കീരിത്തോട് (ഇടുക്കി): വെള്ളപ്പൂക്കളാൽ പൊതിഞ്ഞ അമ്മ സൗമ്യയുടെ മൃതദേഹത്തിനുമുന്നിലിരുന്ന് കൊച്ച് അഡോൺ ഇന്ത്യയുടെയും ഇസ്രയേലിന്റെയും ദേശീയപതാകകൾ ആലേഖനം ചെയ്ത ബാഡ്ജ് നെഞ്ചോടുചേർത്തുപിടിച്ചു. ഇസ്രയേൽ കോൺസൽ ജനറൽ ജൊനാഥൻ സദ്കയാണ് അവന് ഇരുരാജ്യങ്ങളുടെയും ദേശീയപതാകകൾ ആലേഖനംചെയ്ത ബാഡ്ജ് നൽകിയത്. തങ്ങളുടെ നാട്ടിൽ മരിച്ച മാലാഖയോടുള്ള സ്നേഹമായിരുന്നു അത്. മറ്റൊരു നാട് തന്റെ അമ്മയ്ക്കുനൽകിയ സ്നേഹത്തിന്റെ അടയാളമാണിതെന്ന് മനസ്സിലായില്ലെങ്കിലും വിശേഷപ്പെട്ട എന്തോ ഒന്നാെണന്ന തിരിച്ചറിവ് അവനുണ്ടായിരുന്നു. അതുകൊണ്ടാകണം, മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അത് കൈവിട്ടുപോയെങ്കിലും തിരികെ തപ്പിയെടുത്തു. മൃതദേഹം പൊതുദർശനത്തിനുവെച്ചപ്പോൾ എല്ലാവരുടെയും ശ്രദ്ധ അമ്മയ്ക്കരികിലിരുന്ന പത്തുവയസ്സുകാരൻ അഡോണിലായിരുന്നു. കുറച്ചുവർഷങ്ങളായി മറ്റൊരു നാട്ടിലായിപ്പോയ അമ്മയെക്കുറിച്ച് അവൻ എന്നും തിരക്കുമായിരുന്നു. അമ്മ എന്നുവരുമെന്ന് പപ്പയോടും ബന്ധുക്കളോടും ചോദിക്കും. തന്റെ ആദ്യകുർബാനയ്ക്ക് അമ്മ എവിടെയായാലും പറന്നെത്തുമെന്ന വിശ്വാസവും അവനുണ്ടായിരുന്നു. എന്നാൽ, അമ്മ വീട്ടിലെത്തിപ്പോൾ എന്നും ഫോണിലൂടെ കണ്ടുകൊണ്ടിരുന്ന കണ്ണുകൾ അടഞ്ഞിരുന്നു. എന്താ അമ്മ കണ്ണുതുറക്കാത്തതെന്ന ചോദ്യംകേട്ട് ആശ്വസിപ്പിക്കാൻ പോലുമാകാതെ എല്ലാവരുടെയും കണ്ണുനിറഞ്ഞു. സംസ്കാരച്ചടങ്ങുകളിൽ മുഴുവൻ ആ ബാഡ്ജ് അവൻ നെഞ്ചിൽ ചേർത്തുവെച്ചു. അവസാനമായി മുത്തംനൽകി യാത്രയാക്കുമ്പോൾ ആ കുരുന്നുകണ്ണുകളും കണ്ണീരിൽ കുതിർന്നിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3uUFFzk
via
IFTTT
No comments:
Post a Comment