഥാപനങ്ങളുടെ അധികാരം ഓരോന്നായി ഇല്ലാതാവുന്നു. അതും ദ്വീപിലെ തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വം നൽകണമെന്ന് കേന്ദ്രസർക്കാർതന്നെ നിയമിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിൽ കെട്ടിക്കിടക്കുമ്പോൾ. ലക്ഷദ്വീപിലെ പഞ്ചായത്തുകളെ ശാക്തീകരിക്കാൻ 2016-ലാണ് എസ്.എസ്. മീനാക്ഷിസുന്ദരം അധ്യക്ഷനും മുൻ കില ഡയറക്ടർ ഡോ. പി.പി. ബാലൻ കൺവീനറുമായി വിദഗ്ധസമിതിയെ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം നിയോഗിച്ചത്. പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരങ്ങളും ഫണ്ടു വിനിയോഗത്തിനുള്ള അനുമതിയും നൽകണമെന്നടക്കം നിർദേശിച്ചുള്ള വിശദമായ റിപ്പോർട്ട് ഇവർ ആ വർഷാവസാനംതന്നെ സമർപ്പിച്ചു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെയാണ് നിലവിലുള്ള അധികാരങ്ങൾതന്നെ കവർന്നെടുത്തുള്ള അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ തീരുമാനം വന്നിട്ടുള്ളത്. ദ്വീപിന്റെ ഭാവിയും വികസനവുമായി ബന്ധപ്പെട്ട ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ അഞ്ചു പ്രധാന മേഖലകളിലെ ഫണ്ടുവിനിയോഗം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി രണ്ടാം യു.പി.എ. സർക്കാരിന്റെ കാലത്ത് 2012-ൽ കേന്ദ്രസർക്കാർ നിർണായക തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിൽക്കൂടുതൽ ആനുകൂല്യങ്ങൾ നൽകണമെന്നാണ് പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ വിദഗ്ധസമിതി ആവശ്യപ്പെട്ടത്. എന്നാൽ, ഇതു നിരാകരിച്ച് ഈ അഞ്ചു മേഖലകളിലെയും ഫണ്ടു വിനിയോഗം മേയ് അഞ്ചിന്റെ ഓർഡിനൻസിലൂടെ അഡ്മിനിസ്ട്രേറ്റർ പിടിച്ചെടുത്തു. ദ്വീപിൽ ആകെ 10 ഗ്രാമപ്പഞ്ചായത്തുകളും 10 ഗ്രാമസഭകളും ഒരു ജില്ലാപഞ്ചായത്തുമാണുള്ളതെന്നും ജനങ്ങൾക്ക് മാതൃകാപരമായി പ്രവർത്തിക്കാൻ ഇതുപോലൊരു സംവിധാനം രാജ്യത്ത് മറ്റൊരിടത്തുമില്ലെന്നും പഞ്ചായത്തീ രാജ് മന്ത്രാലയം സീനിയർ കൺസൾട്ടന്റ് ഡോ. പി.പി. ബാലൻ പറഞ്ഞു. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും ജനപ്രതിനിധികളെയും ജനങ്ങളെയുംകൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോയിരുന്നുവെങ്കിൽ ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നെന്നും ലക്ഷദ്വീപിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി. ഹസ്സൻ മാതൃഭൂമിയോട് പറഞ്ഞു. Content Highlights: Expert committee report about local bodies in Lakshadweep
from mathrubhumi.latestnews.rssfeed https://ift.tt/3fRLOGr
via
IFTTT
No comments:
Post a Comment