തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗണിൽ നിയന്ത്രണങ്ങൾ കടുക്കും. ഞായറാഴ്ച അർധരാത്രി നിലവിൽവരും. സോണുകളായിത്തിരിച്ച് നിയന്ത്രണചുമതല ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കും. ആൾക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താൻ ഡ്രോൺ പരിശോധനയും ക്വാറന്റീൻ ലംഘിക്കുന്നത് കണ്ടെത്താൻ ജിയോ ഫെൻസിങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറന്റീൻ ലംഘിക്കുന്നവർക്കുമാത്രമല്ല, അതിന് സഹായം നൽകുന്നവർക്കെതിരേയും കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കർശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തൊക്കെ നിയന്ത്രണങ്ങളാണ് വരുത്തുന്നത് എന്നതുസംബന്ധിച്ച് അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ ഉത്തരവിറക്കും. മറ്റ് പത്ത് ജില്ലയിൽ നിലവിലുള്ള ലോക്ഡൗൺ 23 വരെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ഇടങ്ങളിൽ പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴിമാത്രമേ അനുവദിക്കുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടി നിൽക്കുക, മാസ്ക് ധരിക്കാതിരിക്കുക, മറ്റ് കോവിഡ് പ്രോട്ടോകോളുകൾ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമനടപടികൾക്ക് വിധേയമാകും. ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ നടപടികൾക്ക് വാർഡ് സമിതികൾ നേതൃത്വംനൽകണം. അതിൽക്കവിഞ്ഞുള്ള സാമൂഹികപ്രവർത്തനങ്ങളെല്ലാം ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ഇടങ്ങളിൽ പരിപൂർണമായി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണവിതരണത്തിനായി ഹോട്ടലുകൾ തുറക്കുന്നതിന് തടസ്സമുണ്ടാകില്ല. മരുന്നുകട, പെട്രോൾപമ്പ് എന്നിവ തുറക്കും. പാസുവാങ്ങി യാത്രചെയ്യാം. പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ മുതലായവർക്കും പാസുവാങ്ങി അടിയന്തരഘട്ടങ്ങളിൽ യാത്രചെയ്യാം. വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതിയുണ്ട്. ബേക്കറി, പലവ്യഞ്ജനക്കടകൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുന്നതാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രിപ്പിൾ ലോക്ഡൗണിൽ ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും പത്തുമുതൽ ഒന്നുവരെമാത്രം കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തിക്കും. ജില്ലകളുടെ അതിർത്തികൾ അടച്ചിടും. തിരിച്ചറിയൽ കാർഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവർക്കുമാത്രമേ യാത്രാനുമതിയുണ്ടാകൂ. പാൽ, പത്രം തടസ്സമില്ല : ട്രിപ്പിൾ ലോക് ഡൗണുള്ള ജില്ലകളിൽ പത്രവിതരണത്തിന് തടസ്സമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.പത്രം, പാൽ എന്നിവ കഴിവതും രാവിലെ ആറുമണിക്കുമുമ്പ് വീടുകളിൽ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. content highlights:triple lock down in four districts
from mathrubhumi.latestnews.rssfeed https://ift.tt/3hueBmE
via
IFTTT
No comments:
Post a Comment