കോൺഗ്രസിലെ പ്രമുഖരായ ഗ്രൂപ്പുനേതാക്കൾ രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായി തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും വി.ഡി. സതീശന് തുണയായത് രാഹുൽഗാന്ധിയുടെ നിലപാട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കുപിന്നാലെ പോകാവുന്ന അവസ്ഥയിലല്ല സംസ്ഥാനത്തെ കോൺഗ്രസെന്നും പ്രവർത്തകരുടെയും ജനങ്ങളുടെയും പൊതുവികാരം മനസ്സിലാക്കിയാവണം തീരുമാനമെന്നും കേന്ദ്രനേതാക്കൾക്ക് രാഹുൽ നിർദേശം നൽകി. ഇതോടെ ചെന്നിത്തലയുടെ സാധ്യത അടഞ്ഞു. നേതാക്കളുടെ അഭിപ്രായമറിയാൻ കേരളത്തിലെത്തിയ മല്ലികാർജുൻ ഖാർഗെയും വൈദ്യലിംഗവും ചൊവ്വാഴ്ചരാത്രിതന്നെ സോണിയാഗാന്ധിക്ക് വിശദീകരണം നൽകിയിരുന്നു. വ്യാഴാഴ്ചരാത്രി റിപ്പോർട്ടും നൽകി. മാറ്റത്തിന് അനുകൂലമാണ് പാർട്ടിയിൽ നല്ലൊരു ഭാഗം എന്നായിരുന്നു ഖാർഗെയുടെ കണ്ടെത്തൽ. 21 എം.എൽ.എ.മാരുള്ള കോൺഗ്രസിൽ ഇരുഗ്രൂപ്പുകളും ചെന്നിത്തലയെ പിന്തുണയ്ക്കാനാണ് പൊതുതീരുമാനം കൈക്കൊണ്ടിരുന്നത്. ഖാർഗെയെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടപ്പോൾ ഉമ്മൻചാണ്ടി ഉൾപ്പെടെ എ ഗ്രൂപ്പിലെ നാലുപേരും ഐ ഗ്രൂപ്പിലെ അഞ്ചുപേരും ചെന്നിത്തലയെ പിന്തുണച്ചു. ചെന്നിത്തല തുടരുന്നതിൽ എതിർപ്പില്ലാതിരുന്ന എ ഗ്രൂപ്പിലെ മൂന്ന് യുവ എം.എൽ.എ.മാർ മാറ്റത്തിനെയും അനുകൂലിച്ചു. ഇവർക്കൊപ്പം ഐ ഗ്രൂപ്പിലെ ബാക്കി ഏഴുപേരും മാറ്റംവേണമെന്ന് ആവശ്യപ്പെട്ടു. എ ഗ്രൂപ്പിലെ രണ്ടുപേർ സ്വന്തം പേരുകളും പറഞ്ഞു. ചെന്നിത്തലയ്ക്കൊപ്പം കൂടുതൽ പേരുണ്ടായെങ്കിലും ഈ സാങ്കേതികത്വത്തിലൂന്നിയാണ് മാറ്റംവേണമെന്ന റിപ്പോർട്ട് ഖാർഗെ അതരിപ്പിച്ചത്. സതീശനെ വെള്ളിയാഴ്ച ഉച്ചയോടെ പ്രഖ്യാപിക്കാനിരുന്നെങ്കിലും രാജീവ് ഗാന്ധിയുടെ ചരമവാർഷികദിനമായതിനാൽ ചർച്ച വൈകി. അന്തിമ തീരുമാനം കൈക്കൊള്ളാൻ സോണിയാഗാന്ധിയാണ് രാഹുലിനോട് ആവശ്യപ്പെട്ടത്. നേതൃമാറ്റം വേണമെന്നായിരുന്നു സംഘടനാചുമതയുള്ള എ.െഎ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും നിലപാട്. കേരളത്തിലെ നേതാക്കളെ വിശ്വാസത്തിലെടുത്താവണം തീരുമാനമെന്ന് എ.കെ. ആന്റണിയും അറിയിച്ചു. ഇരുവരുടെയും അഭിപ്രായംകൂടി കേട്ടതോടെ ഇക്കാര്യം കെ.പി.സി.സി. നേതൃത്വത്തെ അറിയിക്കാൻ ശനിയാഴ്ച രാവിലെ രാഹുൽ ഖാർഗെയോട് നിർദേശിച്ചു. പിന്നാലെ സമഗ്ര അഴിച്ചുപണി സംഘടനയിലും സമ്പൂർണ അഴിച്ചുപണിക്കൊരുങ്ങുകയാണ് കേന്ദ്രനേതൃത്വം. കെ.പി.സി.സി. അധ്യക്ഷൻ, യു.ഡി.എഫ്. കൺവീനർ സ്ഥാനങ്ങളാവും ആദ്യം മാറുക. കെ. സുധാകരനെ കെ.പി.സി.സി. അധ്യക്ഷനായും പി.ടി. തോമസിനെയും കെ. മുരളീധരനെയും യു.ഡി.എഫ്. കൺവീനറായും നിലവിൽ വലിയവിഭാഗം ഉയർത്തിക്കാട്ടുന്നുണ്ട്. അശോക് ചവാൻ അധ്യക്ഷനായ സമിതി കേരള നേതാക്കളുമായി സംസാരിച്ച് റിപ്പോർട്ട് കിട്ടിയാലേ ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടാവൂ. ചവാൻ ചെയർമാനും സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസെന്റ് എച്ച്. പാല, ജ്യോതിമണി എന്നിവരും അംഗങ്ങളായ സമിതിയെ മേയ് 12-നാണ് ഹൈക്കമാൻഡ് അഞ്ചുസംസ്ഥാനങ്ങളിലെ തോൽവി പഠിക്കാൻ നിശ്ചയിച്ചത്. പുതുച്ചേരി, അസം സംസ്ഥാനങ്ങളിൽ സമിതി വീഡിയോ കോൺഫറൻസിലൂടെ തെളിവെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/347XvTR
via
IFTTT
No comments:
Post a Comment