കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ടതിൽ സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പ്രചാരണഘട്ടങ്ങളിൽ പുറപ്പെടുവിച്ച നിയന്ത്രണങ്ങൾ എന്തുകൊണ്ട് നടപ്പാക്കപ്പെട്ടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് കമ്മിഷനോട് ചോദിച്ചു. പ്രചാരണഘട്ടത്തിൽ സർക്കാർ കണ്ണടച്ചെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രചാരണസമയത്ത് നിയന്ത്രണം കർശനമായി നടപ്പാക്കാത്തതല്ലേ ഇപ്പോഴത്തെ ദുരിതത്തിന് കാരണമായത്. എന്തു വിലയാണ് അതിന് കൊടുക്കേണ്ടിവരുന്നതെന്ന് നോക്കൂ. 40,000-ത്തിലധികമാണ് ഇപ്പോൾ ഒാരോ ദിവസത്തെയും കോവിഡ് രോഗികളുടെ കണക്ക്. പ്രചാരണസമയത്ത് തിരക്കുകൾ നിയന്ത്രിക്കാനായിരുന്നെങ്കിൽ ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമായിരുന്നേനെയെന്നും കോടതി അഭിപ്രായപ്പെട്ടു.കേരളം കോവിഡിനെ ഫലപ്രദമായി നേരിട്ടതായിരുന്നു. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ നിയന്ത്രണം നഷ്ടമായതോടെയാണ് എല്ലാം കൈവിട്ടുപോയത്. കോടതിയുടെ ഇടപെടൽ ഉണ്ടായതുകൊണ്ടു മാത്രമാണ് വോട്ടെണ്ണൽ ദിവസം പ്രകടനങ്ങളും മറ്റും ഉണ്ടാകാതെപോയതെന്നും കോടതി അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് പോലീസും ശക്തമായ നടപടി സ്വീകരിച്ചത്. കോവിഡിന്റെ രണ്ടാംവരവിന് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമല്ല കാരണമെന്ന് സ്റ്റേറ്റ് അറ്റോർണി അഭിപ്രായപ്പെട്ടു. എന്നാൽ, അതും ഒരു കാരണമല്ലേയെന്ന് കോടതി ചോദിച്ചു. വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയപ്പാർട്ടികൾ ആഹ്ളാദപ്രകടനങ്ങളും യോഗങ്ങളും നടത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് അവസാനനിമിഷം ഹർജി നൽകിയ അഡ്വ. ഡോ. കെ.പി. പ്രദീപിനെ കോടതി അഭിനന്ദിച്ചു.വോട്ടെണ്ണലിന് മുന്നോടിയായി മേയ് ഒന്നുമുതൽ നാലുവരെ പ്രകടനമോ യോഗമോ നടത്തുന്നത് കോടതി വിലക്കിയിരുന്നു. ഈ ഉത്തരവ് കർശനമായി നടപ്പാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷനെയും പോലീസിനെയും കോടതി അഭിനന്ദിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3uyBYPJ
via
IFTTT
No comments:
Post a Comment