അലൻ വീട്ടിൽ തൃശ്ശൂർ: മണലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്തുള്ള കൊച്ചുവീട്ടിൽ പത്തു വയസ്സുകാരൻ അലൻ ഒറ്റയ്ക്കായി. പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ചതാണ് ആ ചെറിയ വീട്. രണ്ടു ദിവസം മുമ്പ് അലന്റെ അച്ഛൻ ചുള്ളിപ്പറമ്പിൽ സുഭാഷ് കോവിഡ് ബാധിച്ച് മരിച്ചു. അതിന് രണ്ടാഴ്ച മുമ്പ് അമ്മ ജിജിയും കോവിഡ് ബാധിച്ച് മരിച്ചു. ഇരട്ട സഹോദരൻ വർഷങ്ങൾക്ക് മുന്നേ അസുഖം മൂലം മരിച്ചിരുന്നു. അലന് കോവിഡ് ബാധിച്ചെങ്കിലും ഭേദമായി. രണ്ടു വർഷം മുമ്പാണ് അലന്റെ അച്ഛൻ സുഭാഷിന് മണലൂർ സഹകരണ ബാങ്കിന്റെ മൂന്നാം ശാഖയിൽ സ്ഥിരനിയമനം കിട്ടിയത്. ആ ശമ്പളത്തിന്റെ പിൻബലത്തിലാണ് പഞ്ചായത്തിന്റെ സഹായത്തോടെ ചെറിയ വീട് വെച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചയുടനെയാണ് അലന്റെ അമ്മ ജിജി മരിച്ചത്. അതിന്റെ ചടങ്ങ് കഴിഞ്ഞയുടൻ സുഭാഷ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. എന്നാൽ, പിന്നീട് സ്ഥിതി വഷളായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സുഭാഷിന്റെ സഹോദരനും അടുത്ത കാലത്ത് മരിച്ചു. നാട്ടുകാർക്ക് ഏറെ പ്രിയങ്കരനും പൊതുപ്രവർത്തകനുമായിരുന്നു സുഭാഷ്. മണലൂർ പഞ്ചായത്തിലെ നാലാം വാർഡിലാണ് അലന്റെ വീട്. ഇപ്പോൾ വാർഡ് അംഗം രാഗേഷ് കണിയാംപറമ്പിലിന്റെയും നാട്ടുകാരുടെയും തണലുണ്ട് അലന്. മണലൂർ സെയ്ന്റ് ഇഗ്നേഷ്യസ് യു.പി. സ്കൂളിൽ അഞ്ചാം ക്ലാസിലാണ് അലൻ.
from mathrubhumi.latestnews.rssfeed https://ift.tt/3vmHOUO
via
IFTTT
No comments:
Post a Comment