തിരുവനന്തപുരം: പിണറായി വിജയൻ നേതൃത്വംനൽകുന്ന രണ്ടാം സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കപ്പെട്ട 500 പേരെ മാത്രം പങ്കെടുപ്പിക്കും. ഇതിനായി ലോക്ഡൗൺ ചട്ടങ്ങളിൽ ഇളവുനൽകി പ്രത്യേക ഉത്തരവിറക്കി. വ്യാഴാഴ്ച മൂന്നരയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുമ്പാകെ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ആദ്യം 750 പേരെ ക്ഷണിക്കാനാണ് ആലോചിച്ചത്. തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കേ ഇത്രയുംപേർ ഒത്തുകൂടുന്നതിനെതിരേ വിമർശനമുയർന്നു. തുടർന്നാണ് 500 പേർ മതിയെന്നു തീരുമാനിച്ചത്. മാധ്യമപ്രവർത്തകർ ഉൾപ്പെടെയാണിത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ല. സത്യപ്രതിജ്ഞ ഇപ്പോൾ ആഘോഷത്തിമർപ്പോടെ നടത്താനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, മൂന്നുകോടി ജനങ്ങളുടെ ഭാഗധേയം നിർണയിക്കുന്ന സർക്കാരിന്റെ പ്രാരംഭച്ചടങ്ങിൽ 500 പേർ എന്നത് വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 140 നിയമസഭാ സാമാജികരുണ്ട്. 29 എം.പി.മാരുണ്ട്. ജനാധിപത്യത്തിന്റെ അടിത്തൂണുകളായ ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും എക്സിക്യുട്ടീവിനെയും മാധ്യമങ്ങളെയും ഒഴിവാക്കാനാവില്ല. ന്യായാധിപരെയും ഉദ്യോഗസ്ഥരെയും ക്ഷണിക്കണം. അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടിയെന്ന നിലയിലാണ് എണ്ണം കുറച്ചത്. ഇതിനെ മറ്റൊരു തരത്തിൽ ആരും ചിത്രീകരിക്കരുത് -അദ്ദേഹം അഭ്യർഥിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് 48 മണിക്കൂറിനകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിനേഷൻ എടുത്ത സർട്ടിഫിക്കറ്റ് വേണം. നിയുക്ത എൽ.എൽ.എ.മാർക്ക് ആർ.ടി.പി.സി.ആർ. ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവർ നിർബന്ധമായും ഇരട്ട മാസ്ക് ധരിക്കണം. പ്രത്യേക കാർ പാസുള്ളവർക്ക് മറ്റു പാസുകൾ ആവശ്യമില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3ooDjX7
via
IFTTT
No comments:
Post a Comment